
കർണാടകം: മുതിർന്ന കോൺഗ്രസ്സ് നേതാവും കലബുറഗിയിലെ അലന്ദിൽ നിന്നുള്ള എംഎൽഎയുമായ ബി ആർ പാട്ടീൽ ഭവനനിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി സർഫറസ് ഖാനുമായി നടത്തിയ ഫോൺ സംഭാഷണം ലീക്കായി സോഷ്യൽ മീഡിയയിൽ വൈറലായത് സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കി. രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷൻ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ വിതരണം നേർവഴിക്കല്ല നടക്കുന്നതെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പാട്ടീൽ പരാതിപ്പെടുന്നു. എം എൽ എ മാർ ശുപാർശ ചെയ്താൽ പോലും അർഹതപ്പെട്ടവർക്ക് വീട് ലഭിക്കുന്നില്ല. അതേസമയം കൈക്കൂലി നൽകിയാൽ അർഹതയില്ലാത്തവർക്ക് വീടുകൾ അനുവദിക്കുന്നു. "ഞാൻ ശുപാർശ ചെയ്ത പലർക്കും വീട് കിട്ടിയില്ല. എന്നാൽ എന്റെ കത്തുമായി ചെന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന് കൈക്കൂലി കൊടുത്തപ്പോൾ വീട് അനുവദിക്കുകയും ചെയ്തു. എന്നെപ്പോലുള്ളവരുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അഫ്സൽപുർ മണ്ഡലത്തിൽ മാത്രം 950 വീടുകൾ പണം വാങ്ങി അനുവദിച്ചിട്ടുണ്ട്. വൻ അഴിമതിയാണ് നടക്കുന്നത് " എം എൽ എ ഫോണിൽ പരാതിപ്പെടുന്നു. അങ്ങനെയൊന്നുമില്ലെന്നും ആരെങ്കിലും പണം വാങ്ങിയിട്ടുണ്ടെങ്കിൽ കർശന നടപടി കൈക്കൊള്ളുമെന്നും സർഫറസ് ഖാൻ മറുപടി പറയുന്നു. " പലർക്കെതിരെയും നടപടി എടുക്കേണ്ടി വരും. ഞാൻ വാ തുറന്നാൽ ഗവണ്മെന്റ് ആടിയുലയും" എം എൽഎയുടെ പ്രതികരണത്തിന് ഭീഷണിയുടെ സ്വരം. ഈ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ശബ്ദം തന്റേതുതന്നെയാണെന്ന് ബി ആർ പാട്ടീൽ സമ്മതിച്ചിട്ടുണ്ട്. കോൺഗ്രസ്സ് ഭരണത്തിലെ ദുഷിച്ചുനാറുന്ന അഴിമതിയുടെ അംശമാണ് അവരിൽ നിന്നുതന്നെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി സമീർ അഹമ്മദ് ഖാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിൽ കഴിയുന്ന ബി ആർ പാട്ടീൽ ഇതിനുമുമ്പും ആരോപണങ്ങൾ ഉന്നയിച്ച് സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാന പോളിസി ആൻഡ് പ്ലാനിങ് കമ്മീഷൻ ഉപാധ്യക്ഷനാണ്.
Photo Courtesy - Google











