08:08am 18 July 2026
NEWS
ഭരണം ലഭിച്ചാൽ മുഖ്യൻ സതീശനോ, രമേശോ, അതോ കെ.സിയോ?
17/04/2026  12:33 PM IST
ചെറുകര സണ്ണീലൂക്കോസ്
ഭരണം ലഭിച്ചാൽ മുഖ്യൻ സതീശനോ, രമേശോ, അതോ കെ.സിയോ?

പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കാൻ സമ്മതിദാനാവകാശമുള്ള മഹാഭൂരിപക്ഷം ജനങ്ങളുടെ മനസ്സ്, 30495 ബൂത്തുകളിലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിൽ ഇലക്ഷൻ കമ്മീഷൻ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഇനി മെയ് നാലിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകുന്നതുവരെ ഉൽക്കണ്ഠ ഉള്ളിലൊളിപ്പിച്ച അവകാശവാദങ്ങളുടേയും വിലയിരുത്തലുകളുടേയും സമയമാണ്.

2021 ലേതിനേക്കാൾ കൂടുതൽ എം.എൽ.എമാരുമായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് പിണറായി വിജയൻ, യു.ഡി.എഫിനനുകൂലമായ തരംഗം ഉണ്ടായിട്ടുണ്ടെന്നും നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫിനും എൽ.ഡി.എഫിനും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയായിരിക്കും വരികയെന്നും ബി.ജെ.പിക്ക് ലഭിക്കുന്ന ഏതാനും സീറ്റുകൾ നിർണ്ണായകമാകുമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ പോളിംഗിനുശേഷം അവകാശവാദം മുഴക്കിയിരുന്നു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇത്തവണ നടന്നതെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പല മണ്ഡലങ്ങളിലും ത്രികോണമത്സരത്തിലേക്ക് എത്തിച്ച ബി.ജെ.പിയുടെ മറ്റ് മണ്ഡലങ്ങളിലെയും സ്വാധീനം എൽ.ഡി.എഫിനാണോ യു.ഡി.എഫിനാണോ ഗുണകരമാകുന്നതു എന്നതു നിർണ്ണായകമായിരിക്കും.

അതുപോലെതന്നെ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മൂന്നാം മുന്നണിയായി രംഗത്തുള്ളത് ഭരണവിരുദ്ധ സർക്കാർ വിരുദ്ധവോട്ടുകൾ യു.ഡി.എഫിനും എൻ.ഡി.എയ്ക്കുമായി ഭിന്നിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫ് കരുതുന്നതുപോലെ വലിയ ഒരു ലീഡ് ലഭിക്കണമെന്നില്ല. എൽ.ഡി.എഫ് ഒരു തവണ കൂടി ഭരിക്കുന്നതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്കും ബി.ജെ.പിക്ക് ഭാവി വളർച്ചയ്ക്കും നല്ലതെന്ന ഒരു തീയറി ബി.ജെ.പി പ്രവർത്തകർക്കിടയിൽ സജീവ ചർച്ചയായിരുന്നു. അതുകൊണ്ട് 20 ട്വന്റിയും ബി.ഡി.ജെ.എസും മത്സരിക്കുന്ന മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായി മത്സരിക്കുന്നവർക്കു എൻ.ഡി.എയുടെ വോട്ടുകൾ നൽകുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് പാർട്ടിയുടെ സജീവപ്രവർത്തകരുടേതുമാത്രമായിരിക്കുമെന്നും, ശബരിമല അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയോടും ഭരണത്തോടും രോഷമുള്ള ബി.ജെ.പി അനുഭാവവോട്ടുകൾ എൽ.ഡി.എഫിന് പോയിട്ടില്ലെന്നുമാണ് യു.ഡി.എഫ് നേതാക്കൾ കരുതുന്നത്.

ബി.ജെ.പി കേരളത്തിൽ സ്വാധീനമുറപ്പിച്ചുതുടങ്ങിയ ആദ്യഘട്ടത്തിൽ പരമ്പരാഗതായി യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന നായർ സമുദായാംഗങ്ങളിലേക്കും ഇതര ഹിന്ദു വോട്ടർമാരിലേക്കുമാണ് ബി.ജെ.പി കടന്നുകയറിയത്. ഇത് 2006 മുതൽ 2021 വരെ യു.ഡി.എഫിന്റെ ബഹുജന അടിത്തറയിൽ കാര്യമായ ചോർച്ചയുണ്ടാക്കുകയും, എൽ.ഡി.എഫുമായുള്ള ബലാബലത്തിൽ യു.ഡി.എഫിന് വലിയ ക്ഷീണമുണ്ടാക്കുകയും, അതിന്റെ ഗുണഭോക്താക്കളായി എൽ.ഡി.എഫ് മാറുകയും ചെയ്തിരുന്നു.

2021 നുശേഷം ഉണ്ടായ പ്രവണത ബി.ജെ.പി സംസ്ഥാനത്ത് കൂടുതൽ സ്വാധീനം ഉറപ്പിച്ചു എന്നതാണ്. കേരളത്തിൽ സി.പി.എംന്റെയും സി.പി.ഐയുടേയും പിന്തുണ മിക്കവാറും ഹിന്ദുവിഭാഗങ്ങളിൽ നിന്നാണെന്നത് ഒരു വസ്തുതയാണ്. 2021 നുശേഷം ബി.ജെ.പിയുടെ വളർച്ചയും സ്വാധീനവും ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികളെയും പിന്തുണച്ചിരുന്ന ജനവിഭാഗങ്ങളിലേക്കും വ്യാപിച്ചു. അതിന്റെ നേട്ടമുണ്ടായത് യു.ഡി.എഫിനാണ്. 2024 ലെ ലോക്‌സഭാ ഇലക്ഷനിലും 2025 ലെ തദ്ദേശ ഇലക്ഷനിലും സി.പി.എമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിലും ഈഴവസമുദായത്തിലടക്കം ബി.ജെ.പി കൈവരിച്ച വലിയ മുന്നേറ്റം ഈ നിയമസഭാതെരഞ്ഞെടുപ്പിലും തുടരാനാണ് എല്ലാ സാധ്യതയും.
ബി.ജെ.പി വളരുന്ന പശ്ചാത്തലത്തിൽ യു.ഡി.എഫിന് ക്രിസ്ത്യൻ- മുസ്ലീം ന്യൂനപക്ഷങ്ങളുടെ പരമ്പരാഗത പിന്തുണ വർദ്ധിക്കുകയും ഹിന്ദു വിഭാഗം വോട്ടുകളുടെ ചോർച്ച(എല്ലാ പാർട്ടിയിൽ നിന്നും ബി.ജെ.പിയിലേക്കു പോകുന്നുണ്ടെങ്കിലും) ഏറ്റവും വലിയനഷ്ടം ഇരുകമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമാണുണ്ടാകുക എന്ന് തെളിയിക്കുന്നതുമായിരുന്നു സമീപകാല ഇലക്ഷൻ ഫലങ്ങൾ.

ഇതിനെ മറികടക്കാനും ഹിന്ദുവോട്ടുകളെ പിടിച്ചുനിർത്താനും പല അടവുനയങ്ങളും 2024 ലെ ലോക്‌സഭാ ഇലക്ഷൻ റിസൾട്ട് വന്നശേഷം സി.പി.എം നടത്തുകയുണ്ടായി. മുഖ്യമന്ത്രിയുടെ 'ദി ഹിന്ദു' പത്രത്തിലെ വിവാദ അഭിമുഖം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും കുപ്രസിദ്ധമായ മുസ്ലീം വിരുദ്ധ പ്രസ്താവനകൾ മുതൽ ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതും ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ നിലപാടുമാറ്റിയതും വരെ ഈ അടവു നയങ്ങളുടെ ഭാഗമായിരുന്നു. പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ചുള്ള ഈ അടവുകൾ കൊണ്ട് ബി.ജെ.പിയിലേക്കുള്ള വോട്ടുചോർച്ച തടയാനായോ എന്ന് തെളിയിക്കുന്നതുകൂടിയായിരിക്കും ഈ മെയ് നാലാം തീയതി പുറത്തുവരുന്ന ഫലം.

സമീപകാലത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അധികാരം നേടാനായി ഇടതുപക്ഷമായി കരുതപ്പെട്ടിരുന്ന പാർട്ടികളും, മതസാമുദായിക സംഘടനകളുമായും മതാചാരങ്ങളുമായും ഒത്തുതീർപ്പുകളിലേക്കും കുറുക്കുവഴികളിലേക്കും നീങ്ങുന്നതിന് ഒരു മടിയും കാണിച്ചിരുന്നില്ലെങ്കിലും, ഈ തെരഞ്ഞെടുപ്പിൽ അത് ഒരു പടികൂടി മുന്നോട്ടുപോയി. എൻ.ഡി.എ ഘടകകക്ഷിയായ 20 ട്വന്റിക്ക് എറണാകുളത്തെ രണ്ട് നിയോജകമണ്ഡലങ്ങളിൽ ഏറിയാൽ മൂന്ന് നിയോജക മണ്ഡലങ്ങളിൽ അല്ലാതെ കേരളത്തിലെവിടെയും ഒരു പാർട്ടി പ്രവർത്തകൻ  പോലും ഇല്ലെന്നിരിക്കെ എൻ.ഡി.എ സീറ്റ് വിഭജനത്തിൽ ശബരിമല ഉൾപ്പെടുന്ന റാന്നിയും ബി.ജെ.പി എ ക്ലാസ് ആയി കരുതപ്പെട്ടിരുന്ന ചില മണ്ഡലങ്ങളും ഉൾപ്പെടെ 19 സീറ്റുകൾ വിട്ടുകൊടുത്തത് സി.പി.എമ്മുമായുള്ള ഡീലാണെന്ന ആരോപണം വിവാദത്തിനിടയാക്കി. ഇങ്ങനെയൊരു സീറ്റുവിഭജനത്തിലെ യുക്തിയെന്തെന്ന ചോദ്യത്തിന് ബി.ജെ.പിക്കും, 20 ട്വന്റിക്കും കൃത്യമായ മറുപടിയില്ലാതെ പോയത് ഡീൽ ആരോപണത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. സി.പി.എമ്മിന്റെ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവും ഡീലുണ്ടെന്ന സംശയത്തിനിടയാക്കി. എന്തായാലും ഡീൽ വിവാദം പ്രചാരണകാലത്ത് ആദ്യഘട്ടത്തിൽ എൽ.ഡി.എഫിനെ പ്രതിരോധത്തിലാക്കി.

എന്നാൽ കേരളത്തിലെ മതേതര സമൂഹത്തെ കൂടുതൽ ഞെട്ടിച്ചത് മറ്റൊന്നാണ്. മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ അപ്പാടെ യു.ഡി.എഫിന് പോകാതിരിക്കാൻ എസ്.ഡി.പി.ഐയോടുള്ള സി.പിഎം സമീപത്തിൽ മാറ്റം വന്നു. എൽ.ഡി.എഫിനു നൽകിയിരുന്ന പിന്തുണയിൽ നിന്നുമാറി 2019 മുതൽ യു.ഡി.എഫിന് പിന്തുണ നൽകുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയായ ജമാഅത്ത് ഇസ്ലാമിയെയും, ദീർഘകാലമായി സി.പി.എമ്മുമായി ഏറ്റുമുട്ടലിലായിരുന്ന എസ്.ഡി.പി.ഐ എന്ന സംഘടനയേയും തീവ്രവാദ മുസ്ലീം സംഘടനകളെന്ന് മുദ്രകുത്തി ആർ.എസ്.എസുമായി തുല്യം ചാർത്തി സി.പി.എം അതിനിശിതമായി വിമർശിച്ചുപോന്നിരുന്നതാണ്.

അതേ എസ്.ഡി.പി.ഐയുമായി ഈ തെരഞ്ഞെടുപ്പിൽ ചില രഹസ്യധാരണകളുണ്ടാക്കി എന്ന് പൊതുസമൂഹത്തിന് ബോധ്യമാകും വിധമുള്ള ചില പ്രസ്താവനകളാണ് സി.പി.എമ്മിന്റെ സമുന്നതരായ നേതാക്കളുടെ ഭാഗത്തുനിന്നെല്ലാം ഉണ്ടായത്. മതേതര ജനാധിപത്യമുന്നണിയുടെ വിജയത്തിന് എസ്.ഡി.പി.ഐ പിന്തുണ നൽകുന്നത് ഒരു കളങ്കമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതും, ഇടതുമുന്നണിയുടെ മതേതര നിലപാടിനെ അംഗീകരിച്ച് വോട്ടുചെയ്യാൻ വരുന്നവരാരായാലും അവരെ തടയാൻ കഴിയില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞതും, മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ മുമ്പിൽ നിന്നിരുന്ന പാർട്ടിയാണ് സി.പി.എം എന്ന അവരുടെ അവകാശവാദം വെറും പൊള്ളയാണെന്ന തോന്നലിനിടയാക്കി. വയനാട്, പാലക്കാട് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ ഇതേ നേതാക്കളൊക്കെ എസ്.ഡി.പി.ഐക്കെതിരെ പറഞ്ഞ അതിരൂക്ഷമായ തീവ്രവാദികളെന്ന ആരോപണമൊന്നും മറക്കാൻ സമയമായിരുന്നില്ല.

അതേസമയം ജി. സുകുമാരൻനായരുടേയും വെള്ളാപ്പള്ളിയുടെയും നിശിത വിമർശനം കേൾക്കേണ്ടിവന്ന പ്രതിപക്ഷ നേതാവിന്റെ, എസ്.ഡി.പി.ഐയുടെ വോട്ട് തങ്ങൾക്ക് വേണ്ടെന്ന പ്രസ്താവന പിൻവലിക്കാതെ യു.ഡി.എഫിന് വോട്ടുനൽകില്ലെന്ന് എസ്.ഡി.പി.ഐ പരസ്യപ്രസ്താവന നടത്തുകകൂടി ചെയ്തതോടെ പ്രതിപക്ഷ നേതാവിന്റെ മതേതര പ്രതിച്ഛായ ഉയരുകയും ചെയ്തു.
തിരഞ്ഞെടുപ്പുവരുമ്പോൾ ജനാധിപത്യ പാർട്ടികളിൽ സീറ്റ് മോഹിച്ച് കിട്ടാതെ വരുന്നവർ മറുകണ്ടം ചാടുന്നതും അങ്ങനെയുള്ളവരെ വരവേറ്റ് ചിലർക്ക് സ്ഥാനമാനങ്ങളും, എൽ.ഡി.എഫിന് വിജയപ്രതീക്ഷ തീരെ ഇല്ലാത്ത മണ്ഡലങ്ങളാണെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാക്കുന്നതും കേരളത്തിലെ പതിവ് കാഴ്ചയായിരുന്നു. എന്നാൽ ഇത്തവണ സംഘടന കെട്ടുറപ്പിനും പ്രത്യയശാസ്ത്രനിഷ്ഠയ്ക്കും പേരുകേട്ട കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ദീർഘകാല പാരമ്പര്യമുള്ള നിരവധി നേതാക്കൾ കോൺഗ്രസ് മുന്നണിയിലേക്കോ ബി.ജെ.പിയിലേക്കോ പോയി എന്നത് കേവലം പാർലമെന്ററി വ്യാമോഹത്തിൽ ഒതുക്കിനിർത്താവുന്ന കാര്യം എന്നതിനേക്കാൾ പാർട്ടി സംഘനയ്ക്ക് സംഭവിച്ച ദൗർബല്യവും ജീർണ്ണതയുമാണെന്നതും പരിശോധിക്കാതെ ഇനി ഇടതുപാർട്ടികൾക്ക് മുന്നോട്ടുപോകാൻ കഴിയില്ല.

2021 ൽ ചില സിറ്റിംഗ് എം.എൽ.എമാരെ ഒഴിവാക്കുന്നതിനുവേണ്ടി തവണവ്യവസ്ഥയും പ്രായപരിധി വ്യവസ്ഥയും കർക്കശമാക്കിയപ്പോൾ സി.പി.എം അനുഭാവമുള്ള മാധ്യമപ്രവർത്തകരും സാംസ്‌ക്കാരിക പ്രവർത്തകരും ധീരമായ നടപടിയെന്ന് അതിനെ വിശേഷിപ്പിച്ചു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി ലഭിച്ചതോടെ പ്രായപരിധിയിലും തവണവ്യവസ്ഥയിലും ചിലർക്കെല്ലാം ഇളവ് പ്രഖ്യാപിച്ചു. അപ്പോൾ 2021 ലെ സ്ഥാനാർത്ഥി നിർണ്ണയത്തെ പ്രശംസിച്ചവർ തന്നെ ഈ നടപടിയേയും വാഴ്ത്തി. ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും സിറ്റിംഗ് എം.എൽ.എമാരോട് അതത് മണ്ഡലങ്ങളിലെ ജനങ്ങൾക്ക് എതിർപ്പൊന്നുമില്ലെന്ന നരേറ്റീവ് പിന്നീട് എല്ലാവരും ഏറ്റെടുത്തു.

മുസ്ലീംലീഗ് നേതാവായിരുന്ന കാരാട്ട് റസാഖിനെയും കോൺഗ്രസ് നേതാവായിരുന്ന പി.വി. അൻവറേയും  സ്വതന്ത്ര എം.എൽ.എമാരാക്കിയത് എൽ.ഡി.എഫ് ആണ്. അവർ ഇരുവരും അടുത്തകാലത്താണല്ലോ തിരിച്ചുപോയത്. അപ്പോഴാണ് താനൂരിൽ നിന്ന് 2016 ലും 2021 ലും സി.പി.എം സ്വതന്ത്രനായി എം.എൽ.എയായ മുൻകോൺഗ്രസ് നേതാവ് വി. അബ്ദുറഹ്മാന് സി.പി.എം മൂന്നാംതവണയും താനൂരിൽ സീറ്റ് നൽകിയതിഷ്ടപ്പെടാതെ അദ്ദേഹം പാർട്ടിയെ വെല്ലുവിളിച്ചത്.  തിരൂർ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ആ സമ്മർദ്ദത്തിന് വഴങ്ങാൻ സി.പി.എമ്മിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അരനൂറ്റാണ്ടിലേറെ പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്ന ജി. സുധാകരനും, ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും മറ്റും പുറത്തേക്ക് വന്ന് പ്രതികരിക്കാൻ തയ്യാറായവരാണെങ്കിൽ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിൽ വലതുവ്യതിയാനത്തിൽ അസംതൃപ്തിയും അമർഷവുമുള്ള ഇന്നലെവരെ സി.പി.എംന് മാത്രം വോട്ടുചെയ്തിരുന്ന ഒരുപാട് ആളുകളുടെ വോട്ട് ഇത്തവണ സി.പി.എംനും എൽ.ഡി.എഫിനും നഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

തദ്ദേശ ഇലക്ഷനിൽ പ്രകടമായ ഭരണവിരുദ്ധ വികാരം, ബി.ജെ.പിയിലേക്കുള്ള വോട്ടുചോർച്ച, ബി.ജെ.പി, എസ്.ഡി.പി.ഐ എന്നീ കക്ഷികളുമായുള്ള ഡീൽ വിവാദം, തുടർഭരണം കൂടുതൽ ദുഷിപ്പിക്കുമെന്നു കരുതുന്ന പാർട്ടിയിലെ നിശബ്ദ പ്രതിഷേധക്കാരുടെ നിഷേധവോട്ടുകൾ തുടങ്ങിയ പ്രതികൂല ഘടകങ്ങളെയെല്ലാം മറികടന്ന് വോട്ടർമാരുടെ മനസ്സ് അനുകൂലമാക്കി മാറ്റുക എന്ന വെല്ലുവിളിയാണ് സി.പി.എമ്മും എൽ.ഡി.എഫും നേരിട്ടത്.

തദ്ദേശ തിരഞ്ഞെടുപ്പുഫലം വന്നശേഷം ലഭിച്ച പരിതമായ സമയം കൊണ്ട് ഏറ്റവും അവസാനം ട്രെൻഡ് നോക്കി വോട്ട് ആർക്ക് ചെയ്യണം എന്ന് തീരുമാനമെടുക്കുന്ന ചെറിയ ശതമാനം വോട്ടർമാരെ സ്വാധീനിക്കാൻ സർക്കാർ 10 വർഷം കൊണ്ട് സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഉണ്ടാക്കിയതെന്നും, വർഗ്ഗീയ കലാപം ഉണ്ടാകാത്ത പത്തുവർഷം, കറണ്ടുകട്ടില്ലാത്ത വർഷങ്ങൾ, സർക്കാർ സ്‌ക്കൂളുകൾക്കം സർക്കാർ ആശുപത്രികൾക്കും കിഫ്ബി മനോഹരമായ കെട്ടിടങ്ങൾ പണിതകാലം, റോഡുകളെല്ലാം കുണ്ടും കുഴിയുമില്ലാത്ത മനോഹരമായ കാലം, ദേശീയ പാത വികസനം, വിഴിഞ്ഞം തുറമുഖം, ഗെയിൽ പദ്ധതി തുടങ്ങി വ്യത്യസ്തമായ ഒരു കേരളം സൃഷ്ടിച്ചെന്നും അത്ഭുതകരമായ പരസ്യപ്രചാരണത്തിന്റെ സർവ്വ സാധ്യതകളും സർക്കാർ ഇൻഫർമേഷൻ വകുപ്പും ഇടതുമുന്നണിയും ഉപയോഗപ്പെടുത്തി.

അതിനേക്കാൾ പ്രധാനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എന്ന നായകനെ ഉയർത്തിക്കാട്ടിയുള്ള പ്രചാരണം. കാസർഗോഡ് മുതൽ കന്യാകുമാരി വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ഹോർഡിംഗുകളിൽ സ്ഥാപിച്ചിട്ടുള്ള ചിത്രം ഒരോ കിലോമീറ്ററിലും കണാതെ ദേശീയ പാതയിലോ സംസ്ഥാന പാതയിലോ സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ സി.പി.എം അതിന്റെ ഭരണശേഷിയും വിഭവശേഷിയും സംഘടനാശേഷിയും പരമാവധി ഭരണത്തുടർച്ച ലക്ഷ്യമാക്കി ഉപയോഗപ്പെടുത്തുകയുണ്ടായി.

എൻ.ഡി.എ പ്രത്യേകിച്ച് ബി.ജെ.പി ഏതാനും എം.എൽ.എ മാരെ ഇത്തവണ നിയമസഭയിലെത്തിക്കണമെന്ന വാശിയിൽ പരസ്യപ്രചാരണം മുതൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും കിറ്റുംവരെ വിതരണം ചെയ്തതിനും കേരളം സാക്ഷിയായി. ഏതാനും എം.എൽ.എമാരെ വിജയിപ്പിക്കാൻ ഡീലുണ്ടാക്കിയിരുന്നോ? അതുകൊണ്ട് ഫലമുണ്ടായോ? എന്നെല്ലാം റിസൾട്ട് വന്നാലേ അറിയാൻ കഴിയൂ.
എന്നാൽ 10 വർഷം ഭരണത്തിന് പുറത്തായിരുന്ന കോൺഗ്രസും മുസ്ലീം ലീഗും ബൂത്തുതലം വരെ നാളിതുവരെ ഇല്ലാത്ത വിധം കഠിന പ്രയത്‌നമാണ് തിരഞ്ഞെടുപ്പ് വിജയത്തിനായി നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം നൽകിയ പ്രതീക്ഷയും ആവേശവും ഉൾക്കൊണ്ട് എണ്ണയിട്ട യന്ത്രം പോലെ കോൺഗ്രസ്- ലീഗ് യു.ഡി.എഫ് അണികൾ പ്രവർത്തിച്ചത് എൽ.ഡി.എഫിന്റെ പ്രചണ്ഡമായ പ്രചാരണത്തെ ഒരു പരിധിവരെ തടുത്തുനിർത്തി.

മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്ഥാനാർത്ഥിത്തം ആഗ്രഹിച്ച് കോൺഗ്രസ് പാർട്ടിയെ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചെങ്കിലും ഒടുവിൽ പാർട്ടിക്ക് വഴങ്ങിയത് യു.ഡി.എഫിന് ആശ്വാസമായി. സ്ഥാനാർത്ഥിത്തം ലഭിക്കാത്തതിനെ തുടർന്ന് ഒരു ഡസൻ രണ്ടാംനിര നേതാക്കളെങ്കിലും പാർട്ടി വിടുകയും, ചിലർ എൽ.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ സ്ഥാനാർത്ഥികളായെങ്കിലും അതൊന്നും കോൺഗ്രസിനെ സാരമായി ബാധിച്ചില്ല.

എന്നാൽ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം എന്ന് രമേശിന്റെ അടുത്ത സുഹൃത്തുക്കളായ മുതിർന്ന നേതാക്കൾ കെ. സുധാകരനും, പ്രൊഫ. പി.ജെ. കുര്യനും പ്രചാരണകാലത്ത് ആവശ്യപ്പെട്ടത് മാധ്യമങ്ങൾ വിവാദമാക്കാൻ ശ്രമിച്ചത് യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കാൻ പോന്നതായിരുന്നെങ്കിലും, മുഖ്യമന്ത്രിക്കസേര ആഗ്രഹിക്കുന്നവരെന്ന് പറയപ്പെടുന്ന രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരു തർക്കവുമുണ്ടാകാതെ എല്ലാം ഇലക്ഷൻ ഫലം വന്നശേഷം എന്ന് ഉറപ്പിച്ചു പറഞ്ഞതുകൊണ്ട് വിവാദം കെട്ടടങ്ങി. ഏതായാലും കോൺഗ്രസിനും യു.ഡി.എഫിനും തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ ഒരുടീമെന്ന നിലയിൽ പതിവില്ലാത്ത വിധം ഐക്യം പ്രകടിപ്പിക്കാനായി എന്നത് വസ്തുതയാണ്.

എന്നാൽ യു.ഡി.എഫിന് കേവലഭൂരിപക്ഷം ആയിക്കഴിഞ്ഞാലാണ് ഇനി കോൺഗ്രസിന്റെ നേതാക്കളുടെ തനിനിറം കാണാൻ പോകുന്നത്. രമേശ് ചെന്നിത്തല തനിക്ക് മുഖ്യമന്ത്രിയാകണമെന്ന് നേതൃത്വത്തിൽ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചുകഴിഞ്ഞു. അതിനദ്ദേഹം പാർട്ടിയിലെ സീനിയോറിറ്റിയും പാരമ്പര്യവും പരിചയസമ്പത്തും ചൂണ്ടിക്കാണിക്കുന്നു. എൻ.എസ്.എസ്- എസ്.എൻ.ഡി.പി നേതൃത്വത്തിന്റെ അഭിപ്രായങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് അവർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ജനകീയ അടിത്തറ തകർന്ന യു.ഡി.എഫിനെ അഞ്ചുവർഷം കൊണ്ട് പുനരുജ്ജീവിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശ്വാസ്യതയും തന്ത്രങ്ങളും കഠിനാദ്ധ്വാനവും കൊണ്ടാണെന്നും, പുതിയ സർക്കാർ വന്നാൽ ഭരണം നടത്തുന്നത് എങ്ങനെയാവും എന്ന് ജനങ്ങൾക്ക് ഉറപ്പുകൊടുത്തിട്ടുള്ളത് സതീശനായതുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രിയാകേണ്ടത് സ്വാഭാവിക നീതിയാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

യു.ഡി.എഫിനെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗങ്ങളുടെയും പാർശ്വവൽക്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളുടെയും യുവാക്കളുടെയും രാഷ്ട്രീയത്തിനതീതമായി യു.ഡി.എഫിനെ പിന്തുണച്ച നിഷ്പക്ഷമതികളുടെയും പിന്തുണയും വി.ഡി. സതീശനാണെന്നും ഇവർക്ക് വാദമുണ്ട്.
എന്നാൽ കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങളിലെല്ലാം ഇടപെട്ട് തന്റെ സാന്നിദ്ധ്യം സജീവമായി നിലനിർത്തുന്ന കെ.സി. വേണുഗോപാലിന്റെ ആത്യന്തികലക്ഷ്യവും കേരളത്തിലെ മുഖ്യമന്ത്രിക്കസേരയാണെന്നത് കോൺഗ്രസ് രാഷ്ട്രീയം അടുത്തുനിന്ന് കാണുന്ന എല്ലാവർക്കുമറിയാം. സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയും എന്ന നിലയിൽ പ്രവർത്തിച്ച് പരിചയമുള്ള കെ.സി. 2017 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയും കോൺഗ്രസിൽ രാഹുൽഗാന്ധിക്ക് ഏറ്റവും വിശ്വാസമുള്ള അടുത്ത സഹപ്രവർത്തകനുമാണ്. കെ.സി. വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറിയായശേഷം കോൺഗ്രസ് ദേശീയ നേതൃത്വത്തിലെ തലയെടുപ്പുള്ള നിരവധി മുതിർന്ന നേതാക്കൾ നിഷ്പ്രഭരാകുകയോ നിശബ്ദരാകുകയോ ചെയ്തു. അതിന്റെ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കുതന്നെയാണെങ്കിലും, പേരുദോഷവും ശത്രുതയും കൂടുതലും ലഭിച്ചത് കെ.സിക്കാണ്.

സച്ചിൻപൈലറ്റിന്റെയടക്കം പല പേരുകളും സംഘടനാസെക്രട്ടറി സ്ഥാനത്തേക്ക് പറയപ്പെടുന്നുണ്ട്. കെ.സിയുടെ മാറ്റം ഉത്തരേന്ത്യയിലെ പല നേതാക്കളും ആഗ്രഹിക്കുന്നുണ്ട്. ഇതേക്കുറിച്ചൊക്കെ കെ.സിക്കുമറിയാം. അതിനാൽ കേരളരാഷ്ട്രീയത്തിലേക്ക് ഒരു ചുവടുമാറ്റം കുറേക്കാലമായി കെ.സി ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയാകണം എന്ന് കെ.സി ആഗ്രഹം പ്രകടിപ്പിച്ചാൽ രാഹുൽ നോ പറയില്ലെന്നാണ് കെ.സിയുടെ ആരാധകർ പറയുന്നത്.

പാർട്ടി നടപടിക്രമം അനുസരിച്ച് തിരഞ്ഞെടുപ്പുഫലം വന്ന് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ ഹൈക്കമാൻഡ് കേന്ദ്ര നിരീക്ഷകരെ അയയ്ക്കുകയും അവർ എം.എൽ.എമാരുടെയും, ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം ആരായുകയും, അതിന്റെ റിപ്പോർട്ട് കോൺഗ്രസ് പ്രസിഡന്റിന് നൽകുകയും ചെയ്യും. കോൺഗ്രസ് പ്രസിഡന്റ് പാർട്ടി ലീഡർ രാഹുൽഗാന്ധിയുടെയും മറ്റ് പ്രധാന നേതാക്കളുടെയും അഭിപ്രായം ആരാഞ്ഞശേഷം മുഖ്യമന്ത്രി ആരാകണം എന്ന പ്രഖ്യാപിക്കും. എം.എൽ.എമാരുടെ അഭിപ്രായം രഹസ്യമായിട്ടായിരിക്കും കേന്ദ്ര നിരീക്ഷകർ ആരായുക.
മുഖ്യമന്ത്രി പദവിയിലേക്കില്ലാതെ ഉപമുഖ്യമന്ത്രിയാകാനോ ആഭ്യന്തര മന്ത്രിയാകാനോ ഒന്നും താനില്ലെന്ന് രമേശ് ചെന്നിത്തല അറിയിക്കേണ്ടവരെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ടര വർഷമെങ്കിലും അദ്ദേഹം മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നുണ്ട്. ഈ മൂന്ന് നേതാക്കളും പഴയ ഐ ഗ്രൂപ്പുകാരായതുകൊണ്ട് ഉമ്മൻചാണ്ടി ശിഷ്യരായ പഴയ എ ഗ്രൂപ്പുകാരുടെ നിലപാട് നിർണ്ണായകമാകും.

സ്വാഭാവികനീതി എന്താണോ അതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കപ്പെടട്ടെയെന്ന നിലപാടിലാണ് വി.ഡി. സതീശൻ. എന്നാൽ സതീശന് അവസരം നിഷേധിച്ചാൽ പൊതു സമൂഹത്തിൽ നിന്ന് പണ്ട് സി.പി.എം, വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ എതിർപ്പുണ്ടായതുപോലെ എതിർപ്പ് ഉണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. തർക്കം രൂക്ഷമായാൽ കെ.സി. വേണുഗോപാലിന്റെ നിലപാട് നിർണ്ണായകമാകും. അത് സ്വന്തം ഭാവികൂടി മുന്നിൽ കണ്ടുള്ളതാവും. രണ്ടുതവണ സംസ്ഥാനത്ത് മന്ത്രിയായ രമേശിന്റെ ഭരണപരിചയം കണക്കിലെടുക്കണമെന്ന് യു.ഡി.എഫിനോട് ആഭിമുഖ്യമുള്ള മുതിർന്ന ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെ പാർലമെന്ററി പാർട്ടിയോഗം ചേർന്ന് 10 മിനിട്ടുകൊണ്ട് തീരുമാനിക്കണമെങ്കിൽ അതിന് മുമ്പ് സമവായത്തിന് വേണ്ടി ഒരുപാട് കൂടിയാലോചനകൾ വേണ്ടിവരും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img