
ദോഹ:ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ(IEI) വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മാതൃദിനാഘോഷവും 'സ്മാർട്ട് പാരന്റിംഗ്' ബോധവൽക്കരണ സംവാദവും സംഘടിപ്പിച്ചു. ആധുനിക കാലത്തെ കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെനടന്ന പരിപാടി IEI ചെയർമാൻ എഞ്ചിനീയർ അബ്ദുൾ സത്താർ ഉദ്ഘാടനം ചെയ്തു.
ദോഹ എക്സലൻസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ എഞ്ചിനീയർ പ്രൊഫസർ ദിൽബ മിദ്ലാജ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ നൂർ അഫ്‌സ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
പ്രശസ്ത കൗൺസിലറും ലൈഫ് കോച്ചുമായ ഡോ. സുജയിൽ കുറ്റ്യാടി 'സ്മാർട്ട് പാരന്റിംഗ്' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും സംവാദ സെഷനും നയിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകസാഹചര്യങ്ങളിൽ മാതാപിതാക്കൾ നേരിടുന്ന മാനസികവും പ്രായോഗികവുമായ വെല്ലുവിളികളെ അദ്ദേഹം സവിശേഷമായി വിശകലനം ചെയ്തു. കുടുംബങ്ങളിൽ ആരോഗ്യകരമായ ആശയവിനിമയം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും, കുട്ടികളിൽ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുംരൂപപ്പെടുത്തുന്നതിൽ സ്നേഹവും നിയന്ത്രണങ്ങളും എങ്ങനെ സമതുലിതമായി കൊണ്ടുപോകണമെന്നും അദ്ദേഹം വിശദീകരിച്ചു.
IEI എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയർ എ.കെ. ശർമ്മ, എഞ്ചിനീയർ അസീം സലാഹുദ്ദീൻ, എഞ്ചിനീയർ റിനോ, ഒറിക്സ് (ORYX) സർവകലാശാലയിലെ ഡോ. പ്രൊഫ്. നൂറുദ്ദീൻ, ഡോ. അഫ്‌റീൻ, ഡോ. നഹീദ് അക്തർ, എഞ്ചിനീയർ എം. അഹമ്മദ്, ഡോ. സാമു ശിവരാജൻ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.എഞ്ചിനീയർ സുഫിയ റിയാസ് സ്വാഗതവും
എഞ്ചിനീയർ ലുലു നിഷ്മ നന്ദിയുംപറഞ്ഞു.










