08:30pm 08 September 2026
NEWS
ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍
07/09/2026  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഐഇഡിസി ഉച്ചകോടി ഇനോവേഷന്‍ ബിയോണ്ട് ദി ഫ്യൂച്ചര്‍ തൃശൂരില്‍

തൃശ്ശൂർ: ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി-യുവ സംരംഭകത്വ സംഗമമായ ഐഇഡിസി (ഇനോവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്റ് സെന്റര്‍) സമ്മിറ്റ് 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച തൃശ്ശൂർ കൊടകര സഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടക്കും. "ഇനോവേഷൻ ബിയോണ്ട് ദ ഫ്യൂച്ചർ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തിലധികം യുവ പ്രതിഭകളും വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരും വ്യവസായ പ്രമുഖരും പങ്കെടുക്കും.

ഉച്ചകോടിയുടെ ഭാഗമായി സെപ്റ്റംബർ 26-ന് പതിനാല് ജില്ലകളിലെയും ഐഇഡിസി ജില്ലാ ക്ലസ്റ്റർ കോർഡിനേറ്റർമാരുടെ സംസ്ഥാനതല യോഗത്തില്‍ മുഖ്യമന്ത്രി വി. ഡി. സതീശന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംരംഭകത്വ- നൂതനത്വ പ്രവർത്തനങ്ങളിൽ തുടക്കക്കാർക്ക് സഹായം ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 28-ന് നടക്കുന്ന ഐഇഡിസി സമ്മിറ്റ് 2026 വ്യവസായ, വാണിജ്യ, ഐടി, എഐ, സ്റ്റാർട്ടപ്പ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ 14 ജില്ലകളിലെ 14 ക്ലസ്റ്ററുകളിലായി പ്രവർത്തിക്കുന്ന 601 ഐഇഡിസികൾ, 1,000-ലധികം നോഡൽ ഓഫീസർമാർ, 4,000-ലധികം സ്റ്റുഡന്റ് ലീഡുകൾ, 250-ലധികം സ്റ്റാർട്ടപ്പുകൾ, 5,000-ലധികം പുതിയ ആശയങ്ങള്‍ തുടങ്ങിയവയുടെ ഒത്തു ചേരലാണ് ഉച്ചകോടിയിലൂടെ നടക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള എഴുപതിലധികം വിദഗ്ധര്‍ പരിപാടിയിൽ സംസാരിക്കും.

ഉച്ചകോടിയുടെ സമാപന ദിവസമായ സെപ്റ്റംബർ 29-ന് കേരള സ്റ്റാർട്ടപ്പ് മിഷനും ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഹയർ എജ്യുക്കേഷൻ ഇന്നൊവേഷൻ ലീഡേഴ്‌സ് ആൻഡ് നോഡൽ ഓഫീസേഴ്‌സ് കോൺക്ലേവ് നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലും അക്കാദമിക് പാഠ്യപദ്ധതിയിലും സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പ് ലോകത്തെക്കുറിച്ചുള്ള പ്രായോഗിക വിജ്ഞാനം നല്‍കുകയാണ് ഐഇഡിസി ഉച്ചകോടിയുടെ ലക്ഷ്യം. മുൻപരിചയമില്ലാത്തവർക്ക് പോലും പ്രയോജനപ്പെടുന്ന വിധത്തിൽ ശിൽപ്പശാലകൾ, വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, ലേണിംഗ് സ്റ്റേഷനുകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

പ്രോജക്ടുകളും ആശയങ്ങളും സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കാനും, വ്യവസായ പ്രമുഖരിൽ നിന്നും നിക്ഷേപകരിൽ നിന്നും നേരിട്ട് മാർഗനിർദേശങ്ങൾ നേടാനും വിദ്യാർത്ഥികൾക്ക് ഉച്ചകോടിയിലൂടെ അവസരം ലഭിക്കും. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നൂതന ആശയങ്ങൾ വികസിപ്പിക്കുന്നവർക്കും കഴിവുകൾ തെളിയിക്കാനുള്ള വേദിയായിരിക്കും ഉച്ചകോടി.

കൂടുതൽ വിവരങ്ങൾക്ക്  https://iedcsummit.in

എന്ന വെബ്സൈറ്റിലോ  iedckerala@startupmission.in,  

അല്ലെങ്കിൽ  iedcsummit@sahrdaya.ac.in  എന്നീ ഇമെയിൽ വിലാസങ്ങളിബന്ധപ്പെടാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img