
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ബാലന് മദ്യം നൽകിയ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി അറസ്റ്റിലായത്. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയെ ആണ് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരന് യുവതി നിർബന്ധിച്ച് മദ്യം നൽകുകയായിരുന്നു എന്നാണ് വിവരം. ഇരുപത്താറുകാരിയായ പ്രിയങ്ക എന്തിനാണ് ബാലന് മദ്യം നൽകിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടിൽ വച്ചാണ് പന്ത്രണ്ടുകാരന് മദ്യം നൽകിയത്. കട്ടൻ ചായ ആണെന്നു വിശ്വസിപ്പിച്ചാണ് യുവതി കുട്ടിയെ കൊണ്ട് മദ്യം കുടിപ്പിച്ചത്. കുടിക്കാൻ വിസമ്മതിച്ച കുട്ടിയെ നിർബന്ധിച്ചാണ് മദ്യം കഴിപ്പിച്ചത്.
മദ്യം ഉള്ളിൽ ചെന്നതോടെ കുട്ടി മയങ്ങി വീണു. ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ കാര്യം തിരക്കി. അപ്പോഴാണ് പ്രിയങ്ക മദ്യം നൽകിയ വിവരം കുട്ടി പറഞ്ഞത്. തുടർന്ന് വീട്ടുകാർ പീരുമേട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്താണ് പൊലീസ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി.











