12:54pm 12 November 2026
NEWS
വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച കേസിൽ ചെറുമകനും പെൺസുഹൃത്തും അറസ്റ്റിൽ
24/12/2025  08:29 AM IST
nila
 വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച കേസിൽ ചെറുമകനും പെൺസുഹൃത്തും അറസ്റ്റിൽ

ഇടുക്കിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും മോഷ്ടിച്ച കേസിൽ വയോധികയുടെ ചെറുമകനും പെൺസുഹൃത്തും അറസ്റ്റിൽ. രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ അമ്മ മറിയക്കുട്ടി (80)യെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മറിയക്കുട്ടിയുടെ മകളുടെ മകൻ സൈബു തങ്കച്ചൻ (33), ഇയാളുടെ പെൺസുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില (31) എന്നിവരെയാണ് പാലക്കാട് എസ്‌എച്ച്ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പാലക്കാട് ഒളിവിൽ കഴിയവെയാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ സരോജ (സോണിയ)യെ മണർകാടുനിന്ന്‌ മുമ്പ് പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയായ കോട്ടയം സ്വദേശി അൽത്താഫ് ഒളിവിലാണ്.

ഡിസംബർ 16-നാണ് പ്രതികൾ നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ചനടത്തിയത്. ടോമിയുടെ മാതാവ് മറിയക്കുട്ടി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് ഊണ് മേശയിൽ കെട്ടിയിട്ടശേഷമായിരുന്നു മോഷണം. ഒരു പവൻ തൂക്കം വരുന്ന മൂന്നു സ്വർണമോതിരങ്ങളും അലമാരയിൽ ഉണ്ടായിരുന്ന 3,000 രൂപയും അനില, സോണിയ, അൽത്താഫ് എന്നിവർ ചേർന്ന് മോഷ്ടിച്ചത്. അറസ്റ്റിലായ പ്രതികളെ അടിമാലി കോടതി റിമാൻഡുചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img