
പ്രാർത്ഥനയും നേർച്ചയും മറയാക്കി സ്വർണം കവരുന്ന നാലംഗ സംഘം അറസ്റ്റിൽ. മൂന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇടുക്കിയിൽ പിടിയിലായത്. തൊടുപുഴ പാറക്കടവ് സ്വദേശികളായ വിജീഷ്, ഷാജിത, സുലോചന, സുലോചനയുടെ മകൾ അഞ്ജു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുന്ന 66 കാരിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘം കുടുങ്ങിയത്.
ഉപ്പ് മുതൽ കർപ്പൂരം വരെ വിൽക്കാനെന്ന പേരിൽ വീടുകളിൽ കയറിയിറങ്ങുകയും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണം കവരുന്നതുമാണ് സംഘത്തിന്റെ രീതി. ഇത്തരത്തിൽ കഴിഞ്ഞ മാസം കരിമണ്ണൂർ സ്വദേശിയായ വത്സമ്മയിൽ നിന്നും സംഘം സ്വർണം കവർന്നിരുന്നു.
എട്ട് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് വത്സമ്മയിൽ നിന്നും സംഘം കവർന്നത്. കുടുംബത്തിൽ ഐശ്വര്യമുണ്ടാകാൻ സ്വർണ്ണം നേർച്ചയായി നൽകി പ്രാർത്ഥിക്കണമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൊടുപുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ സൂത്രധാരൻ വിജീഷ് ആണെന്ന് കണ്ടെത്തിയത്. വിജീഷിനെ ചോദ്യം ചെയ്തതോടെ മറ്റുള്ളവരും പിടിയിലായി
കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോട്ടയത്തെ കേസിൽ വാദം തുടങ്ങാനിരിക്കെയാണ് പ്രതികൾ വീണ്ടും വലയിലായത്. ഇടുക്കിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്










