
ലോകതലത്തിൽ പ്രസിദ്ധമായ ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി ബിജെപി ആരോപിച്ചു. "ദൈവ വിശ്വാസികളല്ലാത്ത കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനത്തിൽ കോൺഗ്രസ്സ് ഗവൺമെന്റ് വീണുപോയതാണ്. ധർമ്മസ്ഥലയെകുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു യൂട്യൂബേഴ്സിനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനും എതിരെ നടപടി വേണം. ജനങ്ങളെ തെറ്റിധരിപ്പിച്ച മുഖംമൂടിക്കാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തണം. അയാളെ നിയോഗിച്ചത് ആരാണെന്ന് കണ്ടെത്തുകയും വേണം" കർണാടകത്തിലെ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. നൂറിലേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങളായിരുന്നു അവയെന്നുമാണ് വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി അവകാശപ്പെട്ടത്. ഗവണ്മെന്റ് രൂപീകരിച്ച ഉന്നതതല എസ് ഐ ടി അയാൾ ചൂണ്ടിക്കാട്ടിയ ഇടങ്ങൾ മുഴുവൻ കുഴിച്ച് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. എസ് ഐ ടി അന്വേഷണം നിർത്തിവെക്കാൻ ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. ധർമ്മസ്ഥല ക്ഷേത്രത്തെ കളങ്കപ്പെടുത്താൻ ശ്രമം നടന്നതായി സംശയമുണ്ടെന്ന് ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാൽ അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു. "ധർമ്മസ്ഥല ഒരു പുണ്യക്ഷേത്രമാണ്. എത്രയോ കാലമായി ഞാൻ ആ ക്ഷേത്രത്തെ ആരാധിക്കുന്ന വിശ്വാസിയാണ്. ആരോപണം ഉയർന്നപ്പോൾ നിജസ്ഥിതി അന്വേഷിച്ച് കണ്ടെത്താനാണ് എസ് ഐ ടിയെ നിയോഗിച്ചത്. ആഭ്യന്തരമന്ത്രിയുടെ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടികൾ സ്വീകരിക്കും" ശിവകുമാർ പറഞ്ഞു. ധർമ്മസ്ഥലയിലേക്ക് ബിജെപി ഇന്ന് മെഗാ റാലി നടത്തുന്നുണ്ട്. മുപ്പതിലേറെ എം എൽ എമാരും അസംഖ്യം ഭക്തജനങ്ങളും പങ്കെടുക്കുന്ന റാലി നയിക്കുന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക്, മുതിർന്ന നേതാവ് എസ് ആർ വിശ്വനാഥ് എന്നിവരാണ്. നേതാക്കൾ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഗാഡെയെ സന്ദർശിക്കുകയും ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യും. ക്ഷേത്ര ത്തെ ചുറ്റിപ്പറ്റി ഉയർന്നിട്ടുള്ള ആശങ്കകൾ മാറ്റിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
Photo Courtesy - Google











