
ഐസ്ലാൻഡിലെ വിദ്യാഭ്യാസ ശിശുക്ഷേമ മന്ത്രി ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ രാജിവെച്ചു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് പതിനഞ്ചുകാരനുമായുള്ള ബന്ധത്തിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചിരുന്നെന്ന വെളിപ്പെടുത്തൽ വിവാദമായതോടെയാണ് മന്ത്രി രാജിവെച്ചത്. സർക്കാരിന്റെ സമാധാന പൂർണമായ പ്രവർത്തനം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അവർ വ്യക്തമാക്കി. പാർലമെന്റംഗമായി തുടരാൻ ആഗ്രഹമുണ്ടെന്നും ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ വ്യക്തമാക്കിയിട്ടുണ്ട്.
ഐസ്ലാൻഡിലെ പ്രമുഖ മാധ്യമമായ വിസിറിന് നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് 22 വയസുള്ളപ്പോൾ പതിനഞ്ചുകാരനുമായി പ്രണയത്തിലായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായെന്നും കുഞ്ഞിന് ഒരു വയസാകുന്നത് വരെ കാമുകൻ തനിക്കൊപ്പമുണ്ടായിരുന്നു എന്നുമായിരുന്നു ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ പറഞ്ഞത്.
വെളിപ്പെടുത്തൽ ദേശീയ തലത്തിൽ വളറെ പെട്ടെന്ന് വൻ വിവാദമായി. ഇതോടെയാണ് മന്ത്രിസ്ഥാനം രാജിവെക്കാൻ അമ്പത്തെട്ടുകാരിയായ ആസ്തിൽദൂർ ലോവ തോർസ്ഡോട്ടിർ തയ്യാറായത്.











