
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ അങ്കണത്തെ മനംകവരുന്ന കലാ-സാംസ്കാരിക വസന്തത്തിലാറാടിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി). അനുബന്ധ മലയാളി സംഘടനകളുമായി ചേർന്ന് സംഘടിപ്പിച്ച 2026-ലെ കേരളപ്പിറവി ആഘോഷങ്ങൾ വർണ്ണാഭമായി.
ചെണ്ടമേളത്തിന്റെ താളപ്പെരുക്കവും നാടൻ കലാസൃഷ്ടികളുടെ ദൃശ്യവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കേരളത്തിലെ വിവിധ ജില്ലകളിലെ തനത് രുചിക്കൂട്ടുകൾ വിളമ്പിയ ഭക്ഷ്യമേളയും, കൈത്തറി, ആഭരണങ്ങൾ, പരമ്പരാഗത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശന വിപണന സ്റ്റാളുകളും ദോഹയിലെ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട അനുഭൂതിയാണ് സമ്മാനിച്ചത്.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഘോഷങ്ങളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച അനുബന്ധ മലയാളി സംഘടനകൾക്കുള്ള കൃതജ്ഞത അദ്ദേഹം പ്രകടിപ്പിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും വിനോദസഞ്ചാര-സാംസ്കാരിക വിഭാഗം തലവൻ നന്ദിനി അബ്ബഗൗണി ആമുഖ പ്രഭാഷണവും നടത്തി. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി ഡോ. കെ. ശ്രീകർ റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസി സമൂഹത്തിൽ സാംസ്കാരിക പാരമ്പര്യങ്ങളും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത പിന്നണി ഗായകനുമായ ജി. വേണുഗോപാൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കേരളത്തിന്റെ കലാരൂപങ്ങളെയും സാംസ്കാരിക തനിമയെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.
പ്രവാസി യുവതലമുറയിലേക്ക് മലയാള ഭാഷയുടെ മധുരവും സംസ്കാരവും പകർന്നു നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ മലയാളം അധ്യാപകരെ ചടങ്ങിൽ വച്ച് ആദരിച്ചു.
ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ സ്ഥാനപതിയുടെ പത്നി പ്രതിഭ റെഡ്ഡി, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബുരാജൻ, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ സംഘടന ഭാരവാഹികൾ തുടങ്ങി സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.











