04:09am 11 November 2026
NEWS
റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഐസിബിഎഫിന്റെ അനുശോചനം.
01/07/2026  09:16 AM IST
nila
റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഐസിബിഎഫിന്റെ അനുശോചനം.

റാസ് ലഫാനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരന്മാർക്ക ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) അൽ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലെ കഞ്ഞാണി ഹാളിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ വിപുൽ, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കൂടിയായ ഐസിബിഎഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ശ്രീ ഈഷ് സിംഗാൾ, വിവിധ ഇന്ത്യൻ സംഘടനാ നേതാക്കൾ, കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അംബാസഡർ ശ്രീ വിപുൽ, ഐസിബിഎഫ് പ്രസിഡന്റ് ശ്രീ ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എ. പി. മണികണ്ഠൻ, ഐഎസ്‌സി പ്രസിഡന്റ് ഇ. പി. അബ്ദുൽ റഹ്മാൻ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുൽ സത്താർ, ഐസിബിഎഫ മുൻ പ്രസിഡന്റ് നീലാംഗ്ഷു ഡേ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. വി. ബോബൻ, ട്രാഗ്സ് ജനറൽ മാനേജർ ഇവാൻ മോർഗൻ, ഡോപെറ്റ് പ്രതിനിധി വൈഭവ് എന്നിവർ അനുശോചന സന്ദേശങ്ങൾ നൽകി.
ഐസിബിഎഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ജാഫർ തയ്യിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഐസിബിഎഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, മണി ഭാരതി, ഇർഫാൻ അൻസാരി, അമർ സിംഗ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, നീലാംബരി എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അഡ്വൈസറി ബോർഡ് ചെയർമാൻ കെ. എസ്. പ്രസാദ്, അഡ്വൈസറി കമ്മിറ്റി അംഗം സതീഷ് വി, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് സന്താനു ദേശ്പാണ്ഡെ, ഏപെക്സ് ബോഡി അംഗം വെങ്കപ്പ ബാഗവതലു, കൂടാതെ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികളും മുതിർന്ന സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
റാസ് ലഫാൻ അപകടത്തിൽ ദാരുണമായി മരണമടഞ്ഞ 12 ഇന്ത്യൻ പൗരന്മാരുടെ ഭൗതികദേഹങ്ങൾ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസിയും ഐസിബിഎഫും സംയുക്തമായി അതിവേഗം ഏകോപിപ്പിച്ചു.
അപകടം നടന്നയുടൻ തന്നെ ഇന്ത്യൻ എംബസിയും ഐസിബിഎഫും തങ്ങളുടെ ടീമുകളെ സജ്ജമാക്കി ബന്ധപ്പെട്ട ഖത്തർ സർക്കാർ വകുപ്പുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, കമ്പനി മാനേജ്മെന്റ് എന്നിവരുമായി അടുത്ത സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു. നിയമനടപടികൾ, രേഖകളുടെ പൂർത്തീകരണം, ആവശ്യമായ അനുമതികൾ എന്നിവ അതിവേഗം പൂർത്തിയാക്കി ഭൗതികദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് രാവും പകലും പരിശ്രമിച്ചു. അതോടൊപ്പം ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി.
ഈ ദുഷ്കരമായ സാഹചര്യത്തിൽ കമ്പനി മാനേജ്മെന്റ് എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും രേഖാപരമായ കാര്യങ്ങളും പൂർത്തിയാക്കുന്നതിന് പൂർണ സഹകരണവും മാനുഷിക സമീപനവും സ്വീകരിച്ചതായും ഐസിബിഎഫ് അറിയിച്ചു.
ദുഃഖാർത്ത കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച ഐസിബിഎഫ്, ഈ ദുരന്തസാഹചര്യം അടിയന്തരതയോടെയും കരുതലോടെയും കൈകാര്യം ചെയ്യുന്നതിൽ സഹകരിച്ച ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനും, ഹമദ് ആശുപത്രി അധികൃതർക്കും, ഇന്ത്യൻ എംബസിക്കും, കമ്പനി മാനേജ്മെന്റിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.
ബാധിത കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും തുടർന്നും ഉറപ്പാക്കുന്നതിനും, ഐ സി ബി എഫ് പ്രതിജ്ഞാ ബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img