08:56pm 28 September 2026
NEWS
ഐ.സി.ബി.എഫ് തുടർച്ചയായ നാലാമത് രക്ത പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു
28/09/2026  07:26 PM IST
nila
ഐ.സി.ബി.എഫ്  തുടർച്ചയായ നാലാമത് രക്ത പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു



ദോഹ, ഖത്തർ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സേവന പ്രവർത്തനങ്ങൾക്കുമായുള്ള  ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ നാലാമത് രക്ത പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.

തുടർച്ചയായി നാല് മാസങ്ങളിലായി സംഘടിപ്പിച്ച പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പുകളുടെ പരമ്പരയിലെ ഏറ്റവും വലിയ ക്യാമ്പായിരുന്നു നാലാമത്തേത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 105-ലധികം സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്‌ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ സേവന മനോഭാവത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മാനവിക പ്രതിബദ്ധതയുടെയും ശക്തമായ പ്രതിഫലനമായിരുന്നു ഈ മികച്ച പങ്കാളിത്തം.

പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയും കൂടുതൽ ആളുകളെ ഈ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഐസിബിഎഫ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാൻസർ ചികിത്സ, അവയവമാറ്റ ശസ്ത്രക്രിയ, പ്രധാന ശസ്ത്രക്രിയകൾ, രക്തസംബന്ധമായ രോഗങ്ങൾ, അപകടങ്ങളെത്തുടർന്നുള്ള ഗുരുതര പരിക്കുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് പ്ലേറ്റ്‌ലെറ്റുകൾ അത്യന്താപേക്ഷിതമാണ്.

പ്ലേറ്റ്‌ലെറ്റുകൾക്ക് വളരെ കുറഞ്ഞ കാലയളവിൽ മാത്രമേ സംഭരിച്ച് ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ, ആവശ്യമായ അളവിൽ പ്ലേറ്റ്‌ലെറ്റുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിന് സന്നദ്ധ ദാതാക്കളുടെ തുടർച്ചയായ പിന്തുണ അനിവാര്യമാണ്.

ജീവൻ രക്ഷിക്കുന്നതിൽ സന്നദ്ധ ദാതാക്കൾ വഹിക്കുന്ന അമൂല്യമായ പങ്കും ഖത്തറിന്റെ ആരോഗ്യപരിപാലന സംവിധാനത്തിന് അവർ നൽകുന്ന പിന്തുണയും ക്യാമ്പിലൂടെ ഐസിബിഎഫ് പ്രത്യേകം എടുത്തുകാട്ടി.

ചടങ്ങിലെ ഔദ്യോഗിക പരിപാടികൾക്ക് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ശ്രീ. ദീപക് ഷെട്ടി നേതൃത്വം നൽകി. ഐസിബിഎഫ് നടപ്പാക്കിവരുന്ന വിവിധ സാമൂഹിക-ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്ലേറ്റ്‌ലെറ്റ് ദാനത്തിന്റെ പ്രാധാന്യവും, ഐസിബിഎഫിന്റെ വിപുലമായ സാമൂഹിക ഇടപെടലുകളുടെയും മാനവിക പ്രവർത്തനങ്ങളുടെയും അവിഭാജ്യ ഘടകമാണ് ഈ ക്യാമ്പുകളെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.സി.ബി.എഫ് പ്രസിഡന്റ് ശ്രീ. ഷാനവാസ് ബാവ അധ്യക്ഷ പ്രസംഗത്തിൽ പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് ആരംഭിച്ചതിന്റെ പശ്ചാത്തലവും ഇത്തരം പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. ക്യാമ്പിൽ ആവേശപൂർവം പങ്കെടുത്ത സന്നദ്ധ ദാതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. ജീവൻ രക്ഷിക്കുന്ന ഇത്തരം മാനവിക പ്രവർത്തനങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് സമൂഹത്തിന്റെ തുടർച്ചയായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിലെ മുഖ്യാതിഥി, ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തൻഡാലെ, ഐസിബിഎഫ് സംഘടിപ്പിച്ച  ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ ഒരുക്കിയിട്ടുള്ള മികച്ച സൗകര്യങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, ഇന്ത്യൻ സമൂഹത്തിന് ഇത്തരം അവസരം ഒരുക്കിയ HMC മാനേജ്മെന്റിനോട്  അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വിശിഷ്ടാതിഥിയും ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്റർ മേധാവിയുമായ ഡോ. സലൂവ എം. ഹ്മിസി, രക്തദാന പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹം തുടർച്ചയായി നൽകിവരുന്ന പിന്തുണയ്ക്കും സജീവ പങ്കാളിത്തത്തിനും നന്ദി അറിയിച്ചു. രക്ത ശേഖരണത്തിലും പ്ലേറ്റ്‌ലെറ്റ് ദാനത്തിലും കേന്ദ്രം പിന്തുടരുന്ന കർശനമായ ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കേന്ദ്രത്തിൽ ലഭ്യമായ വിവിധ സൗകര്യങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു. ഡോ. സലൂവ എം. ഹ്മിസിയും ഖത്തർ ബ്ലഡ് ഡൊണേഷൻ സെന്റർ ഓപ്പറേഷൻസ് ഇൻ-ചാർജ് ശ്രീമതി മനാൽ ഇസ്മായിൽ അൽ അഹമ്മദും ചേർന്ന് ഐസിബിഎഫിന് സ്മാരകവും അഭിനന്ദന സർട്ടിഫിക്കറ്റും നൽകി.

തുടർച്ചയായി നാല് മാസങ്ങളിലായി പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പുകൾ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടന എന്ന പ്രത്യേക അംഗീകാരവും ഐസിബിഎഫിന് ലഭിച്ചു.

ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രസിഡന്റ് ശ്രീ. എ. പി. മണികണ്ഠൻ, ഐസിബിഎഫ് അഡ്വൈസറി കൗൺസിൽ ചെയർമാൻ ശ്രീ. കെ. എസ്. പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിലും ഇന്ത്യൻ സമൂഹത്തെ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാക്കുന്നതിലും ഐസിബിഎഫ് നടത്തുന്ന ശ്രമങ്ങളെ ഇരുവരും അഭിനന്ദിച്ചു.

ഐ സി സി വൈസ് പ്രസിഡണ്ട് ശാന്തനു ദേശ്‌പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്,   ഐ.എസ് .സി. വൈസ് പ്രസിഡന്റ് സിതേന്ദു പൽ, വിവിധ അപെക്സ് സംഘടനകളുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഐസിബിഎഫുമായി സഹകരിക്കുന്ന വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഐസിബിഎഫ് ഹെഡ് ഓഫ് മെഡിക്കൽ വിംഗ് ശ്രീമതി മിനി സിബി നന്ദിപ്രസംഗം നടത്തി.

ഐസിബിഎഫ് വൈസ് പ്രസിഡന്റ് ശ്രീ. റഷീദ് അഹമ്മദ് പരിപാടിയുടെ ഏകോപനം നിർവഹിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ഇർഫാൻ അൻസാരി, ശ്രീ. മണി ഭാരതി, ശ്രീമതി നീലാംബരി എസ്., ശ്രീ. അമർ വീർ സിംഗ്, ശ്രീ. ശങ്കർ ഗൗഡ് എന്നിവർ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സജീവ പിന്തുണ നൽകി.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തെ സാമൂഹിക ഉത്തരവാദിത്വമുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി പങ്കാളികളാക്കുന്നതിനും സമൂഹത്തിന് അർഥവത്തായ സംഭാവനകൾ നൽകുന്നതിനും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നും പ്രോത്സാഹിപ്പിക്കുമെന്ന് ഐസിബിഎഫ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img