
കെവികെയുടെ പുൽത്തൈല യൂണിറ്റ് പ്രൊഫ കെവി തോമസ് സന്ദർശിക്കുന്നു.
കൊച്ചി: കാട്ടാനശല്യം മൂലം കർഷകർ കൃഷി ഉപേക്ഷിച്ച വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കി സംരക്ഷണമൊരുക്കുന്ന പദ്ധതിയുമായി കേന്ദ്ര കൃഷിവിജ്ഞാന കേന്ദ്രം
സയന്റിസ്റ്റും കേന്ദ്രകൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടറുമായ ഡോ. ഷിനോജ് സുബ്രമണ്യത്തിന്റെ നേതൃത്വത്തിൽ കോതമംഗലം വാവേലിയിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു.
ഇവിടത്തെ പുൽതൈല നിർമാണ യൂണിറ്റ് സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെവി തോമസ് ഇത് സംബന്ധിച്ച സാധ്യതകൾ വനംമന്ത്രി ഷിബുബേബിജോണുമായി പങ്കിട്ടതിനെ തുടർന്ന് പദ്ധതി സമർപ്പിക്കുവാൻ മന്ത്രി ഷിബു ബേബി ജോൺ കേരള വനം വകുപ്പിന് നിർദേശം നൽകി.
ആനകൾക്ക് ഇഷ്ടമില്ലാത്ത ഇഞ്ചിപ്പുൽ കൃഷി ചെയ്താൽ ആ ഭാഗത്തേക്കുള്ള ആനകളുടെ കടന്ന് വരവ് നിലക്കുകയും കാട്ടാനശല്യം അവസാനിക്കുകയും ചെയ്യും.
കൃഷി ഉപേക്ഷിച്ചു തരിശിട്ടിരിക്കുന്ന ഭൂമിയിൽ ഇഞ്ചിപ്പുൽ കൃഷിയിറക്കുന്നതിലൂടെ കർഷകർക്ക് അധികം കൂലിച്ചിലവില്ലാത്ത വരുമാനമായി അത് മാറും.
സംസ്‌കരണ സൗകര്യമൊരുക്കി പുൽത്തൈല നിർമാണം, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിലൂടെ സംരംഭ സാദ്ധ്യതകൾ ഒരുക്കൽ എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കെവികെയുടെ ഈ പൈലറ്റ് പ്രൊജക്റ്റ് കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാരിന്റെ ഈ ഇടപെടലിലൂടെ കഴിയും.
പുൽത്തൈലം ഉല്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്താൻ കർഷകരെ പരിശീലിപ്പിക്കുകയും സമാനമായ പാൽമാറോസാ, സിട്രോണല്ല തുടങ്ങിയ വിളകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്‌താൽ വനാത്തിർത്തികൾ കേന്ദ്രീകരിച്ച് സുഗന്ധ ഗ്രാമം പദ്ധതികൾ കൊണ്ടുവരാൻ കഴിയും.
വനാതിർത്തികളിലെ കർഷകരെ കൃഷിഭൂമിയിലേക്ക് തിരികെകൊണ്ട് വരാൻ കഴിയുന്ന മികച്ച പദ്ധതിയാണിതെന്ന് പ്രൊഫ. കെവി തോമസ് ചൂണ്ടിക്കാട്ടി.
Photo Courtesy - Google









