12:49pm 13 November 2025
NEWS
കർഷകരുടെ വരുമാന വർധനവിന് ഊന്നൽ ഐസിഎആർ ഡിഡിജി
04/06/2025  05:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കർഷകരുടെ വരുമാന വർധനവിന് ഊന്നൽ ഐസിഎആർ ഡിഡിജി
HIGHLIGHTS

സിഎംഎഫ്ആർഐയിൽ നടന്ന വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ ബോധവൽകരണ പരിപാടിയിൽ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. രാഘവേന്ദ്ര ഭട്ട സംസാരിക്കുന്നു. 

കൊച്ചി: 'വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ പദ്ധതി കാർഷിക ഉൽപാദനം കൂട്ടാൻ വഴിയൊരുക്കും'കാർഷിക മേഖലയിൽ ഉൽപാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം കൂട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. രാഘവേന്ദ്ര ഭട്ട. കഴിഞ്ഞ ആഴ്ച തുടക്കമിട്ട വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാനിന്റെ ഭാഗമായി  ശാസ്ത്രസംഘം കൃഷിടങ്ങളിലെത്തി കർഷകരുമായി ഇടപഴകുന്നതിലൂടെ വരും സീസണുകളിൽ ഉൽപ്പാദനക്ഷമത ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന  വിക്‌സിത് കൃഷി സങ്കൽപ്പ് അഭിയാൻ ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ശാസ്ത്രീയ പരിഹാരങ്ങളും കർഷകരുമായി നേരിട്ട് പങ്കുവെക്കുന്നതിലൂടെ ഇന്ത്യൻ കാർഷിക മേഖലയിൽ ഗണ്യമായ മാറ്റമുണ്ടാകും. ഈ കാമ്പയിനിന്റെ ഭാഗമായുള്ള ശാസ്ത്രസംഘങ്ങളുടെ പര്യടനത്തിലൂടെ കർഷരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരങ്ങൾ നിർദേശിക്കാനും കഴിയുന്നുണ്ട്. ഗുണനിലവാരം മെച്ചപ്പെടുത്തിയുള്ള ഉൽപാദന വർധനവിന് ഇത് ആവശ്യമാണ്. നൂതന കാർഷിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും കൃഷിരീതികൾ പരിഷ്‌കരിക്കാനും കാര്യക്ഷമത കൂട്ടാനും ഈ പദ്ധതി സഹായിക്കും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് മേഖലകളിൽ ഉൽപാദനം കൂട്ടാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൃഷി സങ്കൽപ്പ് അഭിയാനിന്റെ കേരളം, കർണാടക, ലക്ഷദ്വീപ് മേഖലകളുടെ കോർഡിനേറ്റർ കൂടിയാണ് ഡോ ഡോ. രാഘവേന്ദ്ര ഭട്ട. 

സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞരും ഈ കാമ്പയിനി്‌ന്റെ ഭാഗമായി വിവിധ ജില്ലകളിൽ കർഷകർക്കിടയിൽ പര്യടനം നടത്തിവരികയാണ്. 

ചടങ്ങിൽ, പട്ടികവർഗ വിഭാഗത്തിൽ പെട്ട 80 തീരദേശ കർഷകർക്ക് മീൻപിടുത്ത വലകൾ, ലൈഫ് ജാക്കറ്റ്, മഴക്കോട്ട്,  ടാർപോളിൻ ഷീറ്റുകൾ എന്നിവയുൾപ്പെടെയുള്ള സാമഗ്രികൾ അദ്ദേഹം വിതരണം ചെയ്തു.സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു. 

ബംഗളൂരുവിലെ കാർഷിക ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ വെങ്കടസുബ്രഹ്‌മണ്യൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ എന്നിവർ വിശിഷ്ടാതിഥികളായി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. കെ മധു, ഡോ. സാജു ജോർജ് എന്നിവർ സംസാരിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img