
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തു. യുവതിയെ ഇയാൾ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പരാതി നൽകിയിരുന്നു. യുവതി കഴിഞ്ഞ വർഷം ജൂലൈയിൽ ഗർഭഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ച സാഹചര്യത്തിലാണ് സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തത്. നിലവിൽ ഇയാൾ ഒളിവിലാണ്.
മാർച്ച് 24നാണ് യുവതിയെ പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യുവതി ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലാണ് യുവതി ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുൻപ് പാളത്തിലൂടെ നടക്കുമ്പോൾ നാല് തവണയാണ് യുവതി സഹപ്രവർത്തകനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് തടസം സൃഷ്്ടിച്ചതെന്നുമാണ് സുകാന്ത് പറഞ്ഞത്. എന്നാൽ യുവതിയുടെ കുടുംബം ഇതു പൂർണമായി തള്ളിയിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാർ എത്തിയിരുന്നില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.










