
ദോഹ: ഖത്തർ ആതിഥേയത്വം വഹിച്ച 2022-ലെ ഫിഫ ലോകകപ്പിനെ വീണ്ടും വാനോളം പുകഴ്ത്തി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. താൻ കണ്ടിട്ടുള്ളതിൽ വച്ച് "ഏറ്റവും മികച്ച ലോകകപ്പ്" ഖത്തറിലേതായിരുന്നു എന്ന് അദ്ദേഹം ആവർത്തിച്ചു. അമേരിക്കയിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിലാണ് ഇൻഫാന്റിനോ ഖത്തർ ലോകകപ്പിനെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചത്.
"ലോകകപ്പ് ഒരു 10 തവണ ഖത്തറിൽ നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോവുകയാണ്," ഇൻഫാന്റിനോ പറഞ്ഞു. ഫുട്ബോൾ ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സന്തോഷവും ആനന്ദവും അഭിമാനവും എന്താണോ, അതിനപ്പുറം സ്വപ്നം കാണാൻ കഴിയുന്നതെല്ലാം ഖത്തർ ലോകകപ്പ് സമ്മാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരങ്ങളുടെ മികച്ച നിലവാരം, അത്യാധുനികവും മനോഹരവുമായ സ്റ്റേഡിയങ്ങൾ, കാണികളുടെ ആവേശം, ഉത്സവപ്രതീതി ഉണർത്തിയ അന്തരീക്ഷം എന്നിവ ഖത്തറിലേത് ഒരു അത്ഭുത ലോകകപ്പാക്കി മാറ്റിയെന്ന് ഫിഫ പ്രസിഡന്റ് ഓർമ്മിപ്പിച്ചു. യാതൊരുവിധ അനിഷ്ട സംഭവങ്ങളുമില്ലാതെ, സംഘാടനത്തിലും സുരക്ഷയിലും വൻ വിജയമായി ഈ ആഗോള കായികമാമാങ്കം പൂർത്തിയാക്കാൻ ഖത്തറിന് സാധിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.











