06:48pm 20 July 2026
NEWS
ഈ പദവിയിൽ സന്തോഷ ത്തോടെ മുന്നോട്ട് പോകും: ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ
19/07/2026  08:59 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഈ പദവിയിൽ സന്തോഷ ത്തോടെ മുന്നോട്ട് പോകും: ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ എസ് ഡി കോളജിൽ പ്രീഡിഗ്രി വിദ്യാർഥിനി യായിരിക്കെയാണ് ഷാനിമോൾ ഉസ്മാൻ കെ എസ് യുവിൽ ആകൃഷ്ടയാകുന്നത്. വീട്ടിൽ കോൺഗ്രസുകാരിയായിരുന്നു ഉമ്മ. കെമിക്കൽ എൻജിനീയറായ പിതാവിനാകട്ടെ കാര്യമായ രാഷ്ട്രീയമുണ്ടായിരുന്നുമില്ല. സോഷ്യോളജി ബിരുദാനന്തര ബിരുദത്തിന് തിരുവനന്തപുരം ലയോള കോളജിലും നിയമ ബിരുദത്തിന് തിരുവനന്തപുരം ലോ അക്കാദമിയിലും പഠിക്കുമ്പോഴാണ് ഷാനിമോൾ ഉസ്മാൻ മുഴുസമയ രാഷ്ട്രീയക്കാരിയായി മാറിയത്. 

കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാണ് ഈ ആലപ്പുഴക്കാരി. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ എ.ഐ.സി.സി സെക്രട്ടറി, കെ പി സി സി നിർവാഹക സമിതി അംഗം, യൂത്ത് കോൺഗ്രസ് എൻ.എസ്.യു കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങി വ്യത്യസ്ത പദവികളിൽ തിളങ്ങിയതിന് ശേഷമാണ് ഷാനിമോൾ ഉസ്മാൻ അരൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലും പിന്നാലെ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായത്. 

എം എൽ എയുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും തിരക്കിട്ട പ്രവർത്തനങ്ങൾക്കിടയിലാണ് ഷാനിമോൾ ഉസ്മാൻ 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിച്ചത്. 

? മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് വനിതാ ഡെപ്യൂട്ടി സ്പീക്കർ കേരളത്തിനുണ്ടാവുന്നത്. എന്തുതോന്നുന്നു

തീർച്ചയായും ഞാൻ വളരെ സന്തോഷത്തോടെ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വവുമായി മുന്നോട്ടു പോകും. മൂന്നരപ്പതിറ്റാണ്ടായി കേരളത്തിനൊരു വനിതാ ഡെപ്യൂട്ടി സ്പീക്കറുണ്ടായിട്ട് എന്നതൊരു വസ്തുതയാണ്. എന്നാൽ ഇപ്പോൾ അത്തരത്തിൽ സ്ഥാനം നൽകി പരിഗണിക്കാൻ തോന്നിയതിനെ പോസിറ്റീവായി കാണുന്നു. 

? ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ നിയമസഭയിൽ ബജറ്റ് ചർച്ചയുടെ പൈലറ്റ് മാത്രമാണ് സാധാരണ നിർവഹിക്കാറുള്ളത്. എന്നാൽ ഷാനിമോൾ ഉസ്മാൻ സഭയിൽ സംസാരിക്കാനുള്ള അവകാശം ചോദിച്ചു വാങ്ങി ഇതുവരെയുള്ള കീഴ്‌വഴക്കത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നത്

എന്നെ സംബന്ധിച്ച് ഏത് സ്ഥാനത്തെത്തിയാലും അടിസ്ഥാനകാര്യം മണ്ഡലത്തിലെ ജനങ്ങൾ ജയിപ്പിച്ചു എന്നതാണ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ജയിച്ചുവരുന്ന പ്രതിനിധി ഉത്തരവാദിത്വപ്പെട്ട സഭകളിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പറയുന്നുണ്ടോ എന്നത് അവരെ സംബന്ധിച്ചുള്ള വിഷയമാണ്. അവരെ സംതൃപ്തിപ്പെടുത്താൻ കഴിയാതെ എത്ര വലിയ സ്ഥാനമായാലും അവിടെ ഇരിക്കുന്നതിൽ എനിക്കു പ്രയാസമുണ്ടായിരുന്നു. അക്കാര്യമാണ് നിയമസഭയിൽ പറഞ്ഞത്. ഇക്കാര്യം സ്പീക്കർ അനുഭാവപൂർവം പരിഗണിക്കുകയുണ്ടായി. മുഖ്യമന്ത്രിയും ആ കാര്യത്തിൽ പോസിറ്റീവായി പരിഗണന നൽകി. ഞാൻ പറഞ്ഞത് ന്യായമാണ് എന്ന രീതിയിൽ അദ്ദേഹവും അതിനെ കണ്ടു. സ്പീക്കറുടെ റൂളിംഗ് വന്നു. 

സബ്മിഷനും ശ്രദ്ധ ക്ഷണിക്കലുമൊക്കെയാണ് നിയമസഭയിൽ ഉണ്ടാവുക. ബജറ്റിന്റെ ചർച്ച പൈലറ്റ് ചെയ്യേണ്ടത് ഡെപ്യൂട്ടി സ്പീക്കറാണ്. ആ ഉത്തരവാദിത്വം എനിക്കും വരാൻ പോകുന്ന ഡെപ്യൂട്ടി സ്പീക്കർമാർക്കുമുണ്ട്. രണ്ടു ഭാഗത്തേയും കേൾക്കേണ്ട ഉത്തരവാദിത്വം ഡെപ്യൂട്ടി സ്പീക്കർക്കുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ഏതെങ്കിലുമൊരു ഭാഗത്തിന്റെ ഭാഗമായി നിൽക്കാൻ പാടില്ല. പ്രതിപക്ഷത്തിന്റെയോ ഭരണപക്ഷത്തിന്റെയോ ഭാഗമല്ല ഈ സ്ഥാനം. ഭരണ പ്രതിപക്ഷങ്ങളെ ബാലൻസ് ചെയ്ത് നിൽക്കുമ്പോൾ തന്നെ സഭയിൽ രാഷ്ട്രീയമായല്ലാതെ നാടിന്റെ പൊതുവായ വിഷയങ്ങൾ ഉന്നയിക്കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്. അതിനു കിട്ടിയിട്ടുള്ള പൊതുവായ അംഗീകാരത്തെ വിലമതിക്കുന്നു. 

? എം എൽ എയോ മന്ത്രിയോ ആണെങ്കിൽ രാഷ്ട്രീയമായി എവിടേയും സംസാരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടും. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ രാഷ്ട്രീയ നിശ്ശബ്ദതയല്ലേ സംഭവിക്കുന്നത്

രാഷ്ട്രീയ നിശ്ശബ്ദത എന്നു പറയുന്നത് രാഷ്ട്രീയത്തെ നിർവചിക്കുന്നതുപോലെ യിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. കൊടിപിടിക്കുന്നതും സമരം ചെയ്യുന്നതും മാത്രമല്ല രാഷ്ട്രീയം. ഓരോ ആളുകളുടെ ജീവിതത്തിലും രാഷ്ട്രീയമുണ്ട്. പാവപ്പെട്ടവരുടെ രാഷ്ട്രീയമുണ്ട്, മത്സ്യത്തൊഴിലാളികളുടേയും പിന്നോക്കം നിൽക്കുന്നവരുടെയുമെല്ലാം ജീവിതങ്ങളിൽ രാഷ്ട്രീയമുണ്ടല്ലോ. അത്തരം കാര്യങ്ങളെ ഏത് രീതിയിൽ അഭിസംബോധന ചെയ്യുന്നു എന്നുള്ളതാണ് ശരിയായ കാര്യം. അതിനകത്ത് രാഷ്ട്രീയ നിശ്ശബ്ദത എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല. 
പ്രകടമായ രാഷ്ട്രീയ പ്രതിഷേധങ്ങളിലേക്ക് പോകാമോ എന്നതാണ് പിന്നെ ഉയരുന്ന ചോദ്യം. തീർച്ചയായും ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ളതിനാൽ സ്വാഭാവികമായും അത്തരം കാര്യങ്ങളിലേക്ക് പോകില്ല എന്നതാണ് പറയാനുള്ളത്. ‌

? പല പരാജയങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. നീണ്ടകാലത്തെ പ്രവർത്തന പരിചയം ഉൾപ്പെടെ ഷാനിമോൾ ഉസ്മാനുണ്ട്. അർഹതയുള്ളത് ലഭിച്ചില്ലെന്ന തോന്നലുണ്ടോ

 എന്നെ സംബന്ധിച്ച് അത്തരമൊരു തോന്നൽ ഒരിക്കലുമില്ല. കാരണം ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്ന കാലത്ത് സ്ത്രീകൾ പഞ്ചായത്ത് അംഗങ്ങൾ ആകുന്ന കാലഘട്ടം പോലുമല്ല. നമ്മൾ സ്വപ്‌നം കണ്ടല്ല ഇതിലേക്ക് വന്നത്. ഏതെങ്കിലുമൊരു പദവി ഞാൻ കണ്ട സ്വപ്‌നങ്ങളിലൊന്നുമില്ല. പരമാവധി ജനങ്ങളോട് ഇടപെടാനും ജനകീയമായി പ്രവർത്തിക്കാനും സാധിക്കുക എന്നതായിരുന്നു സ്വപ്‌നം. അതിനിടയിലാണ് ഒരു രാസത്വരകമായി ഇപ്പോഴത്തെ പദവി ലഭിച്ചത്. 
കഴിഞ്ഞ അഞ്ചുവർഷം ഞാൻ അരൂരിൽ തന്നെയുണ്ടായിരുന്നു. അതിനുമുമ്പ് കുറച്ചുകാലം അരൂരിനെ പ്രതിനിധീകരിച്ചിരുന്നു. ആ സമയത്തും പരമാവധി കാര്യങ്ങൾ ചെയ്തിരുന്നു. 

പരാജയങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും വിജയങ്ങളും ഉണ്ടായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴ നഗരസഭയുടെ അധ്യക്ഷയായിട്ടുണ്ട്, അരൂരിന്റെ എം എൽ എയായി കുറച്ചുകാലം ഇതിനുമുമ്പ് പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ വീണ്ടും ജയിച്ചു വന്നിട്ടുണ്ട്. അത്തരം കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല. 

? വനിത, ആലപ്പുഴ പോലൊരു ഇടതുശക്തി കേന്ദ്രം, മുസ്‌ലിം വനിത ഈ മൂന്ന് ഘടകങ്ങൾ താങ്കൾക്കു മുമ്പിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനെയൊക്കെ തരണം ചെയ്തിട്ടു വേണം മുമ്പോട്ടേക്കു കുതിക്കാൻ

 കഴിഞ്ഞ നാൽപ്പത് വർഷമായി ഞാൻ ഈ രംഗത്തു തന്നെയുണ്ട്. അവയെല്ലാം തരണം ചെയ്തു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ പുതിയൊരു വെല്ലുവിളി എന്റെ മുമ്പിലില്ല. ഈ പറഞ്ഞ ഘടകങ്ങളെല്ലാം ഉണ്ടായിരിക്കെ തന്നെയാണ് ഇവിടെ എന്തെങ്കിലുമൊക്കെ ആയത്. 
1995-ൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. അപ്പോഴും ഈ മൂന്ന് ഘടകങ്ങളുമുണ്ടായിരുന്നു. 2000-ൽ ആലപ്പുഴ നഗരസഭാ അധ്യക്ഷയായി, അസംബ്ലിയിലേക്ക് മത്സരിക്കാനുള്ള അവസരം പാർട്ടി തന്നു, 2019-ൽ പാർലമെന്റിൽ മത്സരിച്ചു, പരാജയപ്പെട്ടെങ്കിലും വ്യക്തിപരമായ പരാജയമായി കാണുന്നില്ല. ഈ പറഞ്ഞ മൂന്നു ഘടകങ്ങളും എല്ലാ സമയത്തുമുണ്ടായിരുന്നു. അവയൊന്നും എനിക്ക് എതിരായിട്ടല്ല, അനുകൂലമായാണ് പ്രവർത്തിച്ചത്. 

? കേരളത്തിൽ നിന്നും എ ഐ സി സി സെക്രട്ടറിസ്ഥാനം ലഭിച്ച ആദ്യ വനിതയാണ് താങ്കൾ. അന്ന് അത്തരമൊരു സ്ഥാനം ലഭിച്ചപ്പോൾ കിട്ടിയ സന്തോഷം ഇപ്പോഴും അനുഭവിക്കാനാവുന്നുണ്ടോ

 കോൺഗ്രസിന്റെ ലക്ഷക്കണക്കിന് അനുഭാവികളിലൊരാളായി മാത്രം മാറിപ്പോകുമായിരുന്ന എന്നെ ഇത്തരത്തിലൊരു സ്ഥാനത്തെത്തിക്കുമ്പോൾ സന്തോഷം തോന്നാതിരിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കാണുമ്പോൾ പേരു വിളിച്ചു സംസാരിക്കുന്നു എന്നു പറയുമ്പോൾ എന്നെപ്പോലൊരാൾക്ക് അത് വലിയ സന്തോഷമാണ്. രാഹുൽ ഗാന്ധിയുടെ അറ്റാച്ച്ഡ് സെക്രട്ടറിയായാണ് എൻ എസ് യുവിലും യൂത്ത് കോൺഗ്രസിലും ചാർജുണ്ടായിരുന്നത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യാനും അതുവഴി സ്വാഭാവികമായും ഇന്ത്യ മുഴുവനുമുള്ള ബന്ധം ലഭിച്ചതും എ.ഐ.സി.സി സെക്രട്ടറി പദത്തിലൂടെയായിരുന്നു. 

? രാഷ്ട്രീയത്തിലേക്ക് പുതുതലമുറയും പ്രത്യേകിച്ച് പെൺകുട്ടികളും കടന്നുവരുന്നുണ്ടോ

 രാഷ്ട്രീയപ്പാർട്ടികൾ സ്വീകരിച്ച ഇച്ഛാശക്തിയോടെയുള്ള തീരുമാനത്തിന്റെ ഫലമായി ധാരാളം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുണ്ട്. കേരളത്തിൽ ജയിച്ചു വന്ന എം എൽ എമാരെ നോക്കിയാലത് മനസ്സിലാകും. കഴിവുള്ളയാളുകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കുമെന്ന തോന്നൽ ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം ലീഗിൽ നിന്നും ഒരു പെൺകുട്ടി എം എൽ എയായി വന്നില്ലേ. അതുപോലെ കോൺഗ്രസിലും യുവനിരയുണ്ടായിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ യുവതലമുറയിൽ, പ്രത്യേകിച്ച് പെൺകുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലാകുന്നത്. 

? കേരളത്തിലോ താങ്കളുടെ മണ്ഡലത്തിലോ നടപ്പാക്കാനുദ്ദേശിക്കുന്ന സ്വപ്‌ന പദ്ധതി എന്താണ്

 എന്നെ സംബന്ധിച്ച് സ്വപ്‌ന പദ്ധതിയല്ല, സ്വപ്‌ന പദ്ധതികളാണുള്ളത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ പലതുണ്ടെങ്കിലും എന്റെ മണ്ഡലമായ അരൂരിൽ വരുമാനം സൃഷ്ടിക്കുന്ന പദ്ധതികളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്. ആലപ്പുഴ ജില്ലയുടെ ഭാഗമാണെങ്കിലും കൊച്ചിയുടെ ഉപഗ്രഹ നഗരം പോലെയാണ് അരൂരുള്ളത്. എന്നാൽ ഇവിടെ എന്തെങ്കിലും വരുമാനം കിട്ടുന്ന പദ്ധതിയൊന്നുമില്ല. അതിനുവേണ്ടിയുള്ള ചില പദ്ധതികൾ ബജറ്റ് അവതരിപ്പിക്കുമ്പോൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. 

ഷാനിമോൾ ഉസ്മാൻ കേരള ബജറ്റ് 2026- 27 ൽ അവതരിപ്പിച്ച പ്രധാന കാര്യങ്ങൾ

* പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ 360 മെട്രിക്ടൺ കാലിത്തീറ്റ ഉത്പ്പാദിപ്പിക്കാമെന്നിരിക്കെ നിലവിൽ 100 മെട്രിക്ടൺ മാത്രമാണ് ഉത്പ്പാദനം നടക്കുന്നത്. ഫാക്ടറിയുടെ പ്രതിസന്ധി മറികടക്കാനും മിൽമയുടെ ഗോമതി ഗോൾഡിന് വിപണി കണ്ടെത്താനുമുള്ള ശ്രമങ്ങൾ വേണം.
* കേരളത്തിൽ എയിംസ് എന്ന സ്ഥാപിക്കാൻ അരൂർ നിയോജക മണ്ഡലത്തിൽ ആവശ്യമായത്ര സ്ഥലമുണ്ട്. പള്ളിപ്പുറം പഞ്ചായത്തിൽ പഴയ മണൽ ഇഷ്ടിക ഫാക്ടറി പ്രവർത്തിച്ചിരുന്നിടത്ത് 14 ഏക്കർ സ്ഥലം സർക്കാറിന്റെ കൈവശമുണ്ട്. അതോടൊപ്പം വ്യവസായ പാർക്കിനോട് ചേർന്ന് പൊതുജന എതിർപ്പില്ലാതെ ആവശ്യമായത്ര സ്ഥലമെടുക്കാനും സാധിക്കും. 
* കെ ആർ ഗൗരിയമ്മ സ്മാരകമെന്ന ബജറ്റിലെ നിർദ്ദേശം ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന പഠന ഗവേഷണ കേന്ദ്രമാക്കണം.
* വ്യവസായ വകുപ്പ് ഇടപെട്ട് മലബാർ സിമന്റ്‌സ് പുനരുജ്ജീവിപ്പിക്കണം.
* കൊച്ചി വാട്ടർ മെട്രോ എക്സ്റ്റൻഷൻ അരൂരിലേക്കെത്തിക്കണം.
* നിരവധിയാളുകൾ കൊച്ചിയിലേക്ക് ജോലിക്കു പോകുന്ന സ്ഥലമായതിനാൽ കൊച്ചി മെട്രോ അരൂരിലേക്ക് ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവത്തിൽ ആലോചിക്കണം.
* അരൂരിനെ സീഫുഡ് എക്‌സ്‌പോർട്ട് ഹബ്ബായി പ്രഖ്യാപിക്കണം.
* അരൂരിലെ ദ്വീപുകളെ കൂട്ടിയിണക്കി ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യതയുണ്ട്.
* പ്രത്യേക സമിതിയെ നിയോഗിച്ച് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ ഭാഗമായ പള്ളിപ്പുറം ഇൻഫോ പാർക്കിനെക്കുറിച്ച് പഠനം നടത്തി മികച്ച ഐ ടി പാർക്കായി മാറ്റാനുള്ള നടപടി സ്വീകരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img