09:19pm 11 November 2026
NEWS
"ഞാൻ കാലാവധി പൂർത്തിയാക്കും.... അല്ല ഞങ്ങളുടെ ഗവണ്മെന്റ്" സിദ്ധരാമയ്യയുടെ സ്വരമാറ്റം ചർച്ചയാകുന്നു
10/11/2025  11:10 AM IST
വിഷ്ണുമംഗലം കുമാർ
ഞാൻ കാലാവധി പൂർത്തിയാക്കും.. അല്ല ഞങ്ങളുടെ ഗവണ്മെന്റ്.. സിദ്ധരാമയ്യയുടെ സ്വരമാറ്റം ചർച്ചയാകുന്നു

കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ നേതൃമാറ്റം സജീവ ചർച്ചയാകവെ, ഇന്നലെ ഒരു പൊതുപരിപാടിയിൽ സിദ്ധരാമയ്യയ്ക്കുണ്ടായ സ്വരമാറ്റം സംശയം ശക്തിപ്പെടുത്തി. താൻ കാലാവധി പൂർത്തിയാക്കുമെന്ന് ഹൊസകോട്ടയിലെ പൊതുയോഗത്തിൽ പ്രസംഗിച്ചു തുടങ്ങിയ സിദ്ധരാമയ്യ, തൊട്ടടുത്തിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ നോക്കിയ ശേഷം "ഞങ്ങളുടെ ഗവണ്മെന്റ്" എന്ന് തിരുത്തിയതാണ് സംശയം വർദ്ധിപ്പിച്ചത്. ഈ മാസം ഇരുപതിനു സിദ്ധരാമയ്യ മുഖ്യമന്ത്രിക്കസേരയിൽ രണ്ടര വർഷം പൂർത്തിയാക്കുകയാണ്. ഹൈക്കമാണ്ട് ആശീർവാദത്തോടെ തുടർന്ന് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുകയാണ് ശിവകുമാർ. 26 ന് നടക്കുന്ന ബെളഗാവി സമ്മേളനത്തിൽ താൻ പങ്കെടുക്കുക മുഖ്യമന്ത്രി എന്ന നിലയിലായിരിക്കുമെന്ന് അടുത്ത അനുയായികളോട് ശിവകുമാർ പറഞ്ഞതായി വാർത്തയുണ്ട്. എന്നാൽ സിദ്ധരാമയ്യയെ പിന്തുണക്കുന്ന അഹിന്ദ അതിനെതിരെ അതിശക്തമായ പടയൊരുക്കമാണ് നടത്തുന്നത്.സിദ്ധരാമയ്യയെ തൊട്ടാൽ 25 ലക്ഷം ജനങ്ങൾ തെരുവിലിറങ്ങുമെന്നും അത് സംസ്ഥാനത്ത് കോൺഗ്രസ്സിന്റെ അടിത്തറ തകർക്കുമെന്നും അഹിന്ദ നേതാക്കൻ പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന കുറുബ സമുദായത്തെയും ഉൾപ്പെടുത്തി മൈസൂരുവിൽ അഹിന്ദ കൺവെൻഷൻ വിളിച്ചുചേർക്കാൻ മുഖ്യമന്ത്രിയുടെ മകനടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ശിവകുമാർ നിയന്ത്രിക്കുന്ന നേതൃത്വം അതിന് അനുമതി നൽകിയിട്ടില്ല. മുൻ കേന്ദ്രമന്ത്രി ചിദംബരം ബംഗളുരുവിലെത്തി രഹസ്യമായി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ബീഹാർ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സ് ഉൾപ്പെടുന്ന മഹാ ഗഡ് ബന്ധന് അനുകൂലമായാലും ഇല്ലെങ്കിലും കർണാടകത്തിൽ നവംബർ വിപ്ലവം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സിദ്ധരാമയ്യ മാറിയാൽ ശിവകുമാർ മുഖ്യമന്ത്രിയാകുമോ എന്നുമാത്രമേ അറിയേണ്ടതുള്ളൂ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img