
ഹരിപ്പാട്: കരുവാറ്റയിൽ 65കാരനായ ഗൃഹനാഥനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയുടെ ക്വട്ടേഷൻ പ്രകാരമാണ് സുഹൃത്തുക്കളായ മൂന്ന് കൗമാരക്കാർ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പിടിയിലായ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംകൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
ഐഫോൺ വാങ്ങുന്നതിനും ആൺകുട്ടികൾക്ക് ബൈക്ക് സ്വന്തമാക്കുന്നതിനുമായി പണം കണ്ടെത്താനുള്ള എളുപ്പവഴിയായാണ് സംഘം കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട വയോധികനോട് പെൺകുട്ടിക്ക് മുൻവൈരാഗ്യമുണ്ടായിരുന്നതായും അന്വേഷണ സംഘം പറയുന്നു.
കൊലപാതകത്തിനായി കൗമാരക്കാർ ട്രെയിനിൽ ഹരിപ്പാട്ടെത്തിയതായാണ് വിവരം. സംഭവസമയത്ത് പെൺകുട്ടി വീട്ടിൽനിന്ന് മാറിനിന്നിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ പെൺകുട്ടിയെ കാണിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ യാതൊരു അസ്വാഭാവികതയും പ്രകടിപ്പിക്കാതെയായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്നും പൊലീസ് പറയുന്നു.
രണ്ടുദിവസമായി വീട് പൂട്ടിയെന്ന് അയൽവാസികളോട് പറഞ്ഞു
മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്.
ശനിയാഴ്ച വൈകിട്ട് ശിവൻകുട്ടിയെ അയൽവാസികൾ അവസാനമായി കണ്ടിരുന്നു. അന്നുരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടുദിവസമായി വീട് പൂട്ടിക്കിടക്കുകയാണെന്ന് പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കിടക്കവിരികളും മറ്റ് തുണികളും ഉപയോഗിച്ച് കൈകാലുകൾ പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമീപത്ത് മുളകുപൊടി വിതറിയിരുന്നതായും കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു.
ഫോൺ രേഖകൾ നിർണായകമായി
മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന നിലയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഫോൺ രേഖകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളിലേക്ക് എത്തിയത്. പരവൂരിൽനിന്നാണ് മൂന്ന് കൗമാരക്കാരെയും കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വർണവും പണവും ലക്ഷ്യമിട്ടാണ് സംഘം വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ശിവൻകുട്ടിയുടെ മറ്റൊരു മകൾ ശശികല വിദേശത്താണ്. മക്കൾക്കായി വാടകവീടിന് സമീപം രണ്ട് വീടുകൾ നിർമിച്ചുവരികയായിരുന്നു ശിവൻകുട്ടി.










