04:12am 14 October 2026
NEWS
സമയം വെറുതെ പാഴാക്കി; അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം; തന്റെ സ്വകാര്യ ദുഖം തുറന്നു പറഞ്ഞ് ലയണൽ മെസ്സി
13/10/2026  08:46 PM IST
nila
സമയം വെറുതെ പാഴാക്കി; അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം; തന്റെ സ്വകാര്യ ദുഖം തുറന്നു പറഞ്ഞ് ലയണൽ മെസ്സി

മയാമി: ഫുട്ബോൾ ലോകത്ത് സ്വന്തമാക്കാവുന്ന നേട്ടങ്ങളിലേറെയും കൈവരിച്ച താരമാണ് ലയണൽ മെസ്സി. എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, ചാംപ്യൻസ് ലീഗ് കിരീടം, ലോകകപ്പ് നേട്ടം തുടങ്ങി ചരിത്രത്തിൽ ഇടംപിടിച്ച നിരവധി വിജയങ്ങൾ. എന്നാൽ, ജീവിതത്തിൽ തനിക്ക് വലിയൊരു നഷ്ടബോധമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അർജന്റീനൻ ഇതിഹാസം. ഇംഗ്ലിഷ് ഭാഷ പഠിക്കാതിരുന്നതാണ് ഇന്നും താരത്തെ അലട്ടുന്ന പ്രധാന ഖേദങ്ങളിലൊന്ന്.

ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് പല പ്രധാനപ്പെട്ട വ്യക്തികളുമായും മനസ്സുതുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ നഷ്ടപ്പെട്ടതായി മെസ്സി വെളിപ്പെടുത്തി. മെക്സിക്കൻ പോഡ്കാസ്റ്റായ ‘മിറോ ദി അട്രാസ്’ന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് ഇംഗ്ലിഷ് പഠിക്കാൻ സമയം ലഭിച്ചിരുന്നെങ്കിലും അത് പ്രയോജനപ്പെടുത്തിയില്ലെന്നതാണ് ഇപ്പോഴത്തെ ഖേദമെന്നും മെസ്സി വ്യക്തമാക്കി.

“കുട്ടിക്കാലത്ത് ഇംഗ്ലിഷ് പഠിക്കാതിരുന്നതിൽ എനിക്ക് വലിയ വിഷമമുണ്ട്. അതിനായി സമയം കണ്ടെത്താമായിരുന്നു. എന്നാൽ, ഞാൻ അതു ചെയ്തില്ല. ജീവിതത്തിൽ കണ്ടുമുട്ടിയ ചില പ്രധാനപ്പെട്ട വ്യക്തികളുമായി സംസാരിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇംഗ്ലിഷ് അറിയാത്തതിനാൽ അതിന് കഴിഞ്ഞില്ല. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഇപ്പോൾ ചിന്തിക്കാറുണ്ട്” – മെസ്സി പറഞ്ഞു.

താൻ നേരിട്ട ഈ പരിമിതി മക്കൾക്ക് ഉണ്ടാകരുതെന്നാണ് താരത്തിന്റെ ആഗ്രഹം. വിദ്യാഭ്യാസത്തിന്റെയും പുതിയ കഴിവുകൾ പഠിക്കുന്നതിന്റെയും പ്രാധാന്യം ചെറുപ്പത്തിൽ പലർക്കും തിരിച്ചറിയാൻ കഴിയാറില്ലെന്നും മെസ്സി ചൂണ്ടിക്കാട്ടി. പഠനത്തിൽ ശ്രദ്ധിക്കാനും ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും മക്കളെ ഉപദേശിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ചെറുപ്പത്തിൽ ഇത്തരം കാര്യങ്ങളുടെ പ്രാധാന്യം നമുക്ക് പൂർണമായി മനസ്സിലാകണമെന്നില്ല. എന്നാൽ, നല്ല വിദ്യാഭ്യാസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ജീവിതത്തിൽ ഏറെ പ്രധാനമാണ്. ഭാഷകളിൽ പ്രാവീണ്യം നേടണമെന്നും പഠനത്തിന് പ്രാധാന്യം നൽകണമെന്നും ഞാൻ മക്കളോട് പറയാറുണ്ട്. എനിക്ക് ലഭിച്ച സാഹചര്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇന്ന് അവർക്കുള്ളത്” – മെസ്സി വ്യക്തമാക്കി.

ഫുട്ബോളിനായി ജീവിതം സമർപ്പിച്ച തന്റെ കൗമാരകാലത്തെക്കുറിച്ചും താരം സംസാരിച്ചു. അർജന്റീനയിലെ അവസാന സ്കൂൾ വർഷം അത്ര മികച്ച അനുഭവമായിരുന്നില്ലെന്നാണ് മെസ്സിയുടെ വെളിപ്പെടുത്തൽ. ബാഴ്സലോണയിലേക്ക് പോകുമെന്ന് ഉറപ്പായതോടെ അവിടെയെത്തിയ മറ്റ് കുട്ടികൾക്കൊപ്പമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഫുട്ബോൾ തനിക്ക് കായികരംഗത്തെ വിജയങ്ങൾ മാത്രമല്ല, ജീവിതത്തിലെ വിലപ്പെട്ട പാഠങ്ങളും സമ്മാനിച്ചിട്ടുണ്ടെന്ന് മെസ്സി പറഞ്ഞു. പുതിയ സ്ഥലങ്ങൾ പരിചയപ്പെടാനും വ്യത്യസ്ത അനുഭവങ്ങളിലൂടെ കടന്നുപോകാനും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങൾ സൃഷ്ടിക്കാനും ഫുട്ബോൾ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിയറിലെ നേട്ടങ്ങൾക്കിടയിലും പഠനത്തിനും ഭാഷാപരിജ്ഞാനത്തിനും നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള മെസ്സിയുടെ തുറന്നുപറച്ചിൽ ശ്രദ്ധേയമാകുകയാണ്. താൻ വൈകി തിരിച്ചറിഞ്ഞ പാഠങ്ങൾ മക്കൾ നേരത്തെ മനസ്സിലാക്കണമെന്നാണ് ലോകഫുട്ബോളിലെ ഇതിഹാസത്തിന്റെ ആഗ്രഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img