06:08am 22 April 2025
NEWS
ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ
18/02/2025  08:02 AM IST
നാസർ മുഹമ്മദ്,
ഞാൻ ദുഷ്ടനല്ല; സ്നേഹഗായകനായ നടൻ

കുടുംബപ്രേക്ഷകരുടെ മനസ്സിൽ എക്കാലവും തങ്ങിനിൽക്കുന്ന പരമ്പരകളാണ് പരസ്പരം, സസ്‌നേഹം, തൂവൽസ്പർശം തുടങ്ങിയവ. ഇഷ്ടപരമ്പരകളിലെ കഥാപാത്രങ്ങളെ നെഞ്ചേറ്റുമ്പോൾ ആ പരമ്പരകളിലെ ദുഷ്ടകഥാപാത്രങ്ങളുടെ മുഖങ്ങളും അത്രവേഗം മറക്കാൻ കഴിയില്ല. മിക്ക പരമ്പരകളിലും നെഗറ്റീവ് കഥാപാത്രങ്ങൾക്ക് ജീവൻനൽകി പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ അനിൽഭവനിലെ അനിൽമത്തായിയെ നമുക്ക് പരിചയപ്പെടാം.

അനിൽമത്തായിയെ എന്നതിനേക്കാൾ പരിചയം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരസ്പരത്തിലെ ഡോക്ടർ വേണുഗോപാലിനേയും തൂവൽസ്പർശത്തിലെ സി.ഐ വിൽസനേയുമായിരിക്കും കുടുംബപ്രേക്ഷകരുടെ മനസ്സിൽ തെളിയുക. അത്രയ്ക്കും ദുഷ്ടത നിറഞ്ഞ കഥാപാത്രമായിരുന്നു അവയെല്ലാം.

തനിക്ക് ലഭിച്ച നെഗറ്റീവ് കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞതും അത് ജനം വെറുപ്പോടെ ഏറ്റെടുത്തും അഭിനയജീവിതത്തിലെ മഹാഭാഗ്യമായാണ് അനിൽ കരുതുന്നത്. ഒരേ ദിവസം ഏഷ്യാനെറ്റിൽ ശ്രദ്ധേയമായ വേഷം ചെയ്യാൻ കഴിയുക എന്നതും അത് പ്രേക്ഷകർ ഏറ്റെടുത്തു എന്നറിയുമ്പോഴും എന്നിലെ അഭിനയമോഹത്തിന് ഏറെ കരുത്ത് പകർന്നു. എന്നെ പല പൊതുഇടങ്ങളിൽ കാണുമ്പോൾ അമ്മമാർ അടക്കമുള്ളവർ പതിയെ പറയുന്നത് ഞാൻ കേൾക്കാറുണ്ട്. ഇത്ര ദുഷ്ടനാണോ ഇയാൾ, പാവം തുമ്പി, തുമ്പിയെ പിടിക്കുമോ, അതിനെ വെടിവയ്ക്കരുതേ പാവമാണത് എന്നൊക്കെ കേൾക്കുമ്പോൾ അറിയാതെ ഉള്ളിൽ ചിരിവരും. സത്യത്തിൽ ഞാൻ ദുഷ്ടനല്ലെന്ന കാര്യം എന്നെ അറിയുന്നവർക്കല്ലേ അറിയൂ. ചെയ്ത കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് ആയിപ്പോയത് നല്ലതായിരിക്കാം എന്ന സന്തോഷം മാത്രം. അഭിനയത്തിലേക്ക് പിച്ചവച്ച് തുടങ്ങുമ്പോഴേക്കും ജനമനസ്സുകളിൽ നിന്നും ലഭിക്കുന്ന അംഗീകാരമാണ് ഏതൊരു കലാകാരനും എപ്പോഴും ആഗ്രഹിക്കുന്നതും.

അച്ഛന്റെ പോലീസ് വേഷം

കസ്തൂരിമാൻ, ഭാര്യ, അമ്മ അറിയാതെ, കറുത്തമുത്ത് തുടങ്ങിയ നിരവധി പരമ്പരകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളായി ജീവിച്ച അനിൽമത്തായി ഇപ്പോൾ കന്യാദാനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷം ചെയ്തുവരികയാണ്. ക്യാമറയ്ക്ക് മുന്നിൽ എത്തിയാൽ വിറയ്ക്കുന്ന അനിൽമത്തായി ആക്ഷൻ എന്ന് കേൾക്കുന്നതോടെ കഥാപാത്രമായി മാറുകയാണ്. സംവിധായകന്റെ ശബ്ദം കേൾക്കുന്നതോടെ ഉള്ളിലെവിടെയോ ഒളിഞ്ഞുകിടക്കുന്ന അഗ്നി ആളിപ്പടരുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത് എന്നാണ് അഭിനയത്തെക്കുറിച്ച് അനിൽമത്തായി പറയുന്നത്.

അച്ഛൻ പോലീസിൽ ആയതുകൊണ്ടുതന്നെ കുഞ്ഞുന്നാൾ മുതൽ കണ്ടുവരുന്നത് പോലീസ് വേഷവും പോലീസുകാരേയുമാണ്. സ്‌പേഷ്യൽ ബ്രാഞ്ചിലായിരുന്നു അച്ഛൻ. അച്ഛന്റെ നടപ്പും ഗാംഭീര്യവുമെല്ലാം എന്നിലും അറിയാതെ വന്നുപോകും. പോലീസ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അച്ഛനായിരുന്നു എന്റെ റോൾമോഡൽ.

പത്തൊൻപത് വർഷം അച്ഛൻ മാണിസാറിന്റെ കൂടെയായിരുന്നു. മാണിസാറിന്റെ കൂടെ ഏറ്റവും കൂടുതൽ വർഷം ജോലിചെയ്ത പോലീസുകാരനും അപ്പനായിരിക്കും. മാണിസാറിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു അപ്പൻ. മത്തായി സാറ് എന്നായിരുന്നു മാണിസാറ് അപ്പനെ വിളിച്ചിരുന്നത്. മത്തായി സാറിന്റെ മകൻ എന്നേ അറിയപ്പെടാൻ എന്നും ആഗ്രഹിച്ചിരുന്നുള്ളൂ. കണ്ണുകൾ തുടച്ചുകൊണ്ട് അപ്പന്റെ പടത്തിലേക്ക് നോക്കി അനിൽ മത്തായി പറഞ്ഞു. അപ്പനിന്നില്ല. ജോസ് കെ. മാണിയെപ്പോലെ തന്നെയായിരുന്നു മാണിസാറിന് ഞാനും. മത്തായി സാറിന്റെ മകനോട് ഇന്നുവരെ മാണിസാറിന്റെ കുടുംബം യാതൊരുവിധ വേർതിരിവും കാണിച്ചിട്ടില്ല.

അമ്മിണിക്കുട്ടിയുടേയും കൊച്ചുമത്തായിയുടെയും ഏകമകൻ അനിൽമത്തായി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ നാടകം എഴുതി അവതരിപ്പിക്കാനും പാട്ടുപാടാനും തുടങ്ങിയിരുന്നു. അപ്പന്റെ നാടകത്തോടുള്ള ഇഷ്ടവും അമ്മയുടെ പാട്ടും കുഞ്ഞുന്നാളുമുതലേ അനിലിലെ കലാകാരനെ കണ്ടെത്താൻ സഹായിച്ചു. പന്ത്രണ്ട് വയസ്സ് മുതൽതന്നെ പള്ളിയിലെ ഗായകസംഘത്തിലെ പ്രധാനിയായി മാറി. പാട്ടെഴുത്തും സംഗീതസംവിധാനവും പാട്ടുകാരനുമെല്ലാമായി അനിൽമത്തായി അറിയപ്പെട്ടുതുടങ്ങി. 2010 ൽ കെ മെലഡി എന്ന ബാന്റും തുടങ്ങി. പിന്നണി ഗായിക കെ.എസ്. പ്രിയ, ബിനു സരിഗ, റിനേഷ് ശൂരനട് എന്നിവരും അനിലിനോടൊപ്പം ചേർന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇവർ പ്രോഗ്രാമുകൾ അവതരിപ്പിച്ചുവരുന്നു.

അപ്പന്റെ തണലിൽ നിന്നുകൊണ്ടുതന്നെ മകൻ അറിയപ്പെടുന്ന ഒരു കലാകാരനായി മാറണമെന്ന ആഗ്രഹം അമ്മയ്ക്കായിരുന്നു. സീരിയലുകളിൽ മകൻ ചെയ്ത വേഷം കാണുമ്പോൾ അമ്മ ഏറെ സന്തോഷിക്കും. അമ്മയുടെ ആഗ്രഹം നിറവേറിയതിലുള്ള സന്തോഷം.

സാമൂഹിക

പ്രവർത്തകന്റെ വേഷം

അഭിനയവും സംഗീതവുമെല്ലാം ഉള്ളിലൊളിപ്പിച്ചുകൊണ്ടുതന്നെ സാമൂഹികപ്രവർത്തകന്റെ വേഷവും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ് അനിൽമത്തായി. അതിന് ഉദാഹരണമാണ് 2010 മുതൽ 2015 വരെ കരുനാഗപ്പള്ളിക്കടുത്തുള്ള തൊടിയൂർ ഗ്രാമപഞ്ചായത്തിലെ മെമ്പറായി സേവനമനുഷ്ഠിക്കാൻ അനിലിന് കഴിഞ്ഞത്. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം അനിൽ എന്നും കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുന്നു.

ശാസ്താംകോട്ട എം.ടി.എം.എം. മിഷൻ ഹോസ്പിറ്റലിലെ ട്രഷറർ കം മാനേജരായി സേവനം അനുഷ്ഠിക്കുമ്പോഴും ആതുരസേവനരംഗത്തും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുകയാണ് അനിൽമത്തായി.

ക്വയർ ഗായകനായി വന്ന്

നടനായി മാറി

ചെറിയ പ്രായത്തിൽ തന്നെ പള്ളിയിലെ പാട്ടുസംഘത്തിൽ ഇടം നേടിയ അനിൽമത്തായി പിന്നീട് പാട്ടെഴുത്തിന്റെ വഴിയിലൂടെയും സംഗീതസംവിധാനത്തിന്റെ വഴിയിലൂടെയും ബഹുദൂരം സഞ്ചരിച്ചു.

കരുനാഗപ്പള്ളിയിലെ ശ്രീരാഗ് റെക്കോർഡിംഗ് സ്റ്റുഡിയോയിലെ ബഷീർക്ക റെജിയോടും ഒത്തിരി നന്ദിയും കടപ്പാടുമുണ്ട്. അവരാണ് എന്നിലെ കലാകാരനെ വളർത്തിക്കൊണ്ടുവരാൻ ഏറെ സഹായിച്ചത്. പിന്നെ എന്റെ നാട്ടുകാരും. ഏഷ്യാനെറ്റിലെ അനിൽ ചാരുമൂടും ഹരി രാജാക്കാടും എന്നെ ഒത്തിരി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അനിൽമത്തായി അഭിനയിച്ച എസ്.ജി.എം ക്രിയേഷന്റെ ബാനറിൽ നിർമ്മിച്ച മൺവെട്ടം എന്ന ടെലിഫിലിമിന് 2016 ലെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും 2018 ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. ജയേഷ് മമ്പാടായിരുന്നു മൺവെട്ടത്തിന്റെ രചയിതാവ്.

കേരളത്തിലെ പ്രശസ്തരായ പ്രൊഫഷണൽ നാടകസംവിധായകരോടൊപ്പം വർക്ക് ചെയ്ത അനിൽ മത്തായി നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്.

ഒരു കലാകാരന് ഒഴിച്ചുകൂടാൻ പറ്റാത്തത് ക്ഷമയാണെന്ന് പറയുന്ന അനിൽമത്തായി അജുവർഗ്ഗീസ് അഭിനയിച്ച മോനായി അങ്ങനെ ആണായി എന്ന ചിത്രത്തിലും ഒരു മലയാളം കളർപടം, പന്ത്, കൽക്കി, ഹയ, ജമാലിന്റെ പുഞ്ചിരി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. കൽക്കി എന്ന ചിത്രത്തിൽ മറ്റൊരു താരത്തിന് ശബ്ദംകൂടി അനിൽമത്തായി നൽകി.

സ്‌നേഹഗീതം പോലെ

നിരീക്ഷണ പാടവവും ക്ഷമയും സ്ഥിരോത്സാഹവും ആഗ്രഹവും കഴിവുമുണ്ടെങ്കിൽ ഏതൊരാളുടെയും ആഗ്രഹം സഫലമാകുമെന്നാണ് ഈശ്വരവിശ്വാസിയായ ഈ സ്‌നേഹഗായകന്റെ ഭാഷ്യം.

മഴവിൽമനോരമയിൽ മീനാക്ഷി കല്യാണത്തിലെ കൊച്ചച്ചനും കന്യാദാനത്തിലെ സച്ചിസാറും ശ്രീനാരായണഗുരുവിലെ ഡോക്ടർ പൽപ്പുവിന്റെ വേഷവും പകർന്നാടിയ അനിൽ മത്തായി വീട്ടിലെത്തിയാൽ സ്‌നേഹനിധിയായ ഭർത്താവാണ്.

നൂറിലധികം ക്രിസ്തീയ ഗാനങ്ങൾ എഴുതി സംഗീതം പകർന്ന് ആലപിച്ച അനിൽമത്തായിയുടെ വരികളിൽ പ്രിയതമയ്ക്ക് ഏറെ ഇഷ്ടം പരുമല തിരുമേനിയെക്കുറിച്ച് എഴുതിയ പള്ളിപ്പരുമലയും പുൽക്കൂട്ടിൽ താരകവുമാണ്.

കൊല്ലം കുണ്ടറ സ്വദേശിയും ഗായികയുമായ ജയമേരി ജയ അനിലായതോടെ തന്റെ ജീവിതം ഒരു സംഗീതംപോലെ മധുരതരമായതായാണ് അനിൽ പറയുന്നത്. എല്ലാ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും പരാതിയും പരിഭവവുമില്ലാതെ ഞങ്ങൾ രണ്ടുപേർ അമ്മയോടൊപ്പം സന്തോഷത്തോടെ ഇവിടെ കഴിയുന്നു. ദുഷ്ടകഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അച്ചാച്ചന്റെ ഉള്ളുനിറയെ സ്‌നേഹമാ... ഒളികണ്ണിട്ട് അനിൽമത്തായിയെ നോക്കി ജയ ചിരിച്ചു. ഡോ, ഡാ, മക്കളെ എന്നൊക്കെ ജയയെ വിളിക്കുന്ന അനിൽ നല്ലൊരു ഭക്ഷണപ്രിയനും കൂടിയാണ്. ജയ നല്ലൊരു കുക്കാണ്. സ്‌നേഹം ചാലിച്ച രുചികരമായ ഭക്ഷണം പാകം ചെയ്തുതരുമ്പോൾ ഏതൊരു ഭർത്താവാണ് ഭക്ഷണപ്രിയനല്ലാതായി മാറുന്നതെന്ന് ചിരിച്ചുകൊണ്ട് അനിൽ പറഞ്ഞു. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും ഏറെ മൂല്യം കാണുന്ന അനിൽമത്തായി ബിഗ്‌സ്‌ക്രീനിൽ സജീവമാകുന്ന കാലത്തിനായി നമുക്ക് കാത്തിരിക്കാം.

നാസർ മുഹമ്മദ്,

ഫോട്ടോ: ആനന്ദ് കോവളം

Photo Courtesy - ഫോട്ടോ: ആനന്ദ് കോവളം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.