06:27am 30 April 2026
NEWS
വീട്ടമ്മയെ പട്ടാപ്പകൽ ഫ്ലാറ്റിനുള്ളിട്ട് ക്രൂരമായി കൊലപ്പെടുത്തി
11/09/2025  01:13 PM IST
nila
വീട്ടമ്മയെ പട്ടാപ്പകൽ ഫ്ലാറ്റിനുള്ളിട്ട് ക്രൂരമായി കൊലപ്പെടുത്തി

വീട്ടമ്മയെ പട്ടാപ്പകൽ ഫ്ലാറ്റിനുള്ളിട്ട് ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. സ്വാൻ ലേക്ക് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രേണു അഗർവാൾ(50) ആണ് കൊല്ലപ്പെട്ടത്. പത്തുദിവസം മുൻപ് ഇവരുടെ ഫ്‌ളാറ്റിൽ ജോലിക്കെത്തിയ ഝാർഖണ്ഡ് സ്വദേശി ഹർഷയും മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനായ റൗഷാൻ എന്നയാളുമാണ് രേണുവിനെ കൊലപ്പെടുത്തിയത്. രേണുവിനെ കെട്ടിയിട്ട് പ്രഷർ കുക്കർകൊണ്ട് തലയ്ക്കടിച്ചും കഴുത്തറത്തുമാണ് കൊലപ്പെടുത്തിയത്. കവർച്ച നടത്തുന്നതിനായാണ് രണ്ടം​ഗം സംഘം വീട്ടമ്മയെ കൊലപ്പെടുത്തിയത്. കൊലപാതകവും കവർച്ചയും നടത്തിയ ശേഷം പ്രതികൾ റാഞ്ചിയിലേക്ക് രക്ഷപെട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ബുധനാഴ്ച വൈകീട്ടോടെയാണ് രേണുവിനെ 13-ാം നിലയിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിലുണ്ടായിരുന്ന 40 ഗ്രാം സ്വർണവും ഒരുലക്ഷം രൂപയും മോഷണംപോയിട്ടുണ്ട്. സംഭവദിവസം വൈകീട്ട് ഹർഷയും റൗഷാനും ഫ്‌ളാറ്റിലേക്ക് വരുന്നതിന്റെയും തിരികെ ബൈക്കിൽ രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.  അതിക്രൂരമായാണ് രേണു അഗർവാളിനെ പ്രതികൾ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്നവിവരം. കൈകാലുകൾ കെട്ടിയിട്ട് കഴുത്തറത്തനിലയിലാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ചോരപുരണ്ടനിലയിൽ ഫ്‌ളാറ്റിൽ ഉപേക്ഷിച്ചിരുന്നു.

സ്റ്റീൽ ബിസിനസുകാരനായ രേണുവിന്റെ ഭർത്താവ് അഗർവാളും 26-കാരനായ മകനും ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ഫ്‌ളാറ്റിൽനിന്ന് സ്ഥാപനത്തിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിക്ക് അഗർവാൾ ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സംശയംതോന്നിയ ഇദ്ദേഹം നേരത്തേ സ്ഥാപനത്തിൽനിന്നിറങ്ങി ഫ്‌ളാറ്റിലേക്ക് വരികയായിരുന്നു. എന്നാൽ, ഫ്‌ളാറ്റിന്റെ പ്രധാന വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ ഫ്‌ളാറ്റിലെ പ്ലംബറുടെ സഹായത്തോടെ ബാൽക്കണിയിലെ വാതിൽ തുറന്നാണ് അകത്തുകടന്നത്. തുടർന്ന് ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് രേണുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. പ്രതികൾ ഉപേക്ഷിച്ച ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെത്തി.

പത്തുദിവസം മുൻപ് കൊൽക്കത്തയിലെ ഒരു ഏജൻസി മുഖേനയാണ് ഝാർഖണ്ഡ് സ്വദേശിയായ ഹർഷ രേണുവിന്റെ ഫ്‌ളാറ്റിൽ ജോലിക്കെത്തിയത്. റൗഷാൻ ഇതേ അപ്പാർട്ട്‌മെന്റിലെ 14-ാം നിലയിലുള്ള മറ്റൊരു ഫ്‌ളാറ്റിലെ ജോലിക്കാരനാണ്. ഇരുവരും ചേർന്ന് ആസൂത്രിതമായാണ് കൊലപാതകവും കവർച്ചയും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൃത്യത്തിന് ശേഷം റൗഷാന്റെ വീട്ടുടമയുടെ ബൈക്കിലാണ് ഇരുവരും കടന്നുകളഞ്ഞതെന്നും പോലീസ് പറഞ്ഞു. വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img