
ന്യൂഡൽഹി: യുവതികളെ ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവന്നിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിനിയായ സയീദ ബേഗയെ ആന്ധ്രാപ്രദേശ് പൊലീസ് മാർച്ച് 25-നാണ് പൊലീസ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് യുവാക്കളെയും സ്ത്രീകളെയും ഇവർ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ ശൃംഖലയിലേക്ക് ചേർത്തതായും കണ്ടെത്തി. ‘ഖവാത്തീൻ’ എന്ന പേരിൽ ഭീകര സംഘടനയുടെ വനിതാ വിഭാഗം രൂപീകരിച്ച് അതിന്റെ നേതാവായി സയീദയെ നിയമിക്കാൻ പദ്ധതിയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
സ്ത്രീകൾക്ക് ആയുധപരിശീലനം നൽകുന്നതിലും സയീദ സജീവമായിരുന്നു. തോക്ക് ഉപയോഗം, റൈഫിളുകൾ കൈകാര്യം ചെയ്യൽ, സ്ഫോടക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകിയതായും പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള ഗൂഢാലോചനയും സംഘത്തിനുണ്ടായിരുന്നുവെന്നാണ് സൂചന. വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന സയീദ, ഈ നെറ്റ്വർക്കിലേക്ക് സ്ത്രീകളെ ചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതുവരെ 42 സ്ത്രീകളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അൽ-ഖായ്ദ ഭീകരരുടെ വീഡിയോകളും സഖിർ നായിക്, ഇസ്രാർ അഹമ്മദ് തുടങ്ങിയ മതപ്രഭാഷകരുടെ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളിൽ സയീദ സജീവമായിരുന്നു. ഐ.എസ്.ഐ.എസ്, അൽ-ഖായ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനെന്റ് എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളും ഈ ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.
പാകിസ്ഥാനിലെ ഐ.എസ്.ഐ.എസ്, AQIS പോലുള്ള ഭീകരവാദസംഘടനകളുമായും ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് വഴി ലഭിച്ച ഒരു ലിങ്ക് വഴിയാണ് താൻ ഈ ഗ്രൂപ്പുകളിൽ എത്തിപ്പെട്ടതെന്നാണ് സയീദിന്റെ അവകാശവാദം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ ചഞ്ചൽഗുഡ സ്വദേശിനിയായ സയീദ ഭർത്താവിൽ നിന്ന് അകന്ന് മാതാപിതാക്കളോടും ആറുവയസുകാരനായ മകനോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്.











