
കാമുകിയെ കൊന്ന് മൃതദേഹം മാൻഹോളിൽ ഒളിപ്പിച്ച പൂജാരിക്ക് ജീവപര്യന്തം തടവുശിക്ഷ. തെലങ്കാനയിലെ സരൂർനഗർ ക്ഷേത്രത്തിലെ പൂജാരിയായ അയ്യഗരി വെങ്കിട്ട് സൂര്യ സായ്കൃഷ്ണയെയാണ് കോടതി ശിക്ഷിച്ചത്. ഹൈദരാബാദിലെ ഷംഷാബാദ് സ്വദേശിയും ടെലിവിഷൻ താരവുമായ അപ്‌സര(30)യെ കൊലപ്പെടുത്തിയ കേസിലാണ് പൂജാരിയെ ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതി പത്തുലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. ഇതിൽ 9.75 ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2023- ജൂൺ മൂന്നിനായിരുന്നു സംഭവം. അപ്സരയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിന് പിറകിലുള്ള റവന്യൂ ഓഫീസറുടെ കാര്യാലയത്തിന് പുറത്തെ മാൻഹോളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. ജൂൺ നാലാം തീയതി മുതൽ അപ്‌സരയെ കാണാനില്ലെന്ന് പറഞ്ഞ് സായ്കൃഷ്ണ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിലും മൊഴികളിലും സംശയം തോന്നിയ പോലീസ് സംഘം പരാതിക്കാരനെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.
വിവാഹിതനായ പൂജാരിയും കൊല്ലപ്പെട്ട യുവതിയും രഹസ്യബന്ധത്തിലായിരുന്നു. യുവതി വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാൾ പൊലീസിന് മൊഴിനൽകിയത്.











