
ന്യൂഡൽഹി: ഭാര്യയെ കൊന്ന്, കഷണങ്ങളാക്കി മുറിച്ച് പ്രഷർ കുക്കറിൽ വേവിച്ച് തടാകത്തിൽ ഉപേക്ഷിച്ചെന്ന് വെളിപ്പെടുത്തി മുൻ സൈനികൻ. ഹൈദരാബാദിലെ ജില്ലേലഗുഡയിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഗുരുമൂർത്തിയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. നാൽപ്പത്തിയഞ്ചുകാരനായ ഗുരുമൂർത്തിയുടെ ഭാര്യ പുട്ടവെങ്കട മാധവിയെ (35) കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുരുമൂർത്തി താൻ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞത്.
ജനുവരി 18നാണ് പുട്ടവെങ്കട മാധവിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ നൽകിയത്. അന്വേഷണത്തിൽ പൊലീസിനു ഭർത്താവിനെ സംശയം തോന്നി. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റകൃത്യം നടത്തിയതായി സമ്മതിച്ചത്. തെളിവുകൾ ഇല്ലാതാക്കാനാണ് മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ചതെന്നാണ് ഇയാളുടെ പ്രതികരണം.
‘‘ശുചിമുറിയിൽ വച്ചായിരുന്നു ശരീരം വെട്ടിനുറുക്കിയത്. ഭാഗങ്ങൾ പ്രഷർ കുക്കറിൽ വച്ചു വേവിച്ചു. പിന്നീട് അസ്ഥികൾ വേർപെടുത്തി. ഉലക്ക ഉപയോഗിച്ചു കുത്തിപ്പൊടിച്ചു വീണ്ടും വേവിച്ചു. മൂന്നുദിവസത്തോളം പലവട്ടം മാംസവും അസ്ഥികളും വേവിച്ചശേഷം പായ്ക്ക് ചെയ്ത് മീർപേട്ട് തടാകത്തിൽ ഉപേക്ഷിച്ചു’’ – ഗുരുമൂർത്തി പൊലീസിനോടു പറഞ്ഞു.
ബുധനാഴ്ച രാത്രി വരെ തടാകത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെടുക്കാനായിട്ടില്ല. വിശാലമായ തിരച്ചിലിന് പരിശോധക സംഘങ്ങളും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.











