
ഹൈദരാബാദിലെ ചാർമിനാറിനടുത്ത് ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തിൽ 17 പേരാണ് വെന്തുമരിച്ചത്. ഇപ്പോഴിതാ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ വീടുകളിൽ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചകൾ വെളിപ്പെടുത്തുകയാണ്. പച്ചജീവനോടെ കത്തിയമരുമ്പോഴും നാലു കുട്ടികളെ മാറോടണച്ച് ഇരിക്കുന്ന സ്ത്രീയുടെ കാഴ്ച്ചയാണ് തങ്ങളെ ഏറെ വേദനിപ്പിച്ചത് എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീയെ കണ്ട് തങ്ങൾ നടുങ്ങിപ്പോയെന്നാണ് ക്ഷാപ്രവർത്തകരായ മിർ സാഹിദും മുഹമ്മദ് അസ്മത്തും വെളിപ്പെടുത്തുന്നത്.
‘‘തീപിടിക്കുന്നതിനിടെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ കെട്ടിടത്തിനുള്ളിൽ കയറിയത്. ഒന്നാം നിലയിലെത്തിയപ്പോൾ, ഒരു സ്ത്രീ തറയിൽ ഇരിക്കുന്നതായി കണ്ടു. കുട്ടികളെ കെട്ടിപ്പിടിച്ചിരിക്കുകയായിരുന്നു അവർ. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. തീപടർന്നപ്പോൾ അവരെ സംരക്ഷിക്കാൻ സ്ത്രീ ശ്രമിച്ചിട്ടുണ്ടാകണം. നിർഭാഗ്യവശാൽ, അവരിൽ ആരും രക്ഷപ്പെട്ടില്ല.’’ – മിർ സാഹിദ് പറയുന്നു.
‘‘അസഹനീയമായ ഒരു കാഴ്ചയായിരുന്നു. ഞങ്ങൾ അവരുടെ മേൽ ഒരു ബെഡ്ഷീറ്റ് വിരിച്ചു. എല്ലാവർക്കും പൊള്ളലേറ്റിരുന്നു. അവിടെ ഞാൻ കണ്ട വാക്കുകള് വിവരിക്കാൻ കഴിയുന്നതല്ല.’’ – അസ്മത്ത് പറഞ്ഞു.
ഈ ഒരു വീട്ടിൽനിന്ന് മാത്രം ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സ്ത്രീയുടെയും കുട്ടികളുടെയും മൃതദേഹങ്ങളുണ്ടായിരുന്ന അതേ മുറിയിൽ തന്നെയായിരുന്നു രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ ചുമർ തകർത്താണ് ഈ വീട്ടിലേക്ക് പ്രവേശിച്ചത്. വീട്ടിലേക്കു പ്രവേശിക്കുമ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ഏഴ് പേരും മരിച്ചിരുന്നുവെന്നും രക്ഷാപ്രവർത്തകർ പറയുന്നു.
ഞായറാഴ്ച രാവിലെയാണ് ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായത്. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽനിന്നു തീ പടർന്നു. വൈകാതെ മുകളിലെ മൂന്നു നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.











