
വയനാട്ടിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പനമരം കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. രണ്ടു മക്കളാണ് ദമ്പതികൾക്ക്. ഇവരെ മുറിയിൽ അടച്ചിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്. ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ടാണ് ജിൽസൺ ലിഷയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.
അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടബാധ്യതയെ തുടർന്നാണ് ജിൽസൺ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാണ് സൂചന.










