10:01pm 31 October 2026
NEWS
ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി വഴിത്തിരിവായി; ഡാൻസാഫ് സംഘം കൊല്ലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തിയത് ഇങ്ങനെ..
24/10/2026  03:17 PM IST
nila
ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി വഴിത്തിരിവായി; ഡാൻസാഫ് സംഘം കൊല്ലത്ത് കള്ളനോട്ട് നിർമാണ കേന്ദ്രം കണ്ടെത്തിയത് ഇങ്ങനെ..

കൊല്ലം: കൊല്ലത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് വൻ കള്ളനോട്ട് നിർമാണക്കേസിന്റെ വിവരങ്ങൾ പുറത്തുവന്നത്. കൊല്ലം വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കള്ളനോട്ടുകളും അവ അച്ചടിക്കാനുള്ള സാമഗ്രികളും നോട്ട് എണ്ണുന്ന യന്ത്രവും പിടിച്ചെടുത്തു. രണ്ടര കോടിയോളം രൂപയുടെ കള്ളനോട്ട് നിർമിക്കാനാവശ്യമായ സാമഗ്രികളാണ് കണ്ടെത്തിയതെന്നാണ് വിവരം.

ഒരു സംഘം ആളുകൾ ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സിബിയോണിന്റെ ഭാര്യ കൊല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പിന്നീട് സിബിയോൺ തന്നെ പൊലീസ് സ്റ്റേഷനിലെത്തി തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതായി മൊഴി നൽകി. ഇതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസിൽ കൊല്ലം ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരമാണ് നിർണായകമായത്.

തുടർന്ന് സിബിയോണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് നിർമാണത്തിനുള്ള ഉപകരണങ്ങളും മറ്റ് സാമഗ്രികളും കണ്ടെത്തിയത്. പ്രിന്റർ, 500 രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാൻ തയ്യാറാക്കിയ പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം എന്നിവയാണ് പിടിച്ചെടുത്തത്. പേപ്പർ കെട്ടുകളുടെ വശങ്ങളിൽ 500 രൂപ നോട്ടിന്റെ ഡിസൈനും പ്രിന്റ് ചെയ്തിരുന്നു.

ഇതിനുപുറമെ, ഏകദേശം 45 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും പരിശോധനയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ വൻ കള്ളനോട്ട് മാഫിയയുടെ ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സിബിയോണിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കള്ളനോട്ട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img