
കൊല്ലം: നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി കൊട്ടിയം പൊലീസ്. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതിനു പിന്നാലെയാണ് പോക്സോ വകുപ്പ് ഉൾപ്പെടുത്തിയത്. പരാതി നൽകി ദിവസങ്ങൾക്കുശേഷമാണ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതെന്നാണ് യുവതിയുടെ ആരോപണം.
കുഞ്ഞിനു മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചതിന് തെളിവുകളടക്കം പരാതി നൽകിയിട്ടും പോക്സോ ചുമത്താൻ പൊലീസ് തയാറായില്ലെന്ന് ആരോപിച്ച് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നായിരുന്നു ആവശ്യം.
പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിനു പിന്നാലെ ഭർത്താവ് ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് നൽകിയെന്നും പരാതി
വർഷങ്ങളായി യുകെയിൽ താമസിച്ചിരുന്ന ദമ്പതികൾ ഈ മാസം 14നാണ് നാട്ടിലെത്തിയത്. യുകെയിൽ ഒരുമിച്ചു താമസിക്കുന്നതിനിടെ ഭർത്താവ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവിടത്തെ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ചെന്നാണ് യുവതിയുടെ പരാതി. കിടപ്പറ ദൃശ്യങ്ങൾ നിരന്തരം ചിത്രീകരിച്ചിരുന്നതായും കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചിരുന്നതായും യുവതി മൊഴി നൽകി.
ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഭർത്താവ് ക്രൂരമായി മർദിച്ചെന്നും യുവതി ആരോപിച്ചു. മറ്റു പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും പരാതിയിലുണ്ട്.
ഭർത്താവിന്റെ പെരുമാറ്റത്തിൽ സഹികെട്ട് യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൗൺസലിങ്ങിലൂടെ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പിന്നീട് അദ്ദേഹത്തോടൊപ്പം നാട്ടിലേക്ക് എത്തിയതെന്നും യുവതി പറയുന്നു.
കൗൺസലിങ്ങിനിടെ കുടുംബജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹമെന്നും ഭർത്താവ് പറഞ്ഞതായി യുവതി മൊഴി നൽകിയിട്ടുണ്ട്. 10 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവിന് അശ്ലീല വീഡിയോകളോട് അമിത താൽപര്യമുണ്ടെന്നും അതിന്റെ ഭാഗമായി സ്വകാര്യ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തെന്നുമാണ് യുവതിയുടെ പ്രധാന ആരോപണം.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസിൽ പോക്സോ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.










