മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊലപ്പെടുത്തിയ ഭർത്താവ് ഗർഭപാത്രം അറുത്തെടുത്തു; ശരീരം കൊത്തിയരിഞ്ഞ് രാസലായനിയിൽ ലയിപ്പിച്ചു

ബേൺ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന ജോക്സിമോവിച്ചിന്റെ കൊലപാതക കേസിൽ, ഭർത്താവ് തോമസിനെതിരെ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് 38 കാരിയായ ക്രിസ്റ്റീനയെ വീട്ടിനുള്ളിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചത്. സ്വിറ്റ്സർലൻഡിനെ നടുക്കിയ സംഭവത്തിൽ പുറത്തുവന്നത് ഭയാനകമായ കൊലപാതകത്തിന്റെ വിവരങ്ങളാണ്.
കൊലപാതകത്തിന് ശേഷം യുവതിയുടെ ശരീരഭാഗങ്ങൾ കത്തിയും മൂർച്ചയുള്ള ഉപകരണങ്ങളും ഉപയോഗിച്ച് മുറിച്ചുമാറ്റിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ തെളിഞ്ഞിട്ടുണ്ട്. ഗർഭപാത്രം നീക്കം ചെയ്ത ശേഷം വ്യാവസായിക ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരഭാഗങ്ങൾ വേർതിരിച്ചുവെന്നുമാണ് റിപ്പോർട്ട്. ചില അവശിഷ്ടങ്ങൾ രാസ ലായനിയിൽ ലയിപ്പിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു.
അവയവങ്ങൾ മുറിച്ചുമാറ്റുന്ന സമയത്ത്, തോമസ് ഫോണിലൂടെ യൂട്യൂബ് വീഡിയോകൾ കാണുകയായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. താൻ സ്വയം പ്രതിരോധിക്കാനായിരുന്നു ആക്രമണം എന്ന് തോമസ് മൊഴി നൽകിയിട്ടുണ്ടെങ്കിലും, അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
ദമ്പതികൾക്ക് രണ്ട് പെൺമക്കൾ ഉണ്ട്. 2007-ൽ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ഫൈനലിസ്റ്റായിരുന്ന ക്രിസ്റ്റീന പിന്നീട് ക്യാറ്റ്‌വാക്ക് പരിശീലകയായും മിസ് യൂണിവേഴ്‌സൽ ഉൾപ്പെടെ മത്സരങ്ങളിൽ മെന്ററായി പ്രവർത്തിച്ചിരുന്നു.











