09:09am 13 November 2026
NEWS
ശാസ്താംകോട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ രാജീവ് കുടുങ്ങിയത് ഇങ്ങനെ..

14/01/2025  08:34 AM IST
nila
ശാസ്താംകോട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ രാജീവ് കുടുങ്ങിയത് ഇങ്ങനെ..

ശാസ്താംകോട്ട: കൊല്ലം  മൈനാഗപ്പള്ളി സ്വദേശി ശ്യാമയെ (26) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായത് പോസ്റ്റ്മോർട്ടത്തിൽ  കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ. ശ്യാമയുടെ ഭർത്താവ് രാജീവിനെ (38) ഇന്നലെ രാത്രിയിലാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തറയിൽ തലയിടിച്ച് വീണ് മരിച്ചെന്ന് വരുത്തിതീർക്കാനായിരുന്നു ഇയാളുടെ ശ്രമം. 

മൈനാ​ഗപ്പള്ളി കല്ലുകടവ് പാലത്തിനു സമീപം കട നടത്തുകയാണ് രാജീവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.  ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലയ്ക്കു പിന്നിലെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. 

അബോധാവസ്ഥയിലായ ശ്യാമയെ  ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടുമോയെന്നറിയാൻ സമീപത്തെ ഉത്സവ മൈതാനത്ത് എത്തി നാട്ടുകാരോട് രാജീവ് സഹായം തേടി. വീടിനുള്ളിൽ വീണുകിടക്കുന്ന തരത്തിൽ കണ്ടെത്തിയ ശ്യാമയെ നാട്ടുകാരുടെ സഹായത്തോടെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ദുരൂഹത സംബന്ധിച്ച് പരാതികളും പ്രതിഷേധവും ഉയർന്നതോടെ രാജീവ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലായി. എന്നാൽ കുറ്റം സമ്മതിക്കാൻ തയാറായില്ല. ഒടുവിൽ രാത്രി വൈകിയാണ് പ്രതി കുറ്റം സമ്മതിച്ചത്. ദിയ രാജ്, ദക്ഷ രാജ് എന്നിവർ മക്കളാണ്. ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്യാമയുടെ  മൃതദേഹം രാത്രി സംസ്കരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img