08:11pm 23 August 2026
NEWS
ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
22/08/2026  05:09 PM IST
nila
ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഹുസൈനെ പൊലീസ് പിടികൂടിയത്.

കൊലപാതകത്തിന് ശേഷം കണ്ണൂരിലേക്ക് പോയ ഹുസൈൻ തിരൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. തിരൂർ പൂക്കയിൽ ബസിന് കുറുകെ ജീപ്പ് നിർത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി ഒന്നിന് ശേഷമാണ് ഹുസൈൻ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ടെന്നും അത് എടുക്കാൻ പോകണമെന്നും പറഞ്ഞാണ് ഫൗസിയയെ കൊണ്ടുപോയതെന്നാണ് വിവരം. എന്നാൽ വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് മക്കൾ പൊലീസിൽ പരാതി നൽകി.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടിക്ക് സമീപം ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. കടലിലേക്ക് പോകാനൊരുങ്ങിയ വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങുകയായിരുന്നു. ഇത് വലിച്ചെടുത്തപ്പോഴാണ് അറ്റത്ത് ചാക്ക് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പരിശോധനയിൽ ചാക്കിനുള്ളിൽ ഫൗസിയയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചിരുന്നതായും വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കുണ്ടാവുകയും ദേഷ്യത്തിൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയിൽ ഫൗസിയയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.

കഴുത്ത് ഞെരിച്ചാണ് ഫൗസിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ പിൻഭാഗത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. ഇത് നങ്കൂരം തട്ടിയുണ്ടായതാകാമെന്നാണ് പൊലീസ് കരുതുന്നത്.

സമീപത്തെ വീടുകളിൽ ജോലിക്ക് പോയായിരുന്നു ഫൗസിയ കുടുംബം പുലർത്തിയിരുന്നത്. ഷബീബും ബിൻസിയുമാണ് മക്കൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img