12:54am 06 November 2026
NEWS
ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി ക്ഷേത്രത്തിൽ ഇരുന്ന ഭർത്താവ് അറസ്റ്റിൽ
05/11/2026  03:06 PM IST
nila
ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി ക്ഷേത്രത്തിൽ ഇരുന്ന ഭർത്താവ് അറസ്റ്റിൽ

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി ക്ഷേത്രത്തിൽ ഇരുന്ന ഭർത്താവ് അറസ്റ്റിൽ. ദക്ഷിൺ ദിനാജ്പൂർ ജില്ലയിലെ ഗംഗാരാംപൂരിലാണ് നാടിനെ നടുക്കിയ സംഭവം. റിന്റു ഘോഷ് (47) ആണ് ഭാര്യ സീമ സർക്കാർ (42)യെ കൊലപ്പെടുത്തിയത്. 

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ ഏറെക്കാലമായി തർക്കങ്ങൾ നിലനിന്നിരുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് അഭിഷേക് ഗുപ്ത വ്യക്തമാക്കി.

മുൻപ് സർക്കാർ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന റിന്റു പിന്നീട് വീട്ടിൽ കഴിയുകയായിരുന്നു. അടുത്തിടെയായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ പ്രകടമായിരുന്നുവെന്ന് ബന്ധുവായ രാജേഷ് പ്രമാണിക് പറഞ്ഞു. സസ്യാഹാരം മാത്രം കഴിക്കുകയും താന്ത്രികനെപ്പോലെയുള്ള ജീവിതരീതി പിന്തുടരുകയും ചെയ്തിരുന്നതായും ബന്ധു വെളിപ്പെടുത്തി.

വീട്ടിൽവെച്ചാണ് റിന്റു ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹത്തിൽ നിന്ന് തലയറുത്തെടുത്ത് സമീപത്തെ ക്ഷേത്രത്തിലെത്തുകയായിരുന്നു. രക്തം പുരണ്ട തല കൈവശംവെച്ച് ക്ഷേത്രത്തിനുള്ളിൽ ശാന്തനായി ഇരിക്കുന്ന ഇയാളെ കണ്ട അയൽവാസി പരിഭ്രാന്തനായി ബഹളംവെച്ചു. ഇതോടെ നാട്ടുകാർ സ്ഥലത്തെത്തി. എന്നാൽ, കത്തിയുമായി പുറത്തേക്കിറങ്ങിയ പ്രതി ജനങ്ങളെ നേരിടാൻ ശ്രമിച്ചതോടെ പ്രദേശത്ത് ഭീതിയുണ്ടായി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റിന്റുവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ 'ഞാൻ ഒരു സൈക്കോ ആയി മാറി' എന്ന് ഇയാൾ വിളിച്ചുപറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

കൊലപാതകം നടക്കുമ്പോൾ ദമ്പതികളുടെ അഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ വീട്ടിലുണ്ടായിരുന്നു. ക്ഷേത്രത്തിൽനിന്ന് യുവതിയുടെ അറുത്തെടുത്ത തലയും വീട്ടിൽനിന്ന് തലയില്ലാത്ത മൃതദേഹവും പൊലീസ് കണ്ടെത്തി. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി മദ്യപിച്ചിരുന്നതായി നിലവിൽ തെളിവുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ഫോറൻസിക് പരിശോധനയും തെളിവുശേഖരണവും പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img