01:50am 05 June 2026
NEWS
ഹസീന ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സുരേഷിന്റെ മൃതദേഹം റയിൽവെ ട്രാക്കിൽ
04/06/2026  01:15 PM IST
NILA
ഹസീന ബീവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സുരേഷിന്റെ മൃതദേഹം റയിൽവെ ട്രാക്കിൽ

തിരുവനന്തപുരം: നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിതമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിദംബരത്ത് റെയിൽവേ ട്രാക്കിൽ നിന്നാണ് സുരേഷിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബുധനാഴ്ച പുലർച്ചെയായിരുന്നു നാലാഞ്ചിറ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന ഹസീന ബീവി (36) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുരേഷ് കാറിൽ രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാലരാമപുരം റെയിൽവേ സ്റ്റേഷനു സമീപം ഇയാൾ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചിദംബരത്ത് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നാലുമാസം മുമ്പാണ് ദമ്പതികളും മക്കളും നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. ഇവർ തമ്മിൽ നേരത്തെയും അഭിപ്രായവ്യത്യാസങ്ങളും കുടുംബകലഹങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹസീന വീട് വിട്ടുപോയിരുന്നു. തുടർന്ന് സുരേഷ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുരേഷിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

പൊലീസ് ഇടപെട്ടതിനെ തുടർന്ന് ഹസീന വീട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചു. ഇരുവരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച ശേഷമാണ് ഹസീനയെ മാതാവിനും മക്കൾക്കുമൊപ്പം വീട്ടിലേക്ക് തിരിച്ചയച്ചത്.

എന്നാൽ ബുധനാഴ്ച പുലർച്ചെ ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടെ അടുക്കളയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുരേഷ് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് കത്തി കഴുകി വൃത്തിയാക്കി അടുക്കളയിൽ വച്ചശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഹസീനയെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img