
ദോഹ:ദേശാടനപ്പക്ഷികളുടെ വേട്ടയാടൽ സീസൺ ആരംഭിക്കാനിരിക്കെ, ഖത്തറിലെ സൂഖ് വാഖിഫിലെ പരുന്ത് (ഫാൽക്കൺ) വിപണിയിൽ വൻ ഉണർവ്. സെപ്റ്റംബർ ആദ്യം മുതൽ ഫെബ്രുവരി പകുതി വരെ നീളുന്ന വേട്ടയാടൽ സീസൺ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രഖ്യാപിച്ചതോടെ പരുന്തുകളുടെ വിൽപ്പനയിൽ മുൻപത്തേതിനേക്കാൾ 60 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
വേട്ടക്കാലത്തിന് മുന്നോടിയായി ഖത്തരി പൗരന്മാരും സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അയൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും വൻതോതിൽ പരുന്തുകളെ വാങ്ങാൻ എത്തുന്നുണ്ട്. നേരിട്ടുള്ള വിൽപ്പനയ്ക്ക് പുറമെ, സോഷ്യൽ മീഡിയ വഴി ഓർഡറുകൾ സ്വീകരിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിച്ചുനൽകുന്ന സേവനവും കടയുടമകൾ നൽകിവരുന്നുണ്ട്. സെപ്റ്റംബറോടെ ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പരുന്തുകൾ എത്തുന്നതോടെ വിപണി ഇനിയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇനം, പ്രഭവം, പ്രത്യേകതകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പരുന്തുകളുടെ വില നിർണ്ണയിക്കുന്നത്. ഗൈർ-ഷാഹീൻ (Gyr-Shaheen): 50,000 ഖത്തർ റിയാൽ മുതൽ
ഷാഹീൻ (Shaheen): 30,000 റിയാൽ മുതൽ
ഗൈർഫാൽക്കൺ (Gyrfalcon): 20,000 റിയാൽ മുതൽ
സ്പാനിഷ് ഗൈർ: 10,000 റിയാൽ മുതൽ
ബ്രിട്ടീഷ് ഗാർമൗഷ: 4,000 റിയാൽ
വക്രി (Wakri / Lanner Falcon): 2,500 മുതൽ 5,000 റിയാൽ വരെ
സുഡാനീസ് വക്രി: 2,000 റിയാൽ മുതൽ
ആവശ്യക്കാരുടെ താത്പര്യങ്ങൾക്കനുസരിച്ച് സാധാരണ പരുന്തുകൾ 2,000 മുതൽ 20,000 റിയാൽ വരെ ലഭ്യമാണെങ്കിലും, അപൂർവ്വ ഇനങ്ങൾക്ക് ഇതിലും ഉയർന്ന വില ലഭിക്കാറുണ്ട്.പരുന്തുകൾക്കൊപ്പം അവയെ പരിപാലിക്കാനും വേട്ടയാടലിനും ആവശ്യമായ അനുബന്ധ സാമഗ്രികളുടെ വിൽപ്പനയും സൗഖ് വാഖിഫിൽ തകർത്തു നടക്കുന്നുണ്ട്. 50 മുതൽ 500 റിയാൽ വരെ വിലയുള്ള പ്രത്യേക കയ്യുറകൾ, 30 മുതൽ 150 റിയാൽ വരെയുള്ള മുഖംമൂടികൾ (Hoods), ക്യാരിയിങ് കേസുകൾ (60-70 റിയാൽ), കത്തികൾ, വലകൾ, വേട്ടയാടലിനുള്ള വസ്ത്രങ്ങൾ എന്നിവ വിപണിയിൽ സജീവമാണ്. കൂടാതെ ജർമ്മൻ നിർമ്മിത ബൈനോക്കുലറുകൾക്ക് 2,800 റിയാൽ മുതലാണ് വില.പരുന്തിനെ വാങ്ങുന്നത് ഒരുക്കങ്ങളുടെ തുടക്കം മാത്രമാണെന്ന് വ്യാപാരികൾ ഓർമ്മിപ്പിക്കുന്നു. പുതിയ ഉടമസ്ഥനുമായി ഇണങ്ങുന്നതിനും വേട്ടയാടൽ ശേഷി മെച്ചപ്പെടുത്തുന്നതിനുമായി പരുന്തുകൾക്ക് ചുരുങ്ങിയത് 15 ദിവസത്തെ പരിശീലനം ആവശ്യമാണ്. അതിനാൽ തന്നെ മുൻകൂട്ടി പരിശീലനം ലഭിച്ച പരുന്തുകൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയും. സെപ്റ്റംബർ മുതൽ ജനുവരി വരെ സീസൺ പൂർണ്ണ തോതിലാകുന്നതോടെ വിപണിയിലെ ഈ തിരക്ക് തുടരുമെന്നാണ്
കണക്കാക്കപ്പെടുന്നത്.











