07:37pm 10 November 2026
NEWS
ബലാത്സം​ഗക്കേസിന് പിന്നാലെ വേടൻ ഒളിവിൽ; ഫോൺ കസ്റ്റഡിയിൽ
02/08/2025  01:15 PM IST
nila
ബലാത്സം​ഗക്കേസിന് പിന്നാലെ വേടൻ ഒളിവിൽ; ഫോൺ കസ്റ്റഡിയിൽ

വിവാഹ വാ​ഗ്ദാനം നൽകി ബലാത്സം​ഗം ചെയ്തെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ റാപ് ഗായകൻ വേടൻ  (ഹിരൺദാസ് മുരളി) ഒളിവിൽ. ഇയാളുടെ വീട്ടിൽ പൊലീസ് സംഘം എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. വേടന്റെ വീട്ടിൽനിന്ന് ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, വേടൻ എവിടെയെന്നത് സംബന്ധിച്ച് വിവരമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വിവാഹം കഴിക്കുമെന്നു വിശ്വസിപ്പിച്ചു 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തെന്നു പരാതിക്കാരി മൊഴി നൽകി. മറ്റു യുവതികളുമായുള്ള അടുപ്പത്തിനു തടസ്സമാണെന്നു പറഞ്ഞാണ് ഒഴിവാക്കിയതെന്നും മാനസികമായി തകർന്ന താൻ തൊഴിൽ ചെയ്യാനും സാധാരണ ജീവിതം നയിക്കാനും സാധിക്കാത്ത നിലയിലെത്തിയെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു.

കോഴിക്കോട്ട് മെഡിക്കൽ കോളജിൽ പിജിക്കു പഠിക്കുമ്പോൾ 2021ൽ സമൂഹമാധ്യമം വഴിയാണു വേടനെ പരിചയപ്പെട്ടത്. കോഴിക്കോട് കോവൂർ റോഡിലെ ഫ്ലാറ്റിലെത്തിയ വേടൻ ബലം പ്രയോഗിച്ചു പീഡിപ്പിച്ചെങ്കിലും വിവാഹം കഴിക്കുമെന്ന് ഉറപ്പു നൽകി സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയെന്നാണു പരാതിക്കാരി പറയുന്നത്. ബന്ധം തുടർന്നതായും നാലു വട്ടം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും മൊഴിയിലുണ്ട്. 10 വർഷം കഠിനതടവു മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് 376 പ്രകാരമുള്ള പീഡനക്കുറ്റം അടക്കം പൊലീസ് ചുമത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും.  കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് വേടൻ ഹർജിയിൽ ആരോപിക്കുന്നത്. ലൈം​ഗികബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നു എന്നും വേടൻ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img