
കൊച്ചി: ഇറിഡിയം വ്യാപാരമെന്ന പേരിൽ കോടികൾ കൈക്കലാക്കിയ ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റിനെതിരെ എറണാകുളം ജില്ലയിലും പരാതി. ആലപ്പുഴയിലും കോട്ടയത്തും 250ലധികം പേരിൽ നിന്ന് പണം തട്ടിയെടുത്ത സംഘം, എറണാകുളത്ത് മാത്രം 190ലധികം ആളുകളെ വലയിലാക്കിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇരകളിൽ പലർക്കും ലക്ഷങ്ങൾ മുതൽ ഒരു കോടി രൂപ വരെ നഷ്ടമായിട്ടുണ്ട്. 23 ലക്ഷം രൂപ നഷ്ടപ്പെട്ട എറണാകുളം സ്വദേശിയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തതോടെ ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 23 ആയി ഉയർന്നു.
ബിയോൺഡ് ചാരിറ്റബിൾ ട്രസ്റ്റാണ് കേസിലെ ഒന്നാം പ്രതി. ആലപ്പുഴ സ്വദേശി സജി ഔസേപ്പ്, ചെന്നൈ സ്വദേശി നടാഷ, അഹമ്മദ് ഷാ എന്നിവരാണ് മറ്റ് പ്രതികൾ. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക നഷ്ടത്തിന് പുറമേ സാമൂഹിക നാണക്കേടും ഭയവും മൂലം നിരവധി പേർ ഇതുവരെ നിയമനടപടികൾക്ക് മുന്നോട്ട് വന്നിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
2022ൽ സുഹൃത്ത് വഴി ട്രസ്റ്റിൽ അംഗത്വമെടുത്ത പരാതിക്കാരനോട്, ആർ.ബി.ഐയുടെ അംഗീകാരം ഉള്ള സ്ഥാപനം എന്ന പേരിൽ സംഘം വൻ വാഗ്ദാനങ്ങളാണ് നൽകിയത്. 25,000 രൂപ അംഗത്വ ഫീസ് അടച്ചാൽ മൂന്ന് മുതൽ ആറു മാസത്തിനകം 10 കോടി രൂപ ലഭിക്കുമെന്നായിരുന്നു ഉറപ്പ്. കോട്ടയത്ത് സംഘടിപ്പിച്ച ക്ലാസിലൂടെ വിശ്വാസ്യത ഉറപ്പാക്കുകയും, ആർ.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലരെ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മറവിലാണ് വിവിധ ഘട്ടങ്ങളിലായി 23 ലക്ഷം രൂപ കൈപ്പറ്റിയത്.
തട്ടിപ്പിൽ പൊലീസുകാരും ഇരകളായെന്നതാണ് അന്വേഷണത്തിലെ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തൽ. റിസർവ് പൊലീസിന്റെ ചുമതലയുള്ള ഒരു ഡിവൈ.എസ്.പിയിൽ നിന്ന് 25 ലക്ഷം രൂപയും, ഒരു വനിതാ എസ്.ഐയുടെ ഭർത്താവിൽ നിന്ന് 10 ലക്ഷം രൂപയും സംഘം തട്ടിയെടുത്തതായി സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശി സജി ഔസേപ്പാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണു പൊലീസ് കരുതുന്നത്. അടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും ഉപയോഗിച്ച് വിശ്വാസം നേടിയെടുത്താണ് ഇയാൾ ഇരകളെ കുടുക്കിയതെന്ന് അന്വേഷണ സംഘം പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ ഹരിപ്പാട് വെട്ടുവേനി സ്വദേശിക്ക് 75 ലക്ഷം രൂപ നഷ്ടമായതോടെയാണ് ട്രസ്റ്റിന്റെ തട്ടിപ്പ് പുറംലോകെ അറിഞ്ഞത്. ഐ.എസ്.ആർ.ഒയിൽ നിന്ന് ഇറിഡിയം വാങ്ങി നൽകാമെന്നും, അത് മറിച്ചുവിറ്റാൽ കോടികൾ ലാഭിക്കാമെന്നും പറഞ്ഞായിരുന്നു സംഘം യുവാവിനെ കബളിപ്പിച്ചത്. പണം കൈമാറിയെങ്കിലും ലാഭമോ മൂലധനമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് വഞ്ചന പുറത്തറിയുന്നത്.
ആദ്യഘട്ടത്തിൽ ആർ.ബി.ഐയുടെ ചാരിറ്റി ഫണ്ടെന്ന പേരിലായിരുന്നു ഇടപാട്. പിന്നീട് റൈസ്‌പുള്ളർ പദ്ധതിയെന്നും, ഒടുവിൽ ഇറിഡിയം ഇടപാടെന്നുമാണ് കഥ മാറിയത്. കേന്ദ്ര സർക്കാർ ഇറിഡിയം വ്യാപാരത്തിന് വീണ്ടും അനുമതി നൽകിയെന്ന വ്യാജവാദം ഉയർത്തിയാണ് കോടികളുടെ സ്വപ്നം കാട്ടി പണം കൈക്കലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.








