11:18am 19 September 2026
NEWS
ബലാത്സംഗം മുതൽ ജനനേന്ദ്രിയത്തിൽ വൈദ്യുതാഘാതം വരെ; ഇരകളിൽ നാല് വയസ്സുകാരി മുതൽ 82 വയസ്സുകാരി വരെ; യുദ്ധത്തിന്റെ മറവിൽ റഷ്യൻ സൈനികരും യുക്രൈൻ സൈനികരും യുക്രൈനിൽ നടത്തുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
19/09/2026  09:01 AM IST
nila
 ബലാത്സംഗം മുതൽ ജനനേന്ദ്രിയത്തിൽ വൈദ്യുതാഘാതം വരെ;  ഇരകളിൽ നാല് വയസ്സുകാരി മുതൽ 82 വയസ്സുകാരി വരെ; യുദ്ധത്തിന്റെ മറവിൽ റഷ്യൻ സൈനികരും യുക്രൈൻ സൈനികരും യുക്രൈനിൽ നടത്തുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

കീവ്: 2022ൽ റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് സാധാരണക്കാരും യുദ്ധത്തടവുകാരും ലൈംഗികാതിക്രമത്തിനും ക്രൂരമായ പീഡനങ്ങൾക്കും ഇരയായതായി ഐക്യരാഷ്ട്രസഭ. വെള്ളിയാഴ്ച (സെപ്റ്റംബർ 18) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഗുരുതരമായ വിവരങ്ങൾ യുഎൻ മനുഷ്യാവകാശ ഓഫീസ് പുറത്തുവിട്ടത്.

രേഖപ്പെടുത്തിയ കേസുകളിൽ 89 ശതമാനവും റഷ്യൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വ്യക്തമാക്കി. റഷ്യൻ സായുധസേനയിലെ അംഗങ്ങൾ, ജയിൽവകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ വിഭാഗത്തിലെ അംഗങ്ങൾ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്. ബാക്കിയുള്ള 11 ശതമാനം കേസുകൾ യുക്രൈൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇരുരാജ്യങ്ങളും സംഭവങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണമെന്ന് യുഎൻ ആവശ്യപ്പെട്ടു.

2022 ഫെബ്രുവരി 24ന് റഷ്യ യുക്രൈനിൽ ആക്രമണം ആരംഭിച്ചതു മുതൽ ഈ വർഷം ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 1,004 ലൈംഗികാതിക്രമ കേസുകളാണ് യുഎൻ രേഖപ്പെടുത്തിയത്. സാധാരണക്കാർക്കും യുദ്ധത്തടവുകാർക്കും നേരെ ലൈംഗികാതിക്രമം വ്യാപകമായി പീഡനം, ഭീഷണി, നിർബന്ധിക്കൽ എന്നിവയ്ക്കുള്ള ആയുധമായി ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഇരകളുമായും അതിജീവിച്ചവരുമായും നടത്തിയ രഹസ്യ അഭിമുഖങ്ങൾ, കോടതി രേഖകൾ, ഔദ്യോഗിക രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് 20 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ഇരുപക്ഷവും നടത്തിയ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ നൂറുകണക്കിന് പേരുമായി യുഎൻ സംഘം അഭിമുഖം നടത്തിയിരുന്നു.

“റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം ക്രൂരമായ സംഭവങ്ങളുടെ വ്യാപ്തി എന്നെ ഏറെ ആശങ്കപ്പെടുത്തുന്നു. യുക്രൈനിൽ തുടരുന്ന അക്രമങ്ങൾക്കിടയിലും ഇത്തരം സംഭവങ്ങൾ ഇപ്പോഴും തുടരുന്നുണ്ടാകാമെന്നാണ് ഭയപ്പെടുന്നത്,” യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടുർക്ക് പറഞ്ഞു.

യുക്രൈനിലെ യുഎൻ മനുഷ്യാവകാശ ഓഫീസ് മേധാവി ഡാനിയേൽ ബെൽ ജനീവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, രേഖപ്പെടുത്തിയ കേസുകൾ യഥാർഥ സംഭവങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണെന്ന് വ്യക്തമാക്കി. ഇരുപക്ഷവും വിട്ടയച്ച യുദ്ധത്തടവുകാരിൽ ഏകദേശം 10 ശതമാനം പേരുമായി മാത്രമാണ് യുഎൻ അന്വേഷണ സംഘത്തിന് സംസാരിക്കാൻ കഴിഞ്ഞത്. റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള യുക്രൈൻ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും സംഘത്തിന് സാധിച്ചിട്ടില്ല.

ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നും പ്രത്യേകിച്ച് തടങ്കൽ കേന്ദ്രങ്ങളിലാണ് പുരുഷന്മാർ കൂടുതലായി ഇരകളായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ റഷ്യൻ അധീനതയിലുള്ള യുക്രൈൻ പ്രദേശങ്ങളിൽ സ്ത്രീകളും കുട്ടികളും വലിയ തോതിൽ ഇരകളായിട്ടുണ്ട്.

കൂട്ടബലാത്സംഗം, ബലാത്സംഗം, ജനനേന്ദ്രിയം വികൃതമാക്കൽ, ജനനേന്ദ്രിയത്തിൽ വൈദ്യുതാഘാതം ഏൽപ്പിക്കൽ, മർദനം, ലൈംഗിക സ്വഭാവമുള്ള മറ്റ് അപമാനകരമായ പ്രവൃത്തികൾ തുടങ്ങിയവയാണ് യുഎൻ രേഖപ്പെടുത്തിയ അതിക്രമങ്ങളിൽ ഉൾപ്പെടുന്നത്.

യുഎൻ രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഏറ്റവും പ്രായം കുറഞ്ഞ ബലാത്സംഗ അതിജീവിതയ്ക്ക് നാല് വയസ്സായിരുന്നു. ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 82 വയസ്സും. ഇരുകേസുകളിലും റഷ്യൻ അധികൃതർക്കാണ് യുഎൻ ഉത്തരവാദിത്വം ചുമത്തിയത്.

റഷ്യൻ സൈനികർക്കും മറ്റ് വിദേശ യുദ്ധത്തടവുകാർക്കുമെതിരെ യുക്രൈൻ അധികൃതർ നടത്തിയതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളിൽ ഏകദേശം പകുതിയോളം സംഭവങ്ങളിലും ലൈംഗികാതിക്രമം നടത്തുമെന്ന ഭീഷണിയാണ് ഉണ്ടായിരുന്നതെന്നും യുഎൻ വ്യക്തമാക്കി.

യുക്രൈനിൽ നിന്ന് റഷ്യ സേനയെ പിൻവലിക്കണമെന്നും വോൾക്കർ ടുർക്ക് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img