12:20pm 22 July 2026
NEWS
കൃഷിയിലേക്കും എഐ എത്തി? വയലിൽ ഹ്യുമനോയിഡ് റോബോട്ടിന്റെ ജോലി വൈറൽ
22/07/2026  09:39 AM IST
nila
കൃഷിയിലേക്കും എഐ എത്തി? വയലിൽ ഹ്യുമനോയിഡ് റോബോട്ടിന്റെ ജോലി വൈറൽ

വയലിൽ കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മനുഷ്യരുടെ ജോലികൾ എഐ കവർന്നെടുക്കുമെന്ന ആശങ്കകൾക്കിടെയാണ് കൃഷിപ്പണിയെടുക്കുന്ന ഹ്യുമനോയിഡ് റോബോട്ടിന്റെ വീഡിയോ പുറത്തുവന്നത്. എക്സിൽ പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. കൃഷിപോലുള്ള ശാരീരിക അധ്വാനം ആവശ്യമായ മേഖലകൾ എഐയുടെ സ്വാധീനത്തിൽ നിന്ന് അകന്നുനിൽക്കുമെന്ന പൊതുധാരണയെയാണ് ഈ ദൃശ്യങ്ങൾ വീണ്ടും ചോദ്യം ചെയ്യുന്നത്.

'ഫിഡെക്സ്കോഡ്' എന്ന പേരിലുള്ള ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് വീഡിയോ പങ്കുവെച്ചത്. മൺവെട്ടി ഉപയോഗിച്ച് വയലിൽ കൃഷിപ്പണി ചെയ്യുന്ന മനുഷ്യസദൃശ റോബോട്ടിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. "ടെക് ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ കൃഷിയിലേക്ക് മാറൂ... അതേസമയം എഐ" എന്ന പരിഹാസരൂപത്തിലുള്ള അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഇതോടെ, കൃഷിമേഖലയിലും എഐയുടെ കടന്നുകയറ്റം ആരംഭിച്ചോ എന്ന ചോദ്യവുമായി നിരവധി പേരാണ് പ്രതികരിച്ചത്.

"കൃഷി, പ്ലംബിങ്, ആശാരിപ്പണി തുടങ്ങിയ ശാരീരിക ജോലികൾ എഐയുടെ പരിധിക്കപ്പുറമാണെന്ന് കരുതിയിരുന്നു. എന്നാൽ സാങ്കേതികവിദ്യ അതിവേഗം മുന്നേറുകയാണെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്," എന്നായിരുന്നു ഒരു ഉപയോക്താവിന്റെ അഭിപ്രായം. മറുവശത്ത്, വീഡിയോയുടെ വിശ്വാസ്യത ചോദ്യം ചെയ്തവരും രംഗത്തെത്തി. ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യമായിരിക്കാമെന്നാണ് ചിലരുടെ വിലയിരുത്തൽ.

ഇതിനിടെ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നേരത്തെ പങ്കുവെച്ച അഭിപ്രായവും വീണ്ടും ശ്രദ്ധ നേടുകയാണ്. മനുഷ്യരുടെ താൽപര്യവും സാമൂഹിക ഇടപെടലും പ്രധാനമായ മേഖലകളെ എഐക്ക് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. കുട്ടികളുടെ പരിപാലനം, അധ്യാപനം, വയോജന സംരക്ഷണം, വനസംരക്ഷണം, ക്ഷേത്രങ്ങളിലെ ദൈനംദിന ചടങ്ങുകൾ, കർണാടക സംഗീതം, കൃഷി എന്നിവയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ മേഖലകൾ.

എന്നാൽ പുതിയ വൈറൽ വീഡിയോ ആ വിലയിരുത്തലിനെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും കൃഷിയുടെ കാര്യക്ഷമത വർധിപ്പിക്കാനും ഭാവിയിൽ എഐ അധിഷ്ഠിത റോബോട്ടുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം, മനുഷ്യരെ പൂർണമായും മാറ്റിസ്ഥാപിക്കുന്നതിനേക്കാൾ അവരുടെ ജോലിക്ക് സഹായകരമാകുന്ന സാങ്കേതികവിദ്യയായിരിക്കും ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കുകയെന്ന വിലയിരുത്തലും ശക്തമാണ്.

വീഡിയോ യഥാർഥമാണോ, എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഒരു ചെറിയ വീഡിയോ പോലും എഐയുടെ ഭാവിയും തൊഴിൽ മേഖലയിലെ മാറ്റങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും ശക്തമായ തുടക്കമിട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img