05:46am 10 June 2026
NEWS
ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കും ഇനി സയൻസ് പഠിക്കാം; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം
09/06/2026  10:20 AM IST
nila
ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കും ഇനി സയൻസ് പഠിക്കാം; പുതിയ പദ്ധതിയുമായി വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം

 

 

​ദോഹ: ഖത്തറിലെ ഹ്യുമാനിറ്റീസ് (Literacy and Humanities) സ്ട്രീമിൽ പ്ലസ് ടു/ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ഇനി ഉന്നതവിദ്യാഭ്യാസ രംഗത്ത് സയൻസ്, ടെക്നോളജി വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമുമായി (ABP) സഹകരിച്ച് വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയമാണ് (MOEHE) ഈ ചരിത്രപരമായ പദ്ധതി പ്രഖ്യാപിച്ചത്.
​മന്ത്രാലയത്തിന്റെ ഹയർ എഡ്യൂക്കേഷൻ അഫയേഴ്‌സ് സെക്ടർ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
​പുതിയ പദ്ധതി പ്രകാരം ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമിലെ 'സ്റ്റെം' (STEM - Science, Technology, Engineering, and Mathematics) ട്രാക്കിൽ പ്രവേശനം നേടാം. രാജ്യാന്തര നിലവാരത്തിലുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനം നടത്താനുള്ള യോഗ്യത ലഭിക്കും.
​അക്കാദമിക് ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവയ്ക്ക് പുറമെ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ അടിസ്ഥാന സയൻസ് വിഷയങ്ങളിലുള്ള അറിവും കഴിവും വർദ്ധിപ്പിക്കുന്നതിനാണ് ഈ പ്രോഗ്രാം പ്രാധാന്യം നൽകുന്നത്. ഖത്തറിനകത്തും പുറത്തുമുള്ള പ്രമുഖ സർവ്വകലാശാലകളുമായി അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാമിനുള്ള പങ്കാളിത്തം വഴി, വിദ്യാർത്ഥികൾ ഇവിടെ ചെലവഴിക്കുന്ന ഒരു വർഷം അവരുടെ സർവ്വകലാശാലാ പഠനത്തിന്റെ ഭാഗമായിത്തന്നെ അംഗീകരിക്കപ്പെടും.
​ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ ഉന്നതപഠന സാധ്യതകൾ വിപുലീകരിക്കുന്നതിനും രാജ്യത്തിന് ആവശ്യമുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി വലിയൊരു തന്ത്രപ്രധാന ചുവടുവെപ്പാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹാരിബ് മുഹമ്മദ് അൽ ജാബ്രി പറഞ്ഞു. അറിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഖത്തറിന്റെ ലക്ഷ്യങ്ങൾക്ക് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​മന്ത്രാലയവുമായുള്ള ഈ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നുനൽകുന്നതാണെന്ന് അക്കാദമിക് ബ്രിഡ്ജ് പ്രോഗ്രാം ഡയറക്ടർ ഡോ. സഹീം ഖലഫ് അൽ തമീമി വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാൻ വിദ്യാർത്ഥികളെ ഈ കോഴ്സ് പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഹൈസ്‌കൂൾ ഡിപ്ലോമയിൽ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം എന്നതാണ് ഈ പദ്ധതിയിലേക്കുള്ള പ്രവേശന യോഗ്യത. കൂടാതെ ഐ.ഇ.എൽ.ടി.എസ് (IELTS) പരീക്ഷയിൽ കുറഞ്ഞത് 4.5 ബാൻഡ് സ്കോർ ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിലെ പ്ലേസ്‌മെന്റ് ടെസ്റ്റുകൾ പാസാകുന്നവർക്ക് അംഗീകൃത പ്രവേശന സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി, വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് യുവതലമുറയെ പ്രാപ്തരാക്കുകയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img