01:33am 13 November 2026
NEWS
ഗാസയിലെ മാനുഷിക പ്രതിസന്ധി: നിർണ്ണായക സഹായവുമായി ഖത്തർ
17/03/2026  06:04 PM IST
nila
ഗാസയിലെ മാനുഷിക പ്രതിസന്ധി: നിർണ്ണായക സഹായവുമായി ഖത്തർ

 

 

​ഗാസ സിറ്റി: 2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഉടലെടുത്ത അതിരൂക്ഷമായ മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ നൽകുന്ന സഹായങ്ങൾ നിർണ്ണായകമാകുന്നു. ഭക്ഷണക്ഷാമം, ശുദ്ധജല ദൗർലഭ്യം, പാർപ്പിടമില്ലായ്മ എന്നിവ നേരിടുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമേകുന്ന വിപുലമായ പദ്ധതികളാണ് ഖത്തർ നടപ്പിലാക്കുന്നത്.
​വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ തന്നെ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി അടിയന്തര ഇടപെടലുകളാണ് ഖത്തർ ഗാസ റീ കൺസ്ട്രക്ഷൻ കമ്മിറ്റി വഴി നടത്തുന്നത്.2025-ന്റെ തുടക്കം മുതൽ ഇതുവരെ 2.65 ലക്ഷത്തിലധികം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. റമദാൻ മാസത്തോടനുബന്ധിച്ച് 80,000 പ്രത്യേക കിറ്റുകളും നൽകി.ഭവനരഹിതരായ കുടുംബങ്ങൾക്കായി 80,000 ടെന്റുകളും 30,000 ടാർപോളിനുകളും വിതരണം ചെയ്തു. ഇതിലൂടെ 4 ലക്ഷത്തോളം പേർക്ക് സുരക്ഷിതമായ ഇടം ലഭിച്ചു. കൂടാതെ തണുപ്പിനെ പ്രതിരോധിക്കാൻ 4 ലക്ഷത്തിലധികം ശൈത്യകാല വസ്ത്രങ്ങളും കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങളും എത്തിച്ചു.
തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമായി വൻതോതിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഏകദേശം 3.72 ലക്ഷം ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്ത് 100 കിലോമീറ്ററോളം റോഡുകൾ സഞ്ചാരയോഗ്യമാക്കി. ഇത് ആംബുലൻസുകൾക്കും ശുദ്ധജല ടാങ്കറുകൾക്കും ദുരന്തബാധിത മേഖലകളിലേക്ക് വേഗത്തിൽ എത്താൻ സഹായകമായി.ഗാസയുടെ വിവിധ ഭാഗങ്ങളിലായി 30 കിണറുകൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള പദ്ധതി ആരംഭിച്ചു. പത്തുലക്ഷം ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും.തകരാൻ സാധ്യതയുള്ള 200-ഓളം കെട്ടിടങ്ങളിലെ കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്ത് കാൽനടയാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കി.
​ഗാസയിലെ ജനങ്ങളുടെ ആവശ്യാനുസരണം കൂടുതൽ പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്ന് ഖത്തർ ഗാസ റീ കൺസ്ട്രക്ഷൻ കമ്മിറ്റി മീഡിയ ഓഫീസർ അബ്ദുറഹ്മാൻ അൽ ഖൽദി അറിയിച്ചു. നിലവിൽ ആധുനിക യുഗത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തങ്ങളിലൊന്നിലൂടെയാണ് ഗാസ കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്രസഭയും വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img