01:42am 29 June 2026
NEWS
മനുഷ്യ-വന്യജീവി സംഘർഷം: ശാസ്ത്രീയമാകണം; രാഷ്ട്രീയമാകരുത്
28/06/2026  08:46 AM IST
എ.വി സോമി, രാജകുമാരി
മനുഷ്യ-വന്യജീവി സംഘർഷം: ശാസ്ത്രീയമാകണം; രാഷ്ട്രീയമാകരുത്
കേരള ജനത ഒട്ടാകെയും, പശ്ചിമഘട്ട മലയോര നിവാസികൾ പ്രത്യേകിച്ചും നേരിടുന്ന വന്യജീവി ആക്രമണം,  ഇന്ന് അതിരൂക്ഷമായ രീതിയിൽ കേരളമൊട്ടാകെ വ്യാപിക്കുമ്പോൾ, വിവിധ കേന്ദ്രങ്ങളിൽ നിന്നും വരുന്ന വ്യത്യസ്തമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, ഇന്ന് കേരള സമൂഹവും ഭരണാധികാരികളും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വലിയ ഒരു പാരിസ്ഥിതിക സാമൂഹ്യ വിഷയം തന്നെയാണ്. ഈ സംഘർഷം എങ്ങനെ പരിഹരിക്കാം എന്ന ചോദ്യം ജനങ്ങളെയും സർക്കാരിനെയും ഒരേപോലെ കുഴയ്ക്കുന്നു. ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താനോ നിർദ്ദേശിക്കാനോ ആർക്കും കഴിയുന്നില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോഴൊക്കെ സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അനാസ്ഥ കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് വിമർശിക്കുകയും ചെയ്ത യുഡിഎഫ് ഇന്ന് ഭരണപക്ഷത്താണ്. എന്നാൽ വന്യജീവികളുടെ ആക്രമണം  തുടരുക തന്നെ ചെയ്യുന്നു. ഇതിന് മറുപടിയായി ഇന്നത്തെ മന്ത്രി നടത്തിയ ഒരു പ്രസ്താവന, വന്യജീവികളുടെ അക്രമണം തടയാൻ തങ്ങളുടെ കൈവശം ഒറ്റമൂലി ഒന്നുമില്ല എന്നാണ്. മാറിമാറിവരുന്ന സർക്കാരുകൾ ഈ പ്രശ്‌നത്തെ ഒരു രാഷ്ട്രീയ വിഷയമാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നതിന് ഉദാഹരണമാണ് മേൽ സൂചിപ്പിച്ചത്. 
 
എന്നാൽ ഇത് രാഷ്ട്രീയ വിഷയമല്ല മറിച്ച് ഒരു പാരിസ്ഥിതിക വിഷയമായി കണ്ടുകൊണ്ടാകണം പരിഹാരങ്ങൾ കണ്ടെത്തുവാൻ.
2024 ൽ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പാർലമെന്റിലേക്കും, മറ്റ് ഭരണസിരാകേന്ദ്രങ്ങളിലേക്കും നടത്തിയ മാർച്ചും തുടർന്ന് രാജ്യവ്യാപകമായി ഉണ്ടായ കർഷക സമരങ്ങളും, പാർലമെന്റിൽ ഉണ്ടായ പ്രതിഷേധങ്ങളും എല്ലാം ഈ അവസരത്തിൽ ശ്രദ്ധേയമാണ്. കർഷകരുടെ ഈ സമരത്തിലെ പ്രധാന മുദ്രാവാക്യം  മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനത്തിനുള്ളിലെ വന്യജീവി ആവാസവ്യവസ്ഥ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യണം എന്നുള്ളതായിരുന്നു. യഥാർത്ഥത്തിൽ  മനുഷ്യ വന്യജീവി സംഘർഷത്തിന് പ്രധാന കാരണം ഇതിൽ  വ്യക്തമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കുണ്ടായ തകർച്ചയാണ് ഈ സംഘർഷത്തിന് പ്രധാന കാരണം എന്ന് നിരീക്ഷിക്കപ്പെടുന്നത് ശ്രദ്ധേയമാണ്. 
 
 ലോകരാജ്യങ്ങൾ ഇന്ന് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥ വ്യതിയാനം. അന്തരീക്ഷത്തിലെ വർദ്ധിച്ചുവരുന്ന കാർബൺ ഡയോക്‌സൈഡിന്റെയും കാർബൺ മോണോക്‌സൈഡിന്റെയും അളവ്, അന്തരീക്ഷ താപനിലയിലെ വർദ്ധനവ്, കടലിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടിയിട്ടുള്ള അജൈവ മാലിന്യങ്ങൾ, പ്രകൃതിയെ മറന്നു കൊണ്ടുള്ള അനിയന്ത്രിത നിർമ്മാണങ്ങൾ, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, യുദ്ധങ്ങൾ, അശാസ്ത്രീയമായ ഭൂവിനിയോഗം തുടങ്ങിയ ഒട്ടനവധി കാരണങ്ങൾ ഈ കാലാവസ്ഥ വ്യതിയാനത്തിന് പിന്നിലുണ്ട്. ഇതിന്റെ  ദോഷഫലങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കാർഷിക മേഖലയിലാണ് എന്നതിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന കടുത്ത വേനൽ, ക്രമം തെറ്റിയുള്ള മഴ, പ്രളയങ്ങൾ, മണ്ണൊലിപ്പ്, പ്രകൃതിക്ഷോഭങ്ങൾ, കാർഷിക ഉത്പാദനത്തിയിലെ കുറവ് ,കൃഷിയെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയ ഒട്ടനവധി കാരണങ്ങളാൽ കാർഷിക മേഖല പ്രതിസന്ധിയിലാകുകയും കർഷകരെ ദുരിതത്തിൽ ആക്കുകയും ചെയ്യുന്നു. 
 
കൃഷിയോഗ്യമല്ലാതെ വരണ്ട് ഉണങ്ങിക്കിടക്കുന്നതോ, ചതുപ്പായി കിടക്കുന്നതോ ആയിട്ടുള്ള ഭൂമിയുടെ വിസ്തൃതി കൂടി വരികയാണ്. അതുപോലെ തന്നെ വനമേഖലയിലെ ജൈവസമ്പത്തിന്റെ നാശത്തിനും ഈ കാലാവസ്ഥ വ്യതിയാനം കാരണമായിട്ടുണ്ട്. കരിഞ്ഞുണങ്ങിയ പുൽമേടുകളും, ഷോലവനങ്ങളും വറ്റിവരണ്ടുകൊണ്ടിരിക്കുന്ന നീരുറവകളും, പുഴകളും, തടാകങ്ങളും, വൃക്ഷാവരണത്തിൽ  വന്നിരിക്കുന്ന ശോഷണവും, അധിനിവേശ സസ്യങ്ങളുടെ വ്യാപനവും എല്ലാം വനമേഖലയ്ക്ക് ഉണ്ടാക്കിയിട്ടുള്ള ആഘാതം ചെറുതല്ല. സ്വാഭാവികമായും ജൈവ മേഖലയിൽ ഉണ്ടായിട്ടുള്ള ഈ നാശം വന്യജീവികളുടെ അതിജീവനത്തെ ബാധിക്കുകയും ഭക്ഷണവും വെള്ളവും ലഭ്യമാകുന്ന പുതിയ ആവാസസ്ഥലങ്ങൾ തേടി മൃഗങ്ങൾ വനത്തിന്റെ പുറത്തേക്ക് വ്യാപിക്കുകയും ചെയ്തു വരുന്നു. മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണമാണ് ഇവിടെ പറഞ്ഞു വരുന്നത്, ഇവിടെയാണ് കിസാൻ സഭയുടെ മുദ്രാവാക്യത്തിന്റെ പ്രസക്തി. 
 
വിഛേദിക്കപ്പെടുന്ന ഇടനാഴികൾ 
 
ആഹാരം, വെള്ളം, വിശ്രമം, പ്രജനനം തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട മൃഗങ്ങൾ ഒരു വനമേഖല വിട്ട് മറ്റു മേഖലകളിലേക്ക് സഞ്ചരിക്കുന്നത് സാധാരണമാണ്. എന്നാൽ വനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തരം വന്യജീവി ഇടനാഴികൾ പല കാരണങ്ങളാൽ വിഛേദിക്കപ്പെടുകയും മ്യഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം കോറിഡോറുകളിൽ കൃഷി, അനുബന്ധ നിർമാണങ്ങൾ, ഗതാഗതം, വിനോദസഞ്ചാരം, വികസനപ്രവർത്തനം, ഖനനം തുടങ്ങിയവ വർദ്ധിച്ചുവരുന്നുണ്ട്. തൽഫലമായി വന്യമൃഗങ്ങൾക്ക് ഒരു വനമേഖല വിട്ട് മറ്റൊരു മേഖലയിലേക്ക് സഞ്ചരിക്കാൻ  കഴിയാതെ വരുകയും മൃഗങ്ങൾ അതാത് തുണ്ട് വനമേഖലകളിലും സമീപപ്രദേശങ്ങളിലും ചുറ്റി സഞ്ചരിക്കുകയും ചെയ്തു വരുന്നു. ഇത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷത്തിന്റെ മറ്റൊരു കാരണമാണ്. ഇങ്ങനെ നഷ്ടപ്പെടുന്ന കോറിഡോറുകൾ സംബന്ധിച്ച് ലോകത്ത് ആകെ തന്നെ ചർച്ചകൾ നടന്നു വരുന്നത്  ഇതിന്റെ ഗൗരവം എത്രയെന്ന് കാണിക്കുന്നതാണ്. ഐക്യരാഷ്ട്ര സംഘടന ഈ വിഷയം സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളും നിർദേശങ്ങളും ലോകരാഷ്ട്രങ്ങൾക്ക്  നല്കി വരുന്നുണ്ട്.
 
അനിയന്ത്രിത ടൂറിസം
 
ഒരു നാടിന്റെ വികസന മുന്നേറ്റത്തിൽ വിനോദസഞ്ചാര മേഖലയുടെ പങ്ക് വളരെ വലുതാണ്. പശ്ചിമഘട്ടത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എല്ലാം തന്നെ വനവും, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും എല്ലാമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരത്തിന് കൊടുക്കുന്ന അതേ പ്രാധാന്യം വനം-വന്യജീവി  സംരക്ഷണത്തിനും കൊടുക്കേണ്ടതുണ്ട്. കേരളത്തിലെ പല വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും  സമിപ പ്രദേശങ്ങളിലും, വന്യജീവികൾ വന്നു പോകുന്ന മറ്റ് വനമേഖലകളിലും വിനോദസഞ്ചാരത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന   റിസോർട്ടുകളും, വ്യാപാര സ്ഥാപനങ്ങളും, ഖനനം ഉൾപ്പെടെയുളള മറ്റ് നിർമ്മാണങ്ങളും വനത്തിനും വന്യജീവി ആവാസവ്യവസ്ഥയ്ക്കും വലിയ ക്ഷതമാണ് ഉണ്ടാക്കുന്നത്. ഇവിടെയാണ് ബഫർ സോണിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. വന്യജീവികളെ ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷണ അവശിഷ്ടങ്ങളും, മറ്റ്  മാലിന്യങ്ങളും  ഈ പ്രദേശത്ത് നിക്ഷേപിക്കപ്പെടുമ്പോൾ വന്യജീവികൾ സ്വാഭാവികമായും ഇവിടെയേക്ക് ആകർഷിക്കപ്പെടും. കൂടാതെ അശ്രദ്ധമായി വന്യജീവികളെ അടുത്തു കാണുന്നതിനും ഫോട്ടോ, വീഡിയോ മുതലായവ ചിത്രീകരിക്കുന്നതിന് ശ്രമിക്കുന്നതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
 
വനത്തിനുള്ളിലെ മനുഷ്യ സാന്നിധ്യം ചെറുതായി കാണാൻ കഴിയുന്നതല്ല. പല വനമേഖലകളിലും നിയന്ത്രണമില്ലാതെ മനുഷ്യർ വനത്തിൽ  പ്രവേശിക്കുന്നതും ട്രക്കിംഗ്, ഓഫ് റോഡ് സഫാരി തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നവരും മൃഗങ്ങളുടെ സ്വതന്ത്ര വിഹാരത്തിന് തടസ്സമാകുകയും, മൃഗങ്ങളെ  പ്രകോപിപ്പിക്കാൻ  ഇടയാക്കുകയും ചെയ്യുന്നുണ്ട്. 
 
വന അതിർത്തികളിലെ കൃഷി രീതികൾ പരിശോധിക്കേണ്ടതായിട്ടുണ്ട്. വന്യജീവികളെ  ആകർഷിക്കുന്ന തരത്തിലുള്ള വാഴ, പൈനാപ്പിൾ, കരിമ്പ്, തെങ്ങ് തുടങ്ങിയ കൃഷി രീതികൾ നിയന്ത്രിക്ക പ്പെടേണ്ടതാണ്. ഇതിൽ കർഷകരെ കുറ്റപ്പെടുത്താൻ നമുക്കാവുകയില്ല, മറിച്ച് സർക്കാർതലത്തിലോ പ്രാദേശിക ഭരണ സംവിധാനത്തിലോ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നതിനുളള പ്രധാനപ്പെട്ട ഏതാനും കാരണങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. പ്രാദേശികവും ഭൂമിശാസ്ത്രപരമായിട്ടുളള മറ്റ് ഒട്ടനവധി കാരണങ്ങൾ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത രീതിയിൽ നിലനിൽക്കുന്നുണ്ട്.
 
പരിഹാരം എങ്ങനെ?
 
വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്ന സാഹചര്യങ്ങളിലൊക്കെ ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ പൊതു സമൂഹത്തിൽ നടന്നുവരുന്നുണ്ട്. എന്നാൽ ശാശ്വതമായ  പരിഹാര നിർദ്ദേശങ്ങൾ വളരെ വിരളമായിട്ടേ കാണാറുള്ളൂ. വളരെ ശാസ്ത്രീയമായും, ദീർഘവീക്ഷണത്തോടെയും അല്ലാതെ വന്യജീവി പ്രശ്‌നങ്ങൾ സമീപിക്കുന്നതിൽ അർത്ഥമില്ല. 
 
വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണവും, വെള്ളവും വനത്തിനുള്ളിൽ തന്നെ ലഭ്യമാക്കുക എന്നതാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടത്. എന്നാൽ കേരളത്തിലും പ്രത്യേകിച്ച് മലയോര മേഖലയിലെ വനമേഖലകളിലും ഇതിന് പരിമിതികൾ ഏറെയാണ്. വലിയ ചെങ്കുത്തായ മലകളും പാറക്കെട്ടുകളും നിറഞ്ഞ കേരളത്തിലെ വനങ്ങളിൽ ഗതാഗതം അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ ഉൾകാടുകളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നതിൽ തടസ്സങ്ങൾ ഏറെയാണ്. ആയതിനാൽ വനത്തിനുള്ളിലെ നീർച്ചാലുകൾ സംരക്ഷിച്ചും, ചെക്ക് ഡാമുകൾ നിർമ്മിച്ചും, കാട്ടുതീ പടരാതെ പുൽമേടുകളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്ത് ഇതിനു പരിഹാരം കണ്ടെത്താൻ സാധിക്കും. വനപാലകർ മുൻകൈയെടുത്ത് വനത്തിനുള്ളിൽ ജൈവ ഡാമുകൾ (ബ്രഷ് വുഡ്) നിർമ്മിക്കാൻ സമീപകാലത്ത് നടത്തിയ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. 
 
 വനത്തിനുള്ളിൽ അനിയന്ത്രിത സഞ്ചാരം, ട്രക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയവ നിയന്ത്രിക്കപ്പെടണം. വനത്തെയും വന്യജീവികളെയും അടുത്ത് അറിയുന്നതിനും പഠന വിധേയമാക്കുന്നതിനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടൂറിസം കേന്ദ്രങ്ങൾ മാത്രം പ്രയോജനപ്പെടുത്തണം. മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും നിക്ഷേപിക്കുന്നത് പൂർണമായും തടയുകയും വേണം. 
 
പ്രതിരോധപ്രവർത്തനങ്ങൾ
 
പൂർണ്ണമായും ഫലപ്രദമല്ല എങ്കിലും വന്യജീവി ആക്രമങ്ങൾ പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. വനത്തിന് വെളിയിൽ ഇറങ്ങുന്ന ആന, കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളെ വനത്തിലേക്ക് തന്നെ തിരിച്ചയക്കുക എന്നതാണ് ഏറ്റവും ഉചിത മാർഗം. ശബ്ദമുണ്ടാക്കിയും പ്രതിരോധം തീർത്തും പലപ്പോഴും  ഇത് ചെയ്തുവരുന്നുണ്ട്. കൂടുതൽ അപകടകരമായ അവസ്ഥയിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന കടുവ, പുലി തുടങ്ങിയ മൃഗങ്ങളെ കൂടു സ്ഥാപിച്ച് പിടികൂടിയും സ്ഥലത്തുനിന്നും നീക്കം ചെയ്ത് വരുന്നുണ്ട്.   
 
വനാതിർത്തികളിൽ ട്രഞ്ച്, സോളാർ ഫെൻസിങ് മുതലായവ നിർമ്മിക്കുന്നത് കൂടുതൽ ഫലപ്രദമാണ്. കേരളത്തിലെ മിക്ക വനമേഖലകളിലും ഇത് ഫലപ്രദമായി നടപ്പിലാക്കി വരുന്നുണ്ട്. കൂടാതെ  ജൈവവേലികൾ സ്ഥാപിക്കുന്നതും ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. വന്യജിവി ആക്രമണം ഉണ്ടാകാൻ സാധ്യതയുളള മേഖലകളിൽ വെളിച്ചം. നിരിക്ഷണ ക്യാമറ മുതലായവ സ്ഥാപിച്ചും, എ ഐ പോലുളള സാങ്കേതികവിദ്യകൾ പ്രയാജനപ്പെടുത്തിയും നീരിക്ഷണം കാര്യക്ഷമമാക്കിയാൽ കൂടുതൽ മുൻകരുതലുകൾ എടുക്കാൻ സാധിക്കും.
സംസ്ഥാനത്ത് വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് ആർ ആർ ടികൾ (ഞമുശറ ഞലുെീിലെ ഠലമാ)പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഇത് പൂർണ്ണരൂപത്തിൽ പ്രവർത്തനക്ഷമം അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലെ കുറവ് പ്രധാനമാണ്. ആർ ആർ ടിക്കായി പ്രത്യേക തസ്തികകൾ രൂപീകരിച്ചും, ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയും, വാഹനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. വനപാലകരുടെയും വനത്തിൽ താമസിക്കുന്ന ആദിവാസികളുടെയും, വനാതിർത്തിയിൽ താമസിക്കുന്നവരും ക്യഷിക്കാരുമായിട്ടുളളവരുടെയും പ്രദേശിക അറിവുകളും അനുഭവങ്ങളും അതാതു മേഖലകളിൽ പ്രയോജനപ്പെടുത്തുന്നത് ഗുണകരമാണ്.
 
വന്യജീവികൾ മൂലം ഉണ്ടാകുന്ന മറ്റ് നാശനഷ്ടങ്ങൾ ഇവിടെ പരാമർശിക്കാതെയിരിക്കാൻ കഴിയില്ല. ക്യഷിക്ക് പുറമെ വീട്, വാഹനങ്ങൾ,വളർത്തു മൃഗങ്ങൾ മുതലായ നാശനഷ്ടങ്ങൾ വിവരണാതീതമാണ്. വർഷംതോറും കോടികണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഇത്തരത്തിൽ ഉണ്ടാകുന്നുണ്ട്. .ഇത്തരം നാശനഷ്ടങ്ങൾക്ക് വളരെ പരിമിതമായ നഷ്ടപരിഹാരത്തുകയാണ് നൽകിവരുന്നത്.  ഇത് പരിശോധിക്കണം. കർഷകർക്ക് ഉണ്ടായ യഥാർത്ഥ നഷ്ടം കണക്കാക്കി നഷ്ടം നൽകാൻ കഴിയണം. കാലാനുസൃതമായി   ഇത് പരിഷ്‌കരിക്കുകയും വേണം.
 
എണ്ണം നിയന്ത്രിക്കുന്നത് പ്രായോഗികമോ ?
 
വന്യജിവികളുടെ   എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. വനത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി മാത്രം മൃഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം എന്നതാണ് ഇവിടെ ആവശ്യം. വനത്തിന്റെ വാഹക ശേഷി(ഇമൃൃശിഴ ഇമുമരശ്യേ) മാനദണ്ഡമായി കണക്കാക്കി ഇത് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ വന്യജീവികളുടെ എണ്ണം സംബന്ധിച്ച് പല അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ വനമേഖലകൾ തമിഴ്‌നാട് കർണാടക സംസ്ഥാനങ്ങളിലെ വനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്തെ മാത്രം കണക്ക് പരിഗണിച്ചാൽ എണ്ണം സംബന്ധിച്ച് ക്യത്യത ലഭിക്കണമെന്നില്ല. എങ്കിലും പന്നി, കുരങ്ങ് എന്നിവയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ട് എന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിക്ക് ഏറെ നാശം വിതയ്ക്കുന്ന കാട്ടുപന്നികളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഡോക്ടർ മാധവ് ഗാഡ്ഗിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. പന്നികളെ വെടിവെച്ചു കൊല്ലുന്നതിന് നിലവിൽ കേരളത്തിൽ ഉപാധികളോടെ അനുവാദം നല്കുന്നുണ്ട്. 
 
എന്നാൽ ഈ ഉത്തരവ് ഫലപ്രദമല്ലായെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.  കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റ് കാലത്ത് ഇതു സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിന് നൽകിയ റിപ്പോർട്ട് ശ്രദ്ധയേമാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമഭേദഗതിയാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ കാട്ടുപന്നി വന്യജീവി സംരക്ഷണ നിയമത്തിലെ  ഷെഡ്യൂൾ കകക യിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഷെഡ്യൂൾ കകക യിലെ മ്യഗങ്ങളെ യഥേഷ്ടം  കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. ഇതിനെ  ഷെഡ്യൂൾ ഢ -ലേക്ക്(ക്ഷുദ്ര ജീവി) മാറ്റിയാൽ ജനങ്ങൾക്ക് യഥേഷ്ടം പിടികൂടുവാനും കൊല്ലുവാനും കഴിയും. നിശ്ചിത കാലയളവിലേക്ക് ഇങ്ങനെ അനുവാദം  നല്കുന്നതിലൂടെ കാട്ടു പന്നികളുടെ എണ്ണം ഒരുപരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമുമ്പ് വിശദമായ പഠനവും വിദഗ്ധരുടെ അഭിപ്രായങ്ങളും തേടേണ്ടതായിട്ടുണ്ട്. 
 
എന്നാൽ കടുവ, പുലി തുടങ്ങിയ മൃഗങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇവ ഭക്ഷണം തേടിയാണ് ജനവാസ മേഖലകളിൽ എത്തുന്നത് എങ്കിലും മനുഷ്യർക്ക് ഏറെ അപകടകാരികളാണ് എന്നതിൽ തർക്കമില്ല. നിരവധി മനുഷ്യജീവനുകൾ ഇതിനോടകം നഷ്ടപ്പെട്ടു കഴിഞ്ഞു. മനുഷ്യജീവന് ഭീഷണി ആയിട്ടുള്ള മൃഗങ്ങളെ കൊല്ലുകയോ ജീവനോടെ പിടികൂടുകയോ ചെയ്യുന്നതിന് വന്യജീവി സംരക്ഷണം നിയമം 1972 സെക്ഷൻ 11 പ്രകാരം സംസ്ഥാന ചീഫ് വൈൽഡ് വാർഡന് അധികാരമുണ്ട്. എന്നാൽ നടപടിക്രമങ്ങൾ നടപ്പിലാക്കിവരുന്നതിൽ ഉണ്ടാകുന്ന കാലതാസം ചിലപ്പോഴൊക്കെ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുന്നുണ്ട്.. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ(ചഠഇഅ) നിബന്ധനകളും, മാർഗ്ഗനിർദേശങ്ങളും അനുസരിച്ച് മാത്രമേ ഇത്തരം മൃഗങ്ങളെ കൊല്ലുകയോ, കൂടുവച്ച്   പിടിക്കുകയോ ചെയ്യാവൂ. ചഠഇഅ യുടെ ഇത്തരം നിബന്ധനകളാണ് പലപ്പോഴും രക്ഷാപ്രവർത്തനത്തിന് കാലതാമസം വരുത്തുന്നത്. മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട പ്രാധാന്യം മുന്നിൽകണ്ട് ആവശ്യമായ ഭേദഗതികൾ നിയമത്തിൽ വരുത്തി കൂടുതൽ സുതാര്യവും വേഗത്തിലും ഇത് നടപ്പിലാക്കാൻ കഴിയണം.
 
മരണനിരക്ക്
 
കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവരുടെയും  മുറിവോ അംഗവൈകല്യമോ സംഭവിക്കുന്നവരുടെയും  എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.2020 മുതൽ 2025 വരെയുളള  മരണനിരക്ക് പരിശോധിച്ചാൽ കാട്ടാന  ആക്രമണത്തിൽ ഇന്ത്യയിൽ  ആകെ 2869 മരണങ്ങൾ  ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുളള സംസ്ഥാനങ്ങളുടെ വിവരങ്ങൾ  ചുവടെ ചേർക്കുന്നു.
 
1. കേരളം 120
2. കർണാടക 160
3. തമിഴ്‌നാട് 256
4. ഒറിസ 624
 
കടുവയുടെ ആക്രമണത്തിൽ ഇന്ത്യയിൽ ആകെ 378 മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
 
1. കേരളം 6
2. തമിഴ്‌നാട് 6
3. കർണാടക 12
4. മഹാരാഷ്ട്ര 218
 
കേരളത്തിലെ കഴിഞ്ഞ അഞ്ചു വർഷത്തെ മരണ നിരക്ക്
 
1. ആന 120
2. കടുവ 6
3. പന്നി 38
4. തേനിച്ച 6
5. കാട്ടുപോത്ത് 9
6. പാമ്പ് 169
 
ലഭ്യമായ ഈ കണക്കുകൾ  പരിശോധിച്ചാൽ കേരളത്തിലെ മരണനിരക്ക് താരതമ്യനേ കുറവാണെന്നു കാണാം. മറ്റൊരു ശ്രദ്ധേയമായ കാര്യം പാമ്പു കടിയേറ്റിട്ടാണ് കേരളത്തിൽ മരണങ്ങൾ കൂടുതൽ ഉണ്ടായിട്ടുളളത് എന്നതാണ്. .2026 ലെ ആദ്യ മാസങ്ങളിൽ പാമ്പു കടിയേറ്റുളള മരണങ്ങൾ വർദ്ധിച്ചതായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ മരണങ്ങൾ കൂടുതലും സംഭവിച്ചിട്ടുളളത് നാട്ടുംപുറങ്ങളിലും കൃഷിയിടങ്ങളിലും, വീടിന്റെ പരിസരങ്ങളിലും മറ്റും വച്ചാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ മരണസംഖ്യ ഗണ്യമായി കുറയ്ക്കാൻ കഴിയും. നാമമാത്രമായ ആശുപത്രികളിൽ മാത്രമേ ഇപ്പോൾ ആന്റിവെനം ചികിത്സ ലഭിക്കുന്നുളളു. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇവിടെ വ്യക്തമാകുന്നത്.
 
ജീവനക്കാരെ  കേൾക്കണം
 
 കേരളത്തിലെ വനപാലക സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ഇവിടെ കാണാതെ പോകരുത്. ഏതാണ്ട് ഓടിത്തളർന്ന അവസ്ഥയിലാണ് വനം വകുപ്പ്  ജീവനക്കാർ എന്നതാണ് സത്യം. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനം വനമാണ്. ഇത്രയും വനഭൂമിയും, ഇവിടത്തെ ജീവജാലങ്ങളും സംരക്ഷിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ളത് കേവലം 4,000 ഓളം വരുന്ന ഉദ്യോഗസ്ഥരാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങൾ രൂക്ഷമായ ഈ കാലഘട്ടത്തിൽ ഈ എണ്ണം വളരെ പരിമിതമാണ്. മനുഷ്യജീവൻ സംരക്ഷിക്കപ്പെടണം എന്നതുപോലെ തന്നെ വന്യജീവികളെയും സംരക്ഷിക്കേണ്ട നിയമപരമായ ഉത്തരവാദിത്വം ഇവർക്കുണ്ട്. തീർത്തും അപകടകരമായ സാഹചര്യത്തിലാണ് വനപാലകർ ജോലി നിർവഹിക്കുന്നത്. 2014 ന് ശേഷം എട്ടു വനപാലകർ വന്യജീവികൾ മൂലം  മരണപ്പെട്ടിട്ടുണ്ട്. വനപാലക സമൂഹത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഇവിടെ ആവശ്യം. അതിനായി കൂടുതൽ തസ്തികകൾ ഉണ്ടാക്കി ജീവനക്കാരെ വിന്യസിക്കണം. ആവശ്യമായ പരിശീലനവും ആയുധങ്ങളും, സ്വയം പ്രതിരോധ സംവിധാനങ്ങളും ഏർപ്പെടുത്തണം. തീരപ്രദേശങ്ങളിൽ കടലാക്രമണം ഏതു സമയത്തും ഉണ്ടാകാം എന്നതുപോലെ തന്നെ വനാതിർത്തികളിൽ വന്യജീവി ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. രാത്രിയെന്നോ,പകലെന്നോ വ്യത്യാസമില്ലാതെ നിതാന്ത ജാഗ്രത ഇവിടെ ആവിശ്യമാണ്. ഓടി തളരാനല്ല മറിച്ച് കൂടുതൽ ജാഗ്രതയോാടെ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. നിർഭാഗ്യകരം എന്ന് പറയട്ടെ ഈ മേഖലയിലെ ജീവനക്കാരുടെ അഭിപ്രായങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഭരണകേന്ദ്രങ്ങളിൽ നിന്നും പലപ്പോഴും ഉണ്ടാകുന്നത്. ഇത്  പ്രശ്‌നങ്ങളെ സങ്കീർണ്ണം ആക്കുകയുള്ളൂ. ജീവനക്കാരെ കേൾക്കാൻ സർക്കാർ തയ്യാറാവണം. 
 
വന്യജീവി സംഘർഷ രാഷ്ട്രീയം
 
സമീപകാലത്ത് കേരളത്തെ പിടിച്ചുലച്ച പല രാഷ്ട്രീയ സംഭവവികാസങ്ങളിലും വന്യജീവി സംഘർഷം ഒരു മുഖ്യഘടകമായിത്തന്നെ മാറിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മലയോര മേഖലകളിൽ പല സ്ഥാനർത്ഥികളുടെയും വോട്ടു വിഹിതം നിർണ്ണയിക്കുന്നതിൽ  ഈ പ്രശ്‌നം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വന്യജീവി സംഘർഷം  ഒരു പ്രകൃതിദുരന്തമായി കാണാതെ   രാഷ്ട്രീയ വിഷയമായി നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. എല്ലാം ചർച്ച ചെയ്യുന്ന കൂട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ, വന്യജീവി നിയമങ്ങൾ, കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം, പരിസ്ഥിതി വിരുദ്ധ ശക്തികളുടെ താല്പര്യങ്ങൾ, വന്യജീവികളുടെ അതിജീവനം മുതലായവ ചർച്ച ചെയ്യപ്പെടാതെ പോകരുത്. ടൂറിസം, മാലിന്യ സംസ്‌കരണം മുതലായവ പ്രത്യേകമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം.  തീർച്ചയായും ജനങ്ങളുടെയും പ്രത്യേകിച്ച് കർഷകരും വനാതിർത്തികളിൽ  താമസിക്കുന്നവരും ആദിവാസികളും ആയിട്ടുള്ള സമൂഹത്തിന്റെ ജീവനും സ്വത്തിനും ഒപ്പം വന്യ ജീവികളും  സംരക്ഷിക്കപ്പെടേണ്ടതാണ്. വനവും  വന്യജീവികളെയും സംരക്ഷിച്ചുകൊണ്ട് മാത്രമേ മനുഷ്യരുടെ നിലനിൽപ്പും സുരക്ഷയും നമുക്ക് ഉറപ്പാക്കാൻ കഴിയൂ. രണ്ടും പരസ്പര പൂരകങ്ങളായി മുന്നോട്ടു പോകുന്നതാണ് ഇന്നത്തെ ആവശ്യം. ഒന്നില്ലെങ്കിൽ മറ്റൊന്നില്ല എന്നും  ഇവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഭരണഘടനാപരമായ ഉത്തരാവാദിത്വമാണെന്നും നാം        തിരിച്ചറിയണം.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img