
ബിഎച്ച്ആർഎഫ് ജില്ലാ കമ്മിറ്റി നടത്തിയ ഓണാഘോഷവും പ്രവർത്തക സംഗമവുംമനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘടനം ചെയ്യുന്നു
പെരുമ്പാവൂർ : ഭരണഘടനാപരമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അർഹമായ നീതി ഒരാൾക്കും മനഃപൂർവം നിഷേധിക്കാൻ പാടില്ലെന്നും മനോജ് മൂത്തേടൻ എംഎൽഎ അഭിപ്രായപ്പെട്ടു. ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും പ്രവർത്തക സംഗമവും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മകളെ ഇല്ലാതാക്കാൻ എല്ലാ കാലത്തും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ നന്മകൾ എന്നും ഓർമ്മിക്കപ്പെടുമെന്നതാണ് ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ഐമുറി വെളുത്തമശ്ശേരി മന അങ്കണത്തിൽ നടന്ന പരിപാടിയിൽ ബിഎച്ച്ആർഎഫ് ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ നായർ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്സൺ കെ എസ് സംഗീത മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണികൃഷ്ണൻ, സാഹിത്യകാരൻ സുരേഷ് കീഴില്ലം, മനുഷ്യാവകാശ പ്രവർത്തകൻ ഡി ചന്ദ്രൻ നമ്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു . കൂവപ്പടി ഗ്രാമ പഞ്ചായത്ത് മെമ്പർ ശശികല, പെരുമ്പാവൂർ നഗരസഭ കൗൺസിലർ ബീന രാജൻ, ബി എച്ച് ആർ എഫ് ദേശീയ ചെയർമാൻ അനൂപ് സബർമതി, ഷാജി ഇടപ്പള്ളി , ബിന്ദുമോൾ പി എസ്, വെണ്ണല മോഹൻ, മനോഹരൻ പൗർണമി, വി സുധീർ, ജെൻസി എം ജെ, വിനീത അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു തുടർന്ന് തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഭാരവാഹികളായി ഡോ അനിൽകുമാർ നായർ (ചെയർമാൻ), ഷാജി ഇടപ്പള്ളി (സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.
Photo Courtesy - Google







