കൊച്ചി : സത്താർ ദ്വീപിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സംയുക്ത സ്ഥലപരിശോധനയും അന്വേഷണവും നടത്താൻ ആർ.ഡി.ഒ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, ഡെപ്യൂട്ടി ഡി.എം.ഒ., തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവരെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം ഉദ്യോഗസ്ഥർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് പരിശോധിച്ചും സ്ഥലത്തെ ലോക്സഭ, നിയമസഭാ അംഗങ്ങളുമായി ചർച്ച ചെയ്തും നിയമാനുസരണം തുടർനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
സത്താർ ദ്വീപിലെ പോരായ്മകൾ പരിഹരിച്ച് പരിസരവാസികളുടെ സുരക്ഷിതമായ ജീവിതം ജില്ലാകളക്ടർ ഉറപ്പാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. 114 കുടുംബങ്ങളിലായി ആയിരത്തോളം പേരാണ് സത്താർ ദ്വീപിൽ താമസിക്കുന്നതെന്ന് പരാതിയിൽ പറഞ്ഞു. വികസനവും സുരക്ഷയുമില്ലാത്ത സ്ഥലമാണ് ഇത്. 2006-ലെ സുനാമിയും 2018 ലെ പ്രളയവും ദുരിതങ്ങൾ രൂക്ഷമാക്കി. വൈദ്യുതിയും ശുദ്ധജല സംവിധാനവും ഒഴികെ മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ല. റോഡ് ടാർ ചെയ്യാതെ കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്നു. ആകെയുള്ള പാലത്തിന് ഓട്ടോറിക്ഷ കടന്നു പോകാനുള്ള വീതി മാത്രമാണുള്ളത്. വേലിയേറ്റത്തിൽ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. ഗതാഗത സൗകര്യമില്ലാത്തതിനാൽ ദ്വീപിലെ രണ്ടു ഭിന്നശേഷി കുട്ടികൾക്ക് സ്കൂളിൽപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കുട്ടികളുടെ അമ്മമാർക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നും സത്താർ ദ്വീപ് സ്വദേശി ഫ്രാൻസിസ് പരാതിയിൽ പറയുന്നു.







