08:33am 10 November 2026
NEWS
സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങളെന്ന് കണ്ടെത്തൽ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
01/07/2025  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്വകാര്യ ഫ്ലാറ്റിൽ ഗുരുതര നിയമലംഘനങ്ങളെന്ന് കണ്ടെത്തൽ  അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പത്തനതിട്ട :  കാത്തലിക് കോളേജിന് സമീപമുള്ള പി.റ്റി.സി. വെസ്റ്റേൺ ഗഡ്സ് അപ്പാർട്ട്മെന്റ് എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ വിവിധ സർക്കാർ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിൽ അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. 

ഫ്ലാറ്റ് സമുച്ചയത്തിൽ ദ്രവമാലിന്യസംസ്കരണസംവിധാനം പ്രവർത്തനക്ഷമമല്ലെന്ന് മുൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  മലിനീകരണ നിയന്ത്രണ ബോർഡ് ഫ്ലാറ്റിന് നൽകിയ പ്രവർത്തനാനുമതി 2021 മേയിൽ കാലഹരണപ്പെട്ടു.  സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനമില്ല.  കേരള മുൻസിപ്പാലിറ്റി ആക്റ്റിലെ വിവിധ വകുപ്പുകൾ ലംഘിക്കപ്പെട്ടു.  മുൻസിപ്പൽ സെക്രട്ടറി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകൾ 10 ദിവസത്തിനകം പരിഹരിക്കണമെന്ന് കമ്മീഷൻ പി.റ്റി.സി. ബിൽഡേഴ്സ് എം.ഡി. ക്ക് നിർദ്ദേശം നൽകി.  നടപടി സ്വീകരിച്ചില്ലെങ്കിൽ മുൻസിപ്പാലിറ്റി ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഫ്ലാറ്റ് ഉടമക്കെതിരെ 15 ദിവസത്തിനകം മുൻസിപ്പൽ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.തീപിടുത്തം പോലുള്ള അത്യാഹിതം സംഭവിച്ചാൽ താമസക്കാർക്ക് രക്ഷപ്പെടേണ്ടതിനാൽ ഫ്ലാറ്റിലെ 3 ലിഫ്റ്റുകളും പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കി പ്രവർത്തന സജ്ജമാക്കാൻ കമ്മീഷൻ ബിൽഡർക്ക് നിർദ്ദേശം നൽകി.  ഇല്ലെങ്കിൽ ജില്ലാ ഫയർ ഓഫീസർ ബിൽഡർക്കെതിരെ നടപടിയെടുക്കണം.

മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഫയർ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുടെ നിരാക്ഷേപ പത്രം വാങ്ങിയിട്ടാണോ ഫ്ലാറ്റിന് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയതെന്ന് മുൻസിപ്പൽ സെക്രട്ടറി വിശദീകരിക്കണം.  ഫ്ലാറ്റിന്റെ പ്രവർത്തനാനുമതി 2021 മേയിൽ കാലഹരണപ്പെട്ടതായി നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ച സാഹചര്യത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഇരുവരും 15 ദിവസത്തിനകം സമർപ്പിക്കണം.  നാപ്കിൻ സംസ്കരണ സംവിധാനം നടപ്പിലാക്കാത്തതും ജൈവമാലിന്യ സംസ്കരണ ബിൻ ഉപയോഗിക്കാൻ അനുവദിക്കാത്തതും എൻവയോൺമെന്റൽ എഞ്ചിനീയർ പരിശോധിക്കണം.

ഫ്ലാറ്റ് ഉടമസ്ഥരുടെ അസോസിയേഷൻ 30 ദിവസത്തിനകം രൂപീകരിക്കാൻ ബിൽഡർ നടപടിയെടുക്കണം.  അസോസിയേഷൻ രൂപീകരിക്കുന്നതുവരെ ലിഫ്റ്റ്, മലിനീകരണം, ഫയർ ലിഫ്റ്റ് മുതലായ പൊതു സൗകര്യങ്ങൾ
ബിൽഡർ തന്നെ ചെയ്യണം.

എഗ്രിമെന്റിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ലഭ്യമായില്ലെങ്കിൽ പരാതിക്കാർക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയെ സമീപിച്ച് നഷ്ടപരിഹാരം ഈടാക്കാമെന്നും ഉത്തരവിൽ പറയുന്നു.  കമ്മീഷൻ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശനമായി നടപ്പിലാക്കണം.  സ്വീകരിച്ച നടപടികൾ ഒരു മാസത്തിനകം മുൻസിപ്പൽ സെക്രട്ടറി, എൻവയോൺമെന്റൽ എഞ്ചിനീയർ, ജില്ലാ ഫയർ ഓഫീസർ എന്നിവർ അറിയിക്കണം.  ബിന്ദു വർഗീസ്, സിന്ധു വി. നായർ, അന്നമ്മ ജോർജ് എന്നിവർ സമർപ്പിച്ച പരാതിയിലാണ് നടപടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img