01:02am 10 November 2026
NEWS
തോട്ടം മാനേജർക്കെതിരെ കള്ളക്കേസ് അന്വേഷണചുമതല ഡി വൈ എസ്. പിക്ക് കൈമാറണം മനുഷ്യാവകാശ കമ്മീഷൻ
09/06/2025  10:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തോട്ടം മാനേജർക്കെതിരെ കള്ളക്കേസ്  അന്വേഷണചുമതല ഡി വൈ എസ്. പിക്ക് കൈമാറണം മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി:  തോട്ടം - റിസോർട്ട് മാനേജർക്കെതിരെ  തങ്കമണി എസ്. എച്ച്.ഒ രജിസ്റ്റർ ചെയ്ത ക്രൈം 807 / 24 നമ്പർ കേസ് വ്യാജമാണെന്ന നിഗമനത്തിലെത്തിയ സാഹചര്യത്തിൽ പ്രസ്തുത കേസിന്റെ അന്വേഷണം കട്ടപ്പന ഡി.വൈ.എസ്. പിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.

സത്യസന്ധവും നിഷ്പക്ഷവുമായി അന്വേഷണം നടത്തിയ ശേഷം കേസ് തള്ളേണ്ടതാണെന്ന് ബോധ്യമായാൽ അതിനുള്ള നടപടികൾ ഡി.വൈ.എസ്. പി. സ്വീകരിക്കണം. തുടരന്വേഷണത്തെകുറിച്ചുള്ള റിപ്പോർട്ട്  ആറുമാസത്തിനകം ഹാജരാക്കണം.ജൂലൈ 26 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ കട്ടപ്പന ഡി വൈഎസ്.പിയോ പ്രതിനിധിയോ ഹാജരാക്കണം. ഇടുക്കി പെരുംതൊടി സ്വദേശി ജോസി ജോസഫ് സമർപ്പിച്ച പരാതിയിലാണ് നടപടി.

കഴിഞ്ഞ വർഷം ഡിസംബർ 31 ന് രാത്രി തന്നെ തങ്കമണി സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരു സ്ത്രീയിൽ നിന്നും കള്ള പരാതി എഴുതിവാങ്ങി തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നാണ് പരാതി. കഞ്ഞിക്കുഴി സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ താൻ സിവിൽ കേസ് കൊടുത്തതിന്റെ പ്രതികാര നടപടിയാണ് ഇതെന്നും പരാതിക്കാരൻ അറിയിച്ചു.

പരാതിക്കാരനെതിരെ തെളിവില്ലെന്ന് കട്ടപ്പന ഡി വൈ എസ്.പി കമ്മീഷനെ അറിയിച്ചു. പ്രാഥമികപരിശോധന നടത്താതെ പരാതിക്കാരനെതിരെ തിടുക്കത്തിൽ കേസെടുത്തതായി പരാതിയുയർന്ന സാഹചര്യത്തിൽ  തങ്കമണി ഇൻസ്പെക്ടറെ അന്വേഷണത്തിൽ നിന്നും മാറ്റണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡി വൈഎസ് പി കമ്മീഷനെ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img