
ആലപ്പുഴ : ജൂൺ 22 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ റിമാന്റ് തടവുകാരന്റെ രോഗാവസ്ഥ ബന്ധുക്കളെ അറിയിച്ചില്ലെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട്, ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി എന്നിവർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
മാവേലിക്കര ചെറുകോൽ ജയ്സൻ വില്ലയിൽ ജോസ് മൈക്കിളാണ് മരിച്ചത്. എക്സൈസ് കേസിൽ പിടിയിലായ ജോസ് പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിലായിരുന്നു. ജൂൺ 22 ന് ഉച്ചയ്ക്ക് ജോസ് മരിച്ച വിവരം വീട്ടിൽ അറിയിച്ചു. ബന്ധുക്കൾ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയപ്പോൾ 15 ദിവസമായി ജോസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിക്കൽ ഐ.സി.യു.വിലായിരുന്നുവെന്ന് വിവരം ലഭിച്ചതായി പരാതിയിൽ പറയുന്നു.
ജോസ് ആശുപത്രിയിലാണെന്ന വിവരം ജൂൺ 11 നും 20 നും മാവേലിക്കര, മാന്നാർ പോലീസ് സ്റ്റേഷനുകളിലും മാവേലിക്കര എക്സൈസ് സ്റ്റേഷനിലേക്കും കത്ത് മുഖാന്തിരം അറിയിച്ചിരുന്നതായി ജയിൽ സൂപ്രണ്ട് ബന്ധുക്കളെ അറിയിച്ചതായി പരാതിയിൽപറയുന്നു.
തന്റെ നമ്പർ കൈയിലുണ്ടായിരുന്നിട്ടും നേരത്തെ വിവരം ലഭിച്ച പോലീസുകാരോ എക്സൈസ് ഉദ്യോഗസ്ഥരോ തന്നെ വിവരം ഭാര്യ അറിയിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. ഒന്നര സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നതെന്നും കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗമാണ് ഭർത്താവിന്റെ മരണത്തോടെ നഷ്ടമായതെന്നും പരാതിയിൽ പറയുന്നു. ഭർത്താവിനെ ജീവനോടെ കാണാനുള്ള അവസരം ഇല്ലാതാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും.മരിച്ചയാളുടെ ഭാര്യ കുമാരി ജോസിന്റെ പരാതിയിലാണ് നടപടി.
Photo Courtesy - Google











