
എറണാകുളം : പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചതു കാരണം പെരുമ്പടപ്പ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം മേഖലകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അടിയന്തരമായി പരാതി പരിശോധിച്ച് ജനുവരി 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പള്ളുരുത്തി മരുന്നുകട കുടിവെള്ള ടാങ്കിൽ നിന്നും പൂർണ സജ്ജമായ രീതിയിൽ കുടിവെള്ളം പമ്പ് ചെയ്യണമെങ്കിൽ 12 എം. എൽ.ഡി. ശുദ്ധജലം ആവശ്യമാണ്. എന്നാൽ ഏഴ് എം.എൽ.ഡി ശുദ്ധജലം പോലും ഈ ടാങ്കിലേക്ക് ലഭിക്കുന്നില്ലെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ തമ്പി സുബ്രഹ്മണ്യൻ പറഞ്ഞു. പെരുമ്പടപ്പ്, പള്ളുരുത്തി മേഖലകളിൽ ശുദ്ധജലം ലഭിക്കാത്തതിന്റെ കാരണം ഇതാണെന്നും പരാതിയിൽ പറയുന്നു. ജല അതോറിറ്റി കുടിവെള്ളം നഗരത്തിലേക്ക് വഴി തിരിച്ചു വിടുന്നതു കാരണമാണ് ഈ സാഹചര്യമുണ്ടായതെന്നും പരാതിയിൽ പറഞ്ഞു.
Photo Courtesy - Google










