എറണാകുളം : ചിറ്റൂർ-ചേരാനല്ലൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ബസുകളിൽ മിന്നൽ പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആർ.ടി.ഒക്ക് നിർദ്ദേശം നൽകി.
മത്സരയോട്ടത്തെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉയരുന്ന ബസുകളിൽ യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥർ യാത്ര ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ നിജസ്ഥിതി നേരിട്ട് മനസിലാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കണം.
രണ്ടാഴ്ചക്കിടയിൽ മൂന്ന് അപകടങ്ങളാണ് ഇവിടെയുണ്ടായത്. വീതി കുറഞ്ഞ റോഡായതിനാൽ രണ്ടു ബസുകൾക്ക് ഒരുമിച്ച് സഞ്ചരിക്കാൻ സാധിക്കില്ല. ചിറ്റൂർ ഭാഗത്ത് കാനയുടെ മുകളിലുള്ള സ്ലാബിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. അമിതവേഗതയിൽസഞ്ചരിക്കുന്ന ബസുകളിൽ നിന്നും ചെറുവാഹനങ്ങൾ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണെന്ന് പറയപ്പെടുന്നു. അമിതവേഗം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് പഞ്ചായത്ത് അംഗം കെ.ജി. രാജേഷ് പറഞ്ഞു.
പരാതികളെ കുറിച്ച് ആർ.ടി.ഒ അന്വേഷിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. പഞ്ചായത്ത് അംഗത്തിൽ നിന്നും ആർ.ടി.ഒ വിവരങ്ങൾ ശേഖരിക്കണം. മാർച്ച് 3 ന് രാവിലെ 10 ന് പത്തടിപ്പാലം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ആർ.ടി.ഒ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണം. സിറ്റിംഗിൽ ജോയിന്റ് ആർ.ടി.ഒ. ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.








