01:06pm 13 November 2026
NEWS
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രാഫിക് ലൈറ്റുകളും ക്യാമറകളും കോർപ്പറേഷന് കൈമാറണം മനുഷ്യാവകാശ കമ്മീഷൻ
09/02/2026  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ട്രാഫിക് ലൈറ്റുകളും ക്യാമറകളും കോർപ്പറേഷന് കൈമാറണം  മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി : കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) നിയന്ത്രണത്തിലുണ്ടായിരുന്ന ട്രാഫിക് സിഗ്നലുകളുടെയും ക്യാമറകളുടെയും നിയന്ത്രണം കൊച്ചി മുൻസിപ്പൽ കോർപ്പറേഷന് അടിയന്തരമായി കൈമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദ്ദേശം നൽകി.  

സിഗ്നലുകളുടെയും ക്യാമറകളുടെയും നിയന്ത്രണമുണ്ടായിരുന്ന കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ കരാർ കാലാവധി കഴിഞ്ഞ ഡിസംബർ 31 ന് അവസാനിച്ചതിനെ തുടർന്നാണ് നിയന്ത്രണം തദ്ദേശസ്വയംഭരണ വകുപ്പിന് കൈമാറിയിരുന്നത്. 

കടവന്ത്ര ജംഗ്ഷനിൽ ഉൾപ്പെടെയുള്ള ട്രാഫിക് സിഗ്നലുകളുടെ തകരാറുകൾ കൊച്ചി കോർപ്പറേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  ഇല്ലെങ്കിൽ അപകടങ്ങളും ട്രാഫിക്ക് കുരുക്കുകളും ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും ഉത്തരവിൽ പറഞ്ഞു.  ഇതിനാവശ്യമായ നിർദ്ദേശം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകണം.

വൈറ്റില ജംഗ്ഷനിലെ ക്യാമറയുടെ തകരാറും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പ്രിൻസിപ്പൽ ഡയറക്ടറും സമാനമായ രീതിയിൽ പരിഹരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.  സാങ്കേതികഏജൻസിയായ കെൽട്രോണിന്റെ സഹായത്തോടെ തകരാർ പരിഹരിക്കണം.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പ്രിൻസിപ്പൽ ഡയറക്ടറും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയും മാർച്ച് 3 ന് പത്തടിപ്പാലം റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിന് മുമ്പ് കമ്മീഷൻ ഓഫീസിൽ സമർപ്പിക്കണം.  പ്രിൻസിപ്പൽ സെക്രട്ടറിയുടെ പ്രതിനിധി സിറ്റിംഗിന് ഹാജരാകണം.

വൈറ്റില ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് 6 ദിവസമായി കത്തുന്നില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img